ഇസ്‌ലാമാബാദ്: വർഷങ്ങളായി ജാവലിനിൽ എതിരാളിയായ പാക് താരം അർഷാദ് നദീം 92.97 മീറ്റർ എറിഞ്ഞാണ് ഒളിമ്പിക് റെക്കാഡോടെ നീരജ് ചോപ്രയിൽ നിന്ന് സ്വർണം നേടിയെടുത്തത്. ഇപ്പോഴിതാ ജന്മനാട്ടിൽ നദീമിന് വമ്പൻ വരവേൽപ്പാണ് നൽകിയിരിക്കുന്നത്.
രാജ്യത്തിന്റെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ ഹിലാൽ ഇ ഇംതിയാസ് നദീമിന് നൽകി ആദരിക്കാനൊരുങ്ങുകയാണ് പാകിസ്ഥാൻ. പ്രത്യേക ചടങ്ങിലായിരിക്കും നദീമിന് പാക് പ്രസിഡന്റ് പുരസ്‌കാരം സമ്മാനിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
آ گیا شیر۔۔۔۔۔۔🦁🦁🦁 pic.twitter.com/lUFkqC5QJQ
— میاں عامر 🦁 (@LegiMian) August 10, 2024
2008 ബീജിംഗ് ഒളിംപിക്‌സിൽ ഡെൻമാർക്ക് താരം ആൻഡ്രിയാസ് തോർകിൽഡ്‌സെന്നിന്റെ 88.54 മീറ്റർ റെക്കാഡ് തകർത്താണ് നദീം പാരീസിന്റെ താരമായത്. പാരീസ് ഒളിമ്പിക്‌സിൽ നദീം രണ്ടാം ശ്രമത്തിൽ മുന്നിലെത്തിയതോടെ സമ്മർദ്ദത്തിലായ നീരജിന്റെ അഞ്ചു ത്രോകളാണ് ഫൗളായത്. കരിയറിൽ ഇതുവരെ 90 മീറ്റർ കടക്കാൻ നീരജിന് കഴിഞ്ഞിട്ടില്ല. നദീം നേരത്തേയും 90 മീറ്റർ കടന്നിട്ടുണ്ട്. നാലുവർഷം മുമ്പ് 87.58 മീറ്റർ എറിഞ്ഞാണ് നീരജ് അത്‌ലറ്റിക്സിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയത്.
രാജ്യത്തിനായി മെഡൽ നേടിയതിൽ അഭിമാനമുണ്ടെന്നും സ്വർണം പാകിസ്ഥാന്റെ അർഷാദ് നദീമിന് എന്നതായിരുന്നു ദൈവത്തിന്റെ തീരുമാനമെന്നുമാണ് മത്സരത്തിന് പിന്നാലെ നീരജ് പ്രതികരിച്ചത്. അതോടൊപ്പം തന്നെ മികച്ച പ്രകടനം കാഴ്‌ചവച്ച നദീമിനെ നീരജ് അഭിനന്ദിക്കുകയും ചെയ്തിരുന്നു.
മത്സരത്തിന് ശേഷം നീരജ് ചോപ്രയുടെ അമ്മ നടത്തിയ പ്രതികരണവും ഏറെ ശ്രദ്ധ നേടിയിരുന്നു. വെള്ളി മെഡല്‍ നേട്ടത്തെ മികച്ചതായി കാണുന്നു. സ്വര്‍ണം നേടിയ നദീം മകനെപ്പോലെയാണ്. ഓരോ കായികതാരവും ഒരുപാട് കഷ്ടപ്പെട്ടാണ് നേട്ടങ്ങള്‍ സ്വന്തമാക്കുന്നത് എന്നായിരുന്നു നീരജിന്റെ അമ്മയായ സരോജ് ദേവിയുടെ പ്രതികരണം.