ആലപ്പുഴ: തകഴിയിൽ നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയതായി സംശയം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ തകഴി കുന്നുമ്മ ഭവനത്തിൽ അശോക് (23), തകഴി വിരിപ്പാല രണ്ട് പാറയിൽ തോമസ് (24) എന്നിവരാണ് പിടിയിലായത്. ആലപ്പുഴ പൂച്ചാക്കൽ സ്വദേശിനിയായ യുവതിയുടെ കുഞ്ഞാണ് മരിച്ചത്.
തോമസിന്റെ കാമുകിയായ യുവതി എറണാകുളത്ത് പഠിക്കുകയാണ്. കഴിഞ്ഞ നാലാം തീയതി വീട്ടിൽ വച്ചാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനെന്ന് പറഞ്ഞ് തോമസും സുഹൃത്തായ അശോകും കൂടി കുഞ്ഞിനെ വാങ്ങി. തുടർന്ന് അശോകിന്റെ വീടിനടുത്തുള്ള സ്ഥലത്ത് കൊന്നുകുഴിച്ചുമൂടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
എട്ടാം തീയതി ബ്ലീഡിംഗ് ഉണ്ടായതിനെത്തുടർന്ന് യുവതി ആശുപത്രിയിൽ ചികിത്സ തേടി. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർ ചോദിച്ചപ്പോൾ പ്രസവിച്ച കാര്യം പറഞ്ഞു. കുഞ്ഞിനെ ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായി സംസാരിക്കുകയായിരുന്നു. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾ പിടിയിലായത്. അതേസമയം, കുഞ്ഞിന്റെ മൃതദേഹമാണ് യുവതിയുടെ വീട്ടിൽ നിന്ന് കൊണ്ടുപോയതെന്നാണ് യുവാക്കൾ മൊഴി നൽകിയതെന്നാണ് വിവരം. യുവതി അവിവാഹിതയാണ്. ഇവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.