ന്യൂയോർക്ക്: യു.എസ് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ് സഞ്ചരിച്ച വിമാനം സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് അടിയന്തര ലാൻഡിംഗിന് വിധേയമാക്കി. മൊണ്ടാനയിലെ ബോസ്‌മാനിലെ റാലിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ട്രംപ്. യാത്രാ മദ്ധ്യേ ട്രംപിന്റെ സ്വകാര്യ വിമാനം മൊണ്ടാനയിലെ തന്നെ ബില്ലിംഗ്സ് - ലോഗൻ വിമാനത്താവളത്തിലേക്ക് വഴിതിരിച്ചു വിടുകയായിരുന്നു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും മറ്റ് പ്രശ്നങ്ങളൊന്നും നേരിട്ടില്ലെന്നും അധികൃതർ പറഞ്ഞു. ഇവിടെ നിന്ന് മറ്റൊരു സ്വകാര്യ ജെറ്റിലാണ് ട്രംപ് റാലി സ്ഥലത്തേക്ക് തിരിച്ചത്. ബില്ലിംഗ്സിൽ നിന്ന് 150 മൈൽ പടിഞ്ഞാറാണ് ബോസ്‌മാൻ. റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമാണ് മൊണ്ടാന.