virudhar

ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും. സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളെ ബാധിക്കുന്നതാണ് വിഷയമെങ്കിൽ വെള്ളമെന്ന് കടലാസിൽ എഴുതിവച്ചാലും സർക്കാർ പൂച്ചകൾ പേടിച്ചെന്നിരിക്കും. അതിൽ കൊടി ഏതെന്നോ മുന്നണി ഏതെന്നോ ഭേദമില്ല. ആദർശമൊക്കെ പ്രതിപക്ഷത്തിരിക്കുമ്പോൾ പറയാൻ കൊള്ളാം. അത് പ്രവർത്തിക്കാനുള്ളതല്ലെന്ന് ഭരണത്തിലേറുമ്പോൾ തനിയെ മനസിലായിക്കൊള്ളും. അല്ലെങ്കിൽ മനസിലാക്കിപ്പിക്കും!

സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണം സംബന്ധിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ പല നിർദ്ദേശങ്ങളും സർക്കാരിനും ഭരണ- പ്രതിപക്ഷ അദ്ധ്യാപക സംഘടനകൾക്കും സ്വീകാര്യമായി. റിപ്പോർട്ടിന്റെ രണ്ടു ഭാഗങ്ങളും സർക്കാർ അംഗീകരിച്ചു.

പിടിച്ചതിലും വലുത് മാളത്തിലുണ്ടായിരുന്നുവെന്ന് അറിയുന്നത് അപ്പോഴാണ്. സർക്കാർ ശമ്പളം കൊടുക്കുന്ന എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക നിയമനങ്ങൾ പി.എസ്.സി വഴി സർക്കാർ തന്നെ നടത്തണമെന്ന ആവശ്യം തികച്ചും ന്യായം. സ്കൂൾ മാനേജ്മെന്റുകൾ ലക്ഷങ്ങൾ കോഴ വാങ്ങി നിയമനം നടത്തും. അവർക്ക് സർക്കാർ ഖജനാവിൽ നിന്ന് ശമ്പളം കൊടുക്കണം. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും നടപ്പാക്കാത്ത ഈ അനീതീ കേരളത്തിൽ മാത്രം എന്തു കൊണ്ട് തുടരുന്നുവെന്ന ചോദ്യത്തിന് ഉത്തരം തേടി പാഴൂർ പടിപ്പുര വരെയൊന്നും പോകേണ്ടതില്ല.

പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി തീരെ കുട്ടിയായിരുന്ന കാലത്ത്, 1957-ലെ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ കൈ പൊള്ളിച്ച വിഷയമാണ്. ആദ്യ ഇ.എം.എസ് സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയായിരുന്നു കഥാപാത്രം. വിപ്ളവകരമെന്ന് വിശേഷിപ്പിക്കപ്പെട്ട ഒരു ബിൽ അദ്ദേഹം നിയമസഭയിൽ കൊണ്ടു വന്നു. സർക്കാർ ശമ്പളം കൊടുക്കുന്ന സ്വകാര്യ എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ നടത്താൻ സർക്കാരിന് അധികാരം നൽകുന്ന ആ ബിൽ വലിയൊരു ബോംബായിരുന്നു. മോങ്ങാനിരുന്ന നായയുടെ തലയിൽ തേങ്ങാ വീണത് പോലെയായി കാര്യങ്ങൾ. പള്ളിയും പട്ടക്കാരും ഉൾപ്പെടെ സ്വകാര്യ വിദ്യാഭ്യാസ ലോബി മുന്നിട്ടിറങ്ങി നടത്തിയ പ്രക്ഷോഭം ആ സർക്കാരിന്റെ പിരിച്ചുവിടലിന് ഇടയാക്കിയ വിമോചന സമരത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നായി മാറിയ കാര്യം മുതിർന്ന സഖാക്കൾ ഇപ്പോഴും ഓർക്കുന്നത് ഞെട്ടലോടെയാണ്.

ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ സമാന ബോംബ് ദിവസങ്ങൾക്കു മുമ്പ് പുറത്തുവന്നതോടെ കഥ മാറി. അതുവരെ ഖാദർ കമ്മിറ്റി റിപ്പോർട്ട് വേദവാക്യമായി പറഞ്ഞുനടന്നവർ തന്നെ ഞെട്ടി. അദ്ധ്യാപക നിയമനം പി.എസ്.സിക്ക് വിടുന്നില്ലെങ്കിൽ നിയമനത്തിന് സർക്കാർ പ്രത്യേക ബോർഡ് രൂപികരിക്കണമെന്നാണ് റിപ്പോർട്ടിലെ മറ്റൊരു നിർദ്ദേശം. കട പൂട്ടിച്ചേ അടങ്ങൂ! നിർദ്ദേശം അപ്രസക്തമാണെന്നു കാട്ടി റിപ്പോർട്ടിനെ വേണ്ടപ്പെട്ടവർ തന്നെ തള്ളിപ്പറഞ്ഞു. അതും, ക്രൈസ്തവ, എൻ.എസ്.എസ് മാനേജ്മെന്റുകളുടെ കാര്യസ്ഥന്മാർ എതിർപ്പുമായി രംഗത്തെത്തുന്നതിനും മുമ്പ്. അതിൽ കുറഞ്ഞുള്ള പരിഷ്കാരം മതി!

 

'മൂത്തവർ ചൊല്ലും മുതുനെല്ലിക്കയും ആദ്യം കയ്ക്കും,​ പിന്നെ മധുരിക്കും!" മധുരിക്കണമെങ്കിൽ കയ്പുള്ള നെല്ലിക്ക

ആദ്യമേ വലിച്ചെറിയരുത്. അൽപം കയ്പ് സഹിച്ചാണെങ്കിലും കഴിക്കണം. വയനാട്ടിലെ മുണ്ടക്കൈയിലെയും

ചൂരൽമലയിലെയും മനുഷ്യരും മണ്ണും മറ്റ് ജീവജാലങ്ങളും ഒഴുകി ഒലിച്ചു പോയ സംഭവം കേരളം കണ്ട

ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമാണെന്നതിൽ തർക്കമില്ല. പശ്ചിമ ഘട്ടം ഉൾപ്പെടുന്ന കേരളത്തിലെ ഏതു മേഖലയിലും അത്തരം ഉരുൾ പൊട്ടൽ, മണ്ണിടിച്ചിൽ, പ്രളയ ദുരന്തങ്ങൾ ആവർത്തിക്കാമെന്ന ഭൗമ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകൾ,​ മുല്ലപ്പെരിയാർ ഡാം ഏതു നിമിഷവും പൊട്ടാമെന്നും കേരളത്തിലെ അഞ്ച് ജില്ലകൾ വെള്ളത്തിനടിയിലാകുമെന്നുമുള്ള അഭ്യൂഹ പ്രചാരണങ്ങൾ... ഇതൊക്കെ മലയാളിയുടെ ഉറക്കം കെടുത്തുന്നു. അപ്പോഴും, പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്ന നിലപാടിലാണ് ഭരണ,​ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ.

'പശ്ചിമ ഘട്ടം തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തങ്ങളായിരിക്കും. അതിന് നിങ്ങൾ വിചാരിക്കുന്നതു പോലെ യുഗങ്ങളൊന്നും വേണ്ട. നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ അന്ന് നിങ്ങൾക്കു തന്നെ മനസിലാകും" എന്ന് പ്രശസ്ത ഭൗമ,​ പരിസ്ഥിതി ശാസ്ത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിൽ നൽകിയിരുന്ന മുന്നറിയിപ്പ് ഭരണക്കാരും പ്രതിപക്ഷക്കാരും പുച്ഛിച്ചു തള്ളി. അത്തരം പ്രദേശങ്ങളിലെ അനധികൃത നിർമ്മാണങ്ങളെയും ക്വാറികളെയും തൊടാനാവില്ലെന്നതു തന്നെ കാരണം.

രണ്ട് മഹാ പ്രളയങ്ങൾ, നിരവധി പേരുടെ ജീവനെടുത്ത മലയിടിച്ചിലുകൾ, ഉരുൾപൊട്ടലുകൾ... ഇതൊക്കെ തുടർന്നുകൊണ്ടേയിരിക്കുന്നു. പ്രകൃതിയെ കൊന്നതിന് നമ്മൾ ഓരോ മഴക്കാലത്തും പിഴ മൂളേണ്ടിവരുന്നു. ലോകത്തെ എട്ട് പ്രധാന ജൈവ വൈവിദ്ധ്യ സമ്പന്ന സ്ഥലങ്ങളിലൊന്നാണ് പശ്ചിമഘട്ടം. മനുഷ്യരുടെ കൂട്ടായ കൈയേറ്റങ്ങളിൽ അവിടത്തെ ഒട്ടേറെ സസ്യങ്ങളും ജീവജാലങ്ങളും നശിച്ച വേളയിലാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. കേരളം മുതൽ ഗോവ വരെയുള്ള അനധികൃത കൈയേറ്റങ്ങളെയും ക്വാറി മാഫിയകളെയും തകർക്കാൻ പര്യാപ്തമായിരുന്നു ആ റിപ്പോർട്ട്.

ഏറെക്കാലം കേന്ദ്രത്തിലെ ഭരണാധികാരികൾ പൂഴ്ത്തിവച്ച ആ റിപ്പോർട്ട് ഒടുവിൽ വെളിച്ചംകണ്ടത് ഡൽഹി ഹൈക്കോടതി വിധിയിലൂടെയാണ്. പരിസ്ഥിതിലോല മേഖലയിലെ പാറ ഖനനം, പുതിയ ഡാമുകൾ, പുതിയ ജല വൈദ്യുതി പദ്ധതികൾ, പവർ സ്റ്റേഷനുകൾ, മറ്റ് നിർമ്മാണങ്ങൾ തുടങ്ങിയവയെല്ലാം വിലക്കിയ റിപ്പോർട്ടിനെ നമ്മൾ നേരിട്ടത് ആ മേഖലയിലെ ജനങ്ങളെയാകെ കുടിയൊഴിപ്പിക്കാൻ പോകുന്നുവെന്ന പ്രചാരണം ശക്തമാക്കിയാണ്. കേരളം ഉൾപ്പെടെ പശ്ചിമ ഘട്ടത്തിലെ ആറ് സംസ്ഥാനങ്ങൾ ആ റിപ്പോർട്ട് തള്ളി.

തുടർന്ന് കേന്ദ്ര സർക്കാർ നിയോഗിച്ച ഡോ. കസ്തൂരിരംഗൻ കമ്മിറ്റി ഗാഡ്ഗിൽ റിപ്പോർട്ടിനെ ലഘൂകരിച്ചു. പരിസ്ഥിതി

ലോല മേഖല അതിൽ 37 ശതമാനമായി ചുരുക്കി. ആ പ്രദേശങ്ങളിലെ മാത്രം ഖനനവും മണ്ണെടുപ്പും ആഴത്തിൽ കുഴിച്ചുള്ള നിർമ്മാണങ്ങളും വിലക്കിയതോടെ കസ്തുരിരംഗൻ റിപ്പോർട്ടിനും സംഭവിച്ചത് ഗാഡ്ഗിൽ റിപ്പോർട്ടിന്റെ അതേ ദുർവിധി. വരാനുള്ളത് വഴിയിൽ തങ്ങില്ല.

 

വയനാട്ടിലെ ദുരന്ത മേഖലകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി നടത്തിയ നിരീക്ഷണം അവിടെ അവശേഷിച്ച

മനുഷ്യരിലും,​ പ്രകൃതിയുടെയും ജീവന്റെയും പച്ചപ്പ് വീണ്ടെടുക്കാൻ പരിശ്രമിക്കുന്ന സംസ്ഥാന സർക്കാരിനും

നൽകിയ പ്രതീക്ഷകൾ വലുതാണ്. ദുരന്തം കണ്ടറിയാനും ദുരന്തബാധിതരെ സ്വന്തം കരങ്ങളിൽ ചേർത്ത്

ആശ്വസിപ്പിക്കാനും ആദ്ദേഹം കാട്ടിയ ക്ഷമയും സഹാനുഭൂതിയും പ്രശംസനീയം. ദുരന്തഭൂമിയെ കരകയറ്റാനുള്ള

ഭഗീരഥ യത്നത്തിന് കേന്ദ്രത്തിൽ നിന്ന് വലിയൊരു സഹായ ഹസ്തമാണ് കേരളത്തിന്റെ പ്രതീക്ഷ.

നുറുങ്ങ്:

 വയനാട് ദുരന്തത്തിന്റെ പേരിലുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി 25,​000 രൂപ പിഴ സഹിതം ബൈക്കോടതി തള്ളി.

#വെറുതെ ആളാകാൻ നോക്കി. വടി കൊടുത്ത് അടി വാങ്ങി.

(വിദുരരുടെ ഫോൺ: 994610 82210)​