ധാക്ക: ബംഗ്ലാദേശിൽ നോബൽ ജേതാവ് പ്രൊഫ. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരത്തിലേറിയിട്ടും പ്രതിഷേധം കെട്ടടങ്ങിയില്ല.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നിയമിച്ച ഉദ്യോഗസ്ഥരെ പദവിയിൽ നിന്ന് പുറത്താക്കണമെന്ന് വിദ്യാർത്ഥി സംഘടനകൾ ആവശ്യപ്പെടുന്നു. അതിനിടെ,
ഹസീനയുടെ വിശ്വസ്തരായിരുന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസനും സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുൾ റൗഫ് തലൂക്‌ദേറും ഇന്നലെ രാജിവച്ചു.
ധാക്കയിലെ സുപ്രീംകോടതിക്ക് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ ഒരു മണിക്കൂറിനുള്ളിൽ രാജി ആവശ്യപ്പെട്ട് ഉബൈദുൽ ഹസന് അന്ത്യശാസനം നൽകിയിരുന്നു. തുടർന്ന് അദ്ദേഹം രാജിക്കത്ത് പ്രസിഡന്റിന് കൈമാറുകയായിരുന്നു. സുപ്രീംകോടതിയിലെ എല്ലാ ജസ്റ്റിസുമാരും രാജിവയ്ക്കണമെന്നും അതുവരെ സമരം തുടരുമെന്നും പ്രതിഷേധക്കാർ പറഞ്ഞു. ഇന്ത്യയിൽ അഭയംതേടിയ ഹസീന രാജ്യത്തേക്ക് തിരിച്ചെത്തിയാൽ വിചാരണ ചെയ്യണമെന്നും ഇവർ ആവശ്യപ്പെട്ടു.
കീഴ്ക്കോടതികൾക്ക് നേരെയും പ്രതിഷേധം തുടങ്ങി. അതേസമയം, കഴിഞ്ഞ ആഴ്ചത്തെ പ്രക്ഷോഭത്തിനിടെ ധാക്കയിലെ രണ്ട് ജയിലുകളിലായി 12 ലേറെ പേർ കൊല്ലപ്പെട്ടെന്ന് അധികൃതർ വ്യക്തമാക്കി. ആയിരത്തിലേറെ തടവുകാരാണ് ജയിലുകൾ തകർത്ത് പുറത്തുചാടിയത്. ഇവർ മാരകായുധങ്ങൾ കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചു.
പൊലീസുകാർ സമരത്തിൽ
പൊലീസുകാരടക്കം 450ലേറെ പേരാണ് ആഴ്ചകൾ നീണ്ട പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ടത്. തങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെ ജോലി തുടരില്ലെന്ന് കാട്ടി വിവിധ പൊലീസ് യൂണിയനുകൾ സമരം തുടരുകയാണ്. രാജ്യത്തെ പകുതിയിലേറെ പൊലീസ് സ്റ്റേഷനുകൾ മാത്രമാണ് തുറന്നു പ്രവർത്തിക്കുന്നത്. പൊലീസുകാരുടെ ക്ഷാമം മൂലം ഗതാഗത നിയന്ത്രണത്തിനും മറ്റും വിദ്യാർത്ഥികൾ നിരത്തിലിറങ്ങി.
ന്യൂനപക്ഷങ്ങൾ തെരുവിൽ
തങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വത്തിലെ ന്യൂനപക്ഷ വിഭാഗങ്ങൾ ധാക്കയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രക്ഷോഭങ്ങൾക്കിടെ ഹിന്ദു വിഭാഗത്തിൽപ്പെട്ടവരുടെ വീടുകളും ക്ഷേത്രങ്ങളും തല്ലിത്തകർത്തിരുന്നു. ന്യൂനപക്ഷങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ടെന്നും സംരക്ഷിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ബംഗ്ലാദേശ് ജനസംഖ്യയിൽ 8% വരുന്ന ഹിന്ദുക്കൾ സാധാരണ ഹസീനയുടെ അവാമി ലീഗിനെയാണ് പിന്തുണയ്ക്കുന്നത്. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം മുഹമ്മദ് യൂനുസിനോട് എക്സിലൂടെ ആവശ്യപ്പെട്ടിരുന്നു.
ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണം: ആശങ്ക രേഖപ്പെടുത്തി ആർ.എസ്.എസും വി.എച്ച്.പിയും
ഹെൽപ്പ് ലൈൻ തുറന്ന് വി.എച്ച്.പി
ന്യൂഡൽഹി : ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളെ അപലപിച്ചും ആശങ്ക രേഖപ്പെടുത്തിയും ആർ.എസ്.എസും വി.എച്ച്.പിയും. സഹിക്കാൻ കഴിയാത്ത കാര്യങ്ങളാണ് നടക്കുന്നതെന്ന് ആർ.എസ്.എസ് വ്യക്തമാക്കി. ഹിന്ദുക്കൾക്കും ബുദ്ധമത അനുയായികൾക്കും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംഘടനാ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലേ ആവശ്യപ്പെട്ടു. ആരാധാനാലയങ്ങൾ വ്യാപകമായി നശിപ്പിക്കുന്നു. രാജ്യത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും ആഗോള സമൂഹവും ഈ ബുദ്ധിമുട്ട് സമയത്ത് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കൊപ്പം നിൽക്കണമെന്നും അഭ്യർത്ഥിച്ചു. കേന്ദ്രസർക്കാർ അവരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണം.
അമിത് ഷായെ കണ്ട് വി.എച്ച്.പി നേതാക്കൾ
അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു നിവേദനം നൽകി. വി.എച്ച്.പി ഹെൽപ്പ് ലൈനും തുറന്നു. +9111-26103495 നമ്പറിൽ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് വിളിക്കാം. കേന്ദ്രസർക്കാരിന്റെ സഹകരണത്തോടെ സാദ്ധ്യമായ സഹായം ചെയ്യുമെന്നും വി.എച്ച്.പി രാജ്യാന്തര അദ്ധ്യക്ഷൻ അലോക് കുമാർ വ്യക്തമാക്കി.