dosa

ഒരു ദിവസം തുടങ്ങുമ്പോൾ ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് പ്രഭാതഭക്ഷണം. ദോശ, പുട്ട്, അപ്പം, ഇഡ്ഡലി തുടങ്ങിയ ഭക്ഷണങ്ങളാണ് പൊതുവെ മലയാളികൾ രാവിലെ ഉണ്ടാക്കി കഴിക്കുന്നത്. എന്നും ഇവ മാറി മാറി കഴിച്ച് ബോറടിച്ചോ? എന്നാൽ ഒരു സ്പെഷ്യൽ ഗോതമ്പ് ദോശ തയ്യാറാക്കിയാലോ? വെറും അഞ്ച് മിനിട്ടിൽ തയ്യാറാക്കാൻ പറ്റുന്ന ഈ ദോശ ഉണ്ടാക്കുന്ന വിധം നോക്കാം.

ആവശ്യമായ ചേരുവകൾ

ഗോതമ്പ് പൊടി - അരക്കപ്പ്

ഉപ്പ് - പാകത്തിന്

മഞ്ഞൾപ്പൊടി - കാൽ ടീസ്‌പൂൺ

സവാള - ചെറുതായി അരിഞ്ഞത്

കാരറ്റ് - ചെറുതായി അരിഞ്ഞത്

വെള്ളം - ഒരു കപ്പ്

തേങ്ങ ചിരകിയത് - ആവശ്യത്തിന്

പച്ചമുളക് - ഒന്ന് അരിഞ്ഞത്

മല്ലിയില - ആവശ്യത്തിന്

ഉണക്കമുളക് പൊടിച്ചത് - കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന രീതി

ആദ്യം ഒരു പാത്രത്തിലേക്ക് ഗോതമ്പ് പൊടി ഇട്ടതിന് ശേഷം ഇതിലേക്ക് വെള്ളവും ആവശ്യത്തിന് ഉപ്പും തേങ്ങ ചിരകിയതും ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. പിന്നീട് ഇതിലേക്ക് അരിഞ്ഞ് വച്ചിരിക്കുന്ന കാരറ്റ്, സവാള, മല്ലിയില,പച്ചമുളക് എന്നിവ ചേർത്ത് ഒന്നുകൂടി യോജിപ്പിക്കുക. അവസാനം മഞ്ഞൾപ്പൊടിയും ഉണക്കമുളക് പൊടിച്ചതും ചേർത്ത് ഇളക്കി വയ്ക്കാം.

ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ഇതിലേക്ക് എണ്ണയോ നെയ്യോ പുരട്ടുക. ചൂടാകുമ്പോൾ അതിലേക്ക് അൽപം കട്ടിയിൽ തന്നെ തയ്യാറാക്കി വച്ചിരിക്കുന്ന ദോശ മാവ് ഒഴിച്ച് പരത്തുക. നല്ലപോലെ വെന്തതിന് ശേഷം മറിച്ചിട്ടാൽ മതി. അഞ്ച് മിനിട്ടിൽ നല്ല കിടിലൻ സോഫ്റ്റ് ദോശ തയ്യാർ.