ലണ്ടൻ: യു.കെയിൽ ഐ.ടി രംഗത്തുൾപ്പെടെ ജോലി തേടുന്നവർക്ക് തിരിച്ചടിയായി തൊഴിൽ വിസകളിൽ നിയമങ്ങൾ കർശനമാക്കുന്നു. കുടിയേറ്റ നടപടികൾ കർശനമാക്കുന്നതിന്റെ ഭാഗമായാണ് ബ്രിട്ടന്റെ നടപടി. ഇതിന്റെ ഭാഗമായി വിദേശികളായ ഐ.ടി, ടെലികോം, എൻജിനിയറിംഗ് പ്രൊഫഷണലുകളെ നിയമിക്കുന്നതിൽ വിസ നിയമങ്ങൾ കർശനമാക്കാനാണ് ബ്രിട്ടന്റെ നീക്കം. വർഷം തോറും ആയിരത്തിലേറെ പേരാണ് ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേക്ക് തൊഴിൽതേടി ബ്രിട്ടനിലേക്ക് ചേക്കേറുന്നത്.
അടിസ്ഥാന ശമ്പള പരിധിയടക്കമുള്ളവയിൽ നിർണായക മാറ്റങ്ങളായിരിക്കും നടപ്പാക്കുക. ഐ.ടി, ടെലി കമ്മ്യൂണിക്കേഷൻസ് , എൻജീനിയറിംഗ് മേഖലകളിലെ പ്രൊഫഷണലുകളുടെ നിയമനത്തിന് അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റിനെ ആശ്രയിക്കുന്നതിന്റെ പിന്നിലെ കാരണങ്ങൾ അവലോകനം ചെയ്യണമെന്ന ആവശ്യപ്പെട്ട് യു.കെ. ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി (എം.എ.സി) അദ്ധ്യക്ഷനായ ബ്രിയാൻ ബെല്ലിന് കത്തയച്ചു.
വൻതോതിലുള്ള വിദേശ റിക്രൂട്ട്മെന്റ് യു,കെയിലെ തൊഴിൽ വിപണിയിലെ തളർച്ചയും നൈപുണ്യമില്ലായ്മയുടെയും പ്രതിഫലനമാണെന്ന് കത്തിൽ പറയുന്നു. തൊഴിൽ ക്ഷാമവും അതിന്റെ കാരണവും കണ്ടെത്തി വിദേശ റിക്രൂട്ട്‌മെന്റിന് പകരം ബദൽ സംവിധാനം എന്തെന്ന് കണ്ടെത്തണമെന്നും കത്തിൽ പറയുന്നു. ഒമ്പത് മാസത്തിന് ശേഷം മൈഗ്രേഷൻ അഡ്വൈസറി കമ്മിറ്റി പഠന റിപ്പോർട്ട് സമർപ്പിക്കും.