തോപ്പുംപടി: ഓൺലൈൻ തട്ടിപ്പ് ഉൾപ്പെടെയുള്ളവയ്ക്കായി ലാവോസിലേക്ക് മനുഷ്യക്കടത്ത് നടത്തിയ സംഭവത്തിൽ രണ്ടാംപ്രതി പള്ളുരുത്തി കടേഭാഗം കണ്ടത്തിൽ പറമ്പിൽ ബാദുഷയെ (29) തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ നേരത്തെ പള്ളുരുത്തി തങ്ങൾ നഗർ സ്വദേശി അഫ്സർ അഷറഫ് അറസ്റ്റിലായിരുന്നു. നാട്ടിൽ നിന്ന് ഇയാൾ അയയ്ക്കുന്നവരെ ലാവോസിൽ എത്തിയശേഷം തട്ടിപ്പ് കേന്ദ്രത്തിലേക്ക് കൈമാറിയിരുന്നത് ബാദുഷയായിരുന്നു.
ഇരുവരുടെയും വീടുകളിൽ നടത്തിയ പരിശോധനയിൽ മനുഷ്യക്കടത്ത് സംബന്ധിച്ച സുപ്രധാന വിവരങ്ങൾ പൊലീസിന് ലഭിച്ചു. ലാവോസിൽ ഓൺലൈൻ തട്ടിപ്പ് കേന്ദ്രത്തിലുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ നാട്ടിലേക്ക് തിരികെ എത്തിക്കും.
പനമ്പിള്ളി നഗർ ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സിൽ ഷുഹൈബ് ഹസന്റെ പരാതിയിലാണ് അറസ്റ്റ്.