tanker

കൊച്ചി: കൊച്ചി കാക്കനാട് ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിയ്ക്ക് തീപിടിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കളക്ടറേറ്റിന് സമീപമായിരുന്നു സംഭവം. പാലാരിവട്ടം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കറിനാണ് തീപിടിച്ചത്. ടാങ്കറിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രെെവർ വാഹനം റോഡരികിൽ നിർത്തി.

തുടർന്ന് തൃക്കാക്കരയിൽ നിന്ന് ഫയർഫോഴ്‌സെത്തി തീ അണക്കുകയായിരുന്നു. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. പുക കണ്ടപ്പോൾ തന്നെ വാഹനം നിർത്തി ഡ്രെെവർ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കില്ല. എന്നാൽ വലിയ രീതിയിൽ തീയും പുകയും ഉയർന്നത് ആളുകളെ പരിഭ്രാന്തിയിലാഴ്ത്തി.

സമാനമായ സംഭവങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജില്ലയില്‍ രണ്ട് മാസത്തിനിടെ ഇത്തരത്തിൽ ആറ് സംഭവങ്ങള്‍ തുടരെയുണ്ടായതോടെ ജനങ്ങള്‍ക്കിടയില്‍ ആശങ്കയേറി. ജൂലായിൽ ആലുവ ദേശത്ത് വച്ച് ഓടിക്കൊണ്ടിരിക്കെ കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ് ബസിന് തീ പിടിച്ചിരുന്നു. ഡ്രൈവറുടെ സമയോചിത ഇടപെടല്‍ വന്‍ അപകടമൊഴിവാക്കി. കെ.എസ്.ആര്‍.ടി.സി ബസിന്റെ എന്‍ജിനില്‍ നിന്നാണ് തീ പടര്‍ന്നത്.

ജൂലായ് നാലിന് തേവര കുണ്ടന്നൂര്‍ പാലത്തില്‍ രാത്രി ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നെട്ടൂര്‍ സ്വദേശിയായ അമ്മയും മകനുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ മുന്‍വശത്തു നിന്നു പുക ഉയരുന്നതുകണ്ട് വാഹനം നിര്‍ത്തി ഇവര്‍ പുറത്തിറങ്ങി. അതുവഴി വന്ന കുടിവെള്ള ടാങ്കര്‍ നിര്‍ത്തി ജീവനക്കാര്‍ വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി.