ടെൽ അവീവ്: ഗാസയിൽ അഭയാർത്ഥികൾ തങ്ങിയ സ്കൂളിന് നേരെയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തിൽ 11 കുട്ടികൾ അടക്കം 93 പേർക്ക് ദാരുണാന്ത്യം. ഇന്നലെ, ഗാസ സിറ്റിയിലെ തബീൻ സ്കൂൾ പരിസരത്തായിരുന്നു സംഭവം. നൂറിലേറെ പേർ കൊല്ലപ്പെട്ടെന്ന് ഹമാസ് ആരോപിച്ചു. അതേസമയം, ഹമാസിന്റെ കമാൻഡ് സെന്ററാണ് തകർത്തതെന്ന് അവകാശപ്പെട്ട ഇസ്രയേൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ സംശയം പ്രകടിപ്പിച്ചു.
മരണസംഖ്യ ഹമാസ് പെരുപ്പിച്ച് കാട്ടുകയാണെന്നും ഏകദേശം 20 ഹമാസ്, ഇസ്ലാമിക് ജിഹാദ് തീവ്രവാദികൾ ഇവിടെ ഒളിവിൽ കഴിഞ്ഞിരുന്നെന്നും ഇസ്രയേൽ സൈന്യം പ്രസ്താവനയിറക്കി. 'കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൂഷ്മമായി നടത്തിയ ആക്രമണത്തിൽ ഇത്രയും നാശനഷ്ടങ്ങൾ ഉണ്ടാവുക എന്നത് അസാദ്ധ്യമാണ്. ആക്രമണം നടന്ന മേഖലയിൽ സ്ത്രീകളോ കുട്ടികളോ ഉണ്ടായിരുന്നില്ല"- ഇസ്രയേൽ സൈന്യം പ്രതികരിച്ചു. സ്കൂൾ, ആശുപത്രി തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലാണ് ഹമാസിന്റെ പ്രവർത്തനമെന്നും ആരോപിച്ചു. സമീപകാലത്ത് സ്കൂളുകൾക്ക് നേരെ ഇസ്രയേൽ നടത്തിയ സമാന ആക്രമണങ്ങളിൽ നൂറുകണക്കിന് പേരാണ് കൊല്ലപ്പെട്ടത്.
അതേസമയം, സ്കൂൾ പരിസരത്ത് തിരിച്ചറിയാൻ ആകാത്ത വിധം മൃതദേഹങ്ങൾ ചിന്നിച്ചിതറി കിടക്കുന്നതിന്റെ ഭീകര ദൃശ്യങ്ങൾ ഹമാസ് പുറത്തുവിട്ടു. മേഖലയിലെ ആശുപത്രികൾ പരിക്കേറ്റവരാൽ നിറഞ്ഞു. ഗാസയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പലായനം ചെയ്തെത്തിയ അഭയാർത്ഥികളാണ് സ്കൂളിൽ കഴിഞ്ഞിരുന്നത്.
ഇവർ പ്രഭാത പ്രാർത്ഥനയ്ക്കായി ഒത്തുകൂടിയപ്പോഴാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. ആരാധനാലയമായി ഉപയോഗിച്ചുവന്ന കെട്ടിടം തകർന്നു.
അപലപിച്ച് രാജ്യങ്ങൾ
ആക്രമണത്തെ ഈജിപ്റ്റ്, ഖത്തർ, സൗദി അറേബ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ അപലപിച്ചു. ഗാസയിലെ സമാധാന ചർച്ചകൾക്ക് തുരങ്കം വയ്ക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ആക്രമണമെന്നും ആരോപിച്ചു.
ഇതിനിടെ, ദെയ്ർ അൽ - ബലാഹ് നഗരത്തിലും മദ്ധ്യഗാസയിലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിലുമുണ്ടായ വ്യോമാക്രമണങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടു. ഗാസയിൽ വെടിനിറുത്തലിനും ഹമാസ് ബന്ദികളാക്കിയവരുടെ മോചനത്തിനുമുള്ള മദ്ധ്യസ്ഥ ചർച്ചകൾ വ്യാഴാഴ്ച മുതൽ പുനരാരംഭിക്കാൻ ഇരിക്കെയാണ് ഇസ്രയേൽ വീണ്ടും ആക്രമണം ശക്തമാകുന്നത്. ഇതുവരെ 39,790ലേറെ പേരാണ് ഗാസയിൽ കൊല്ലപ്പെട്ടത്.