
പാരീസ്: ഒളിമ്പിക്സ് ഫ്രീസ്റ്റൈൽ ഗുസ്തിയിൽ നൂറ് ഗ്രാം ഭാരക്കൂടുതലിനെത്തുടർന്ന് ഫൈനൽ ദിനത്തിൽ അയോഗ്യ ആക്കിയതിനെതിരെ വിനേഷ് ഫോഗട്ട് അന്താരാഷ്ട്ര കായിക കോടതിയിൽ നൽകിയ അപ്പീലിൽ വിധി പറയുന്നത് നീട്ടിവച്ചു. ഇന്നലെ രാത്രിയിൽ വിധി വന്നേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഏറെ സുപ്രധാനമായ വിഷയത്തിൽ വിധി പറയാൻ  ആർബിറ്റേറ്റർ അന്നാബെൽ ബെന്നറ്റ് കുറച്ച് കൂടി സമയമെടുക്കുകയായിരുന്നു. നിലവിലെ വിവരമനുസരിച്ച് ഈ മാസം 13നെ അപ്പീലിൽ അന്തിമ വിധിയുണ്ടാകൂ. കേസ് സംബന്ധിച്ച് കൂടുതൽ രേഖകൾ സമർപ്പിക്കുന്നതിന് ഇന്ന് വൈകുന്നേരം വരെ സമയം അനുവദിച്ചു.
നേരത്തേ വിനേഷിന്റെ അപ്പീലിൽ മൂന്ന് മണിക്കൂറോളം വാദിപ്രതിവാദങ്ങൾ നടന്നു. എല്ലാവരുടേയും ഭാഗം ആർബിറ്റേറ്റർ വിശദമായി കേട്ടു. വിനേഷിനായി ഹാജരായ മുൻ സോളിസിറ്റർ ജനറൽ ഹരീഷ് സാൽവെ കാര്യങ്ങളെല്ലാം കൃത്യമായി ബോധിപ്പിച്ചു.മത്സരങ്ങൾക്കിടയിൽ ചെറിയ ഇടവേളകൾ മാത്രമേയുള്ളൂവെന്നും ഇതുകാരണം ഭാരപരിശോധനയിൽ പരാജയപ്പെടാനുള്ള സാധ്യത വളരെയധികമാണെന്നും സാൽവേ വാദിച്ചു. ഒളിമ്പിക്സ് വില്ലേജും ഗുസ്തി വേദിയും തമ്മിലുള്ള ദൂരം ഉൾപ്പെടെയുളള കാര്യങ്ങൾ സാൽവെ ചൂണ്ടിക്കാട്ടി.
ആദ്യ ദിവസം മൂന്ന് മത്സരങ്ങൾ ജയിച്ച വിനേഷ് തനിക്ക് സംയുക്ത വെള്ളി മെഡലിന് അർഹതുയണ്ടെന്ന് കാട്ടിയാണ് അപ്പീൽ നൽകിയിരിക്കുന്നത്.
യു.എസ് സ്ട്രൈക്കർ മല്ലോറി സ്വാൻസണും ലിൻസെ ഹോറാനും ഗോളാഘോഷത്തിൽ