terror

ശ്രീനഗർ: ജമ്മു കാശ്മീരിലെ കത്വയിലുണ്ടെന്ന് കരുതുന്ന ഭീകരരുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്. ഉയർന്ന പ്രദേശങ്ങളിൽ നാല് ഭീകരരെ കണ്ടതായുള്ള വിവരങ്ങൾ സ്ഥിരീകരിച്ചിനു പിന്നാലെയാണ് നീക്കം. ഇവരെ കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.

പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മൊഹമ്മദിന്റെ നിഴൽ ഗ്രൂപ്പായ കാശ്മീർ ടൈഗേഴ്സ് അംഗങ്ങളാണ് ഇവർ. അതിർത്തി ഗ്രാമങ്ങളിൽ ശക്തമായ തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഇവരെ കണ്ടെത്താനായില്ല. കത്വയിലെ ഉയർന്ന വനപ്രദേശങ്ങളായ മൽഹാർ, ബാനി, സിയോജ്ധർ എന്നിവിടങ്ങളിലെ ധോക്കുകളിലാണ് ഭീകരരെ അവസാനമാമായി കണ്ടത്. ജൂലായ് എട്ടിന് കത്വയിൽ സൈനിക പട്രോളിംഗിനിടെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജൂനിയർ കമ്മിഷൻഡ് ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ജൂലൈ 15 ന് ദോഡ ജില്ലയിലുണ്ടായ ആക്രമണത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ നാല് സൈനികർ വീരമൃത്യു വരിച്ചു. ജൂൺ 9 നുണ്ടായ റിയാസി ആക്രമണത്തിനുപിന്നിലെ ഭീകരരും ഒളിവിലാണ്. ഇവരുടെയും രേഖാചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.

ജൂൺ 9 ന് റിയാസി ജില്ലയിൽ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന ഏഴ് തീർത്ഥാടകർ ഉൾപ്പെടെ ഒമ്പത് യാത്രക്കാർ ഭീകരർ വെടിവച്ചുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു.

അനന്ത്നാഗിൽ ഏറ്റുമുട്ടൽ:
രണ്ട് സൈനികർക്ക് പരിക്ക്

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഇന്നലെ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് പരിക്ക്.

അഹ്ലൻ ഗഡോളിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. കോക്കർനാഗ് സബ്ഡിവിഷനിലെ വനത്തിൽ സുരക്ഷാ സേന ഭീകരവിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെ ഭീകരർ വെടിവയ്ക്കുകയായിരുന്നു. സുരക്ഷാസേന ഉടൻ തിരിച്ചടിച്ചു.