ബംഗാളിൽനിന്ന് ഭഗവതി ആകാനാണ് മോക്ഷ മലയാളത്തിൽ വന്നത്. ഭഗവതിയെ സ്വീകരിച്ച പ്രേക്ഷകർക്ക് മുൻപിൽ ചിത്തിനി എന്ന സിനിമയുമായി മോക്ഷ എത്തുന്നു.ബംഗാളി സിനിമയിൽ അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ തമിഴിലും തെലുങ്കിലും നായികയായി സാന്നിദ്ധ്യം അറിയിച്ചു. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്തിനി റിലീസിന് ഒരുങ്ങുന്ന പശ്ചാത്തലത്തിൽ മോക്ഷ സംസാരിക്കുന്നു.
ആരാണ് ചിത്തിനി ?
പൂർണമായി ഹൊറർ ത്രില്ലർ സിനിമയായതിനാൽ ആരായിരിക്കും ചിത്തിനി എന്ന് വെളിപ്പെടുത്താൻ കഴിയില്ല. സിനിമ കാണുമ്പോൾ പ്രേക്ഷകർക്ക് ചിത്തിനിയെ അറിയാം. ഭഗവതി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടപ്പെട്ടതാണ്. രണ്ടാമത്തെ സിനിമയായ ചിത്തിനി വളരെ വലിയ പ്രതീക്ഷ നൽകുന്നു.വീണ്ടും ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമാകുന്നതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.
മലയാളത്തിലും തെന്നിന്ത്യയിലും അഭിനയിക്കുന്നുണ്ടെന്ന് ബംഗാളി സിനിമയിലുള്ളവർക്ക് അറിയുമോ ?
അറിഞ്ഞു തുടങ്ങി. ഇനി കൂടുതൽ അറിയുമെന്ന് കരുതുന്നു. മലയാളത്തിൽ അടുത്ത സിനിമ ഉടൻ ഉണ്ടാകും. സ്ത്രീ കേന്ദ്രീകൃത സിനിമയാണ് . തമിഴിൽ ഒന്നും തെലുങ്കിൽ അഞ്ചും സിനിമയിൽ അഭിനയിച്ചു.
തെലുങ്ക് ചിത്രം അലനാട്ടി രാമചന്ദ്രുഡു ആഗസ്റ്റ് രണ്ടിനാണ് റിലീസ് ചെയ്തത്. പുതിയ ടീം. സിനിമ മികച്ച വിജയം നേടുന്നു.ഇതിന്റെ മലയാള പതിപ്പ് വന്നേക്കും.
മലയാളത്തിലും തെന്നിന്ത്യൻ സിനിമയിലുമാണ് ശ്രദ്ധിക്കുന്നത്. മികച്ച പ്രമേയവും അഭിനയ പ്രാധാന്യമേറിയ കഥാപാത്രവും ലഭിക്കുന്നത് മലയാളത്തിൽ തന്നെ. അതിനാൽ മലയാളത്തിൽ കൂടുതൽ ശ്രദ്ധിക്കുന്നു.
സിനിമ എങ്ങനെയാണ് വാതിൽ തുറന്നത് ?
ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ചിരുന്നു. ഭരതനാട്യം, കുച്ചുപ്പുഡി, ഒഡീസി എന്നിവയെല്ലാം പരിശീലിച്ചിട്ടുണ്ട്. സിനിമയിൽ വരുന്നതിന് മുൻപ് ബാറാക്പൂറിലെ സെന്റ് അഗസ്റ്റിൻ ഡേ സ്കൂളിൽ അദ്ധ്യപികയായിരുന്നു. ഒരു കാർണിവലിൽ ബംഗാളി സംവിധായകൻ റിങ്കോ ബാനർജി കാണുന്നു. കർമ്മ എന്ന സിനിമയുടെ ഒാഡിഷനിൽ പങ്കെടുത്തു. അവിടെ നിന്ന് ആരംഭിച്ചതാണ് യാത്ര.അതിനുമുൻപ് ചില ബംഗാളി സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു.
മലയാളത്തിലെ പോലെ റിയലിസ്റ്റിക് അഭിനയ ശൈലിയാണ് ബംഗാളിയിലും പിന്തുടരുന്നത്. ഭാഷയുടെ കാര്യത്തിൽ മാത്രമേ മാറ്റം ഉള്ളൂ. ഇപ്പോൾ മലയാളം കുഴപ്പമില്ലാതെ സംസാരിക്കും.ഭാഷ ഏതായാലുംകഥാപാത്രമായി മാറാൻ ആത്മാർത്ഥമായി ശ്രമിക്കാറുണ്ട്.തമിഴിലും തെലുങ്കിലുമായി ഒരുങ്ങുന്ന സിനിമയാണ് അടുത്ത റിലീസ്.മലയാളത്തിൽ ചിത്തിനി.
പ്രീത സെൻ ഗുപ്ത എന്ന് വിളിക്കുന്നവരുണ്ടോ ?
ഞാൻ ഇപ്പോൾ മോക്ഷ ആണ്. ഈ പേരാണ് ഇഷ്ടം. പ്രീത എന്ന പേര് ഇഷ്ടമല്ല. ന്യുമറോളജി പ്രകാരം Mokksha എന്നാക്കി. ഇനി മുതൽ എന്നും ഞാൻ മോക്ഷയായിരിക്കും. പ്രീത എന്ന് ഇപ്പോൾ ആരും വിളിക്കാറില്ല.തെന്നിന്ത്യൻ സിനിമകളിൽ അവസരം ലഭിച്ചപ്പോഴാണ് പേര് മാറ്റുന്നതിനെപ്പറ്റി ആലോചിച്ചത്. വ്യത്യസ്തമായ പേര് വേണമെന്ന് തോന്നി. തെന്നിന്ത്യൻ സിനിമയിൽ അഭിനയിച്ചു തുടങ്ങിയതോടെ മോക്ഷ എന്ന പേര് സ്വീകരിച്ചു.