attack

മുംബയ്: മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന ഉദ്ധവ് വിഭാഗം അദ്ധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ വാഹന വ്യൂഹത്തിന് നേരെ ആക്രമണം. തേങ്ങയും ചാണകവുമുപയോഗിച്ചാണ് കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രവർത്തകരാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച എംഎൻഎസ് അദ്ധ്യക്ഷൻ രാജ് താക്കറെയുടെ കാറിന് നേരെ അടയ്ക്കയും തക്കാളിയും ഉപയോഗിച്ച് ആക്രമണം നടത്തിയതിനുള്ള മറുപടിയാണിതെന്നാണ് എംഎൻഎസ് പ്രവർത്തകർ പറയുന്നത്.ആക്രമണവുമായി ബന്ധപ്പെട്ട് ഇരുപതിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ ഇരുവർക്കും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഉദ്ധവ് താക്കറെയും രാജ് താക്കറെയും തമ്മിൽ നിരന്തരം വാക്ക്‌പോര് നടത്തിയിരുന്നു. മാർച്ചിൽ എംഎൻഎസ് തലവൻ രാജ് താക്കറെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ നടന്ന കൂടിക്കാഴ്ചയെ വിമർശിച്ച് ഉദ്ധവ് താക്കറെ രംഗത്തെത്തിയിരുന്നു. 'ആദ്യം അവർ ബാൽ താക്കറെയുടെ ഫോട്ടോ മോഷ്ടിച്ചു, പക്ഷേ അത് സാരമില്ല, ഇന്ന് അവർ മ​റ്റൊരു താക്കറെയെ മോഷ്ടിക്കാൻ ശ്രമിക്കുകയാണ്, അത് എടുത്തോളൂ. ഞാനും എന്റെ ആളുകളും മതി. മഹാരാഷ്ട്രയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിൽ വോട്ട് കിട്ടില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം. ജനങ്ങൾ ഇവിടെ വോട്ട് ചെയ്യുന്നത് ബാൽ താക്കറെയുടെ പേരിലാണ്. ഈ തിരിച്ചറിവാണ് പുറത്തുനിന്നുള്ള നേതാക്കളെ മോഷ്ടിക്കാൻ ബിജെപിയെ പ്രേരിപ്പിച്ചത്' എന്നായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.