school

ഖാദർ കമ്മിറ്റി റിപ്പോർട്ട് വന്നുകഴിഞ്ഞു. അതേക്കുറിച്ചുള്ള ചർച്ചകളും വിശകലനങ്ങളും വിവാദങ്ങളും സജീവമാണ് താനും. സ്‌കൂൾ വിദ്യാഭ്യാസ പരിഷ്‌കരണം സംബന്ധിച്ച സമിതിയുടെ ശുപാർശകൾ ഇന്നല്ലെങ്കിൽ നാളെ നടപ്പാക്കേണ്ടി വരുമെന്ന് കമ്മിറ്റിയുടെ നായകൻ പ്രൊഫ. എം.എ. ഖാദർ തന്നെ പറയുമ്പോൾ നമുക്ക് അത് ലളിതവത്കരിച്ച് തള്ളാനാകുന്നതാണോ? വളരെ ഗൗരവത്തോടെ സമീപിച്ച് ആവശ്യമായ 'ചികിത്സ" ഉറപ്പാക്കേണ്ടല്ലേ?
സമഗ്ര പരിഷ്‌കാരങ്ങൾക്ക് ധീരമായ സമീപനവും നടപടികളും വേണ്ടിവരുമെന്ന ഖാദർ കമ്മിറ്റി അധ്യക്ഷന്റെ വിചാരധാരകൾ നമുക്കു മുന്നിൽ നിരത്തുന്നത് എന്തൊക്കെയാണ്?


ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ എല്ലാ നിർദ്ദേശങ്ങളും പൂർണമായോ പെട്ടെന്നോ നടപ്പിലാക്കാനാകില്ല എന്ന വിദ്യാഭ്യാസ മന്ത്രിയുടെ അഭിപ്രായം പ്രായോഗികമായ പരിമിതികളെ മുൻനിറുത്തിയുള്ളതു തന്നെയാണ്. ഇക്കാര്യത്തിൽ സർക്കാരിന് എടുത്തുചാടി പെട്ടെന്നൊരു തീരുമാനം അസാദ്ധ്യവുമാണ്. അങ്ങനെ ധൃതിപിടിക്കുന്നത് നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ സാരമായി ബാധിക്കുമെന്ന് ഉറപ്പ്. അതേസമയം,​ യാഥാർത്ഥ്യങ്ങൾക്കു നേരെ മുഖംതിരിച്ച് നമുക്ക് എത്രനാൾ നിൽക്കാനാവും എന്നതും ഗൗരവപൂർവം ചിന്തിക്കണം.


കമ്മിറ്റി നിർദ്ദേശങ്ങളിൽ തള്ളേണ്ടതും കൊള്ളേണ്ടതുമുണ്ട്. അവ തിരിച്ചറിഞ്ഞ് ജാഗ്രയോടെ കൈകാര്യം ചെയ്യാൻ അധികാരികളും പൊതുസമൂഹവും തയ്യാറായി മുന്നോട്ടു വരണമെന്നു മാത്രം. ആശാവഹമായ കാര്യം,​ ഡോ. എം.എ. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ തീരുമാനമായിട്ടില്ലെങ്കിലും റിപ്പോർട്ട് അനുസരിച്ചുള്ള ഘടനാപരമായ പരിഷ്‌കാരത്തിന് സർക്കാർ സന്നദ്ധമാണ് എന്നുള്ളതാണ്. പഴഞ്ചൻ വിദ്യാഭ്യാസ സമ്പ്രദായങ്ങൾക്ക് മാറ്റം വരണം. സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും നിലനില്പു ഭീഷണി തത്വത്തിൽ ഭാവിയെ വാർത്തെടുക്കുന്ന വിദ്യാഭ്യാസ നയത്തിൽ കക്ഷി ചേർക്കേണ്ട ഒന്നല്ല.

എയ്ഡഡ് സ്ഥാപനങ്ങളിലെ അദ്ധ്യാപകരെയും അവിടെയുള്ള വിദ്യാർത്ഥികളെയും മാത്രം കണക്കിലെടുത്ത് പരിഷ്‌കാരങ്ങളോട് മുഖംതിരിച്ചാൽ അത് ഭാവിതലമുറയോടുള്ള കടുത്ത അനീതിയാവും. കമ്മിറ്റി ശുപാർശകൾ വളരെ നേരത്തേ നടപ്പാക്കേണ്ടതായുന്നു എന്ന കമ്മിറ്റി അധ്യക്ഷന്റെ ആശങ്കയ്ക്ക് വലിയ അർത്ഥവ്യാപ്തിയുണ്ട്. പ്രഥമമായി,​നമ്മുടെ വിദ്യാഭ്യാസ നിലവാരവും അതിന്റെ ഗുണമേന്മയും വർദ്ധിപ്പിക്കേണ്ടതുണ്ട്. സ്‌കൂൾ വിദ്യാഭ്യാസ പരിഷ്‌കരണം സംബന്ധിച്ചു പഠിച്ച ഡോ. എം.എ. ഖാദർ കമിറ്റിയുടെ റിപ്പോർട്ട് അനവധി മാറ്റങ്ങൾക്ക് ശുപാർശ ചെയ്യുന്നുണ്ട്.

2019 ജനുവരിയിൽ സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിലെ ശുപാർശകൾ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. രണ്ടര വർഷക്കാലം ഉള്ളടക്കം പുറത്തുവിടാതെ സർക്കാർ 'രഹസ്യരേഖ"യായി സൂക്ഷിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിന് 2022 സെപ്തംബറിലാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. അതിലെ ഏറ്റവും വിവാദമായ, സമുദായ സംഘടനകളടക്കം എതിർക്കുന്ന സ്‌കൂൾ സമയമാറ്റ നിർദ്ദേശവും, എയ്ഡഡ് സ്‌കൂൾ നിയമനം പി.എസ്.സിക്ക് വിടുന്നതും സർക്കാർ പരിഗണനയിലില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി ആദ്യമേ പറഞ്ഞുകഴിഞ്ഞു.


പ്രവൃത്തിദിനം ഒന്നാം ക്ളാസ് മുതൽ അഞ്ചാം ക്ളാസ് വരെ ഇരുന്നൂറും,​ ആറാം ക്ളാസ് മുതൽ പന്ത്രണ്ടാം ക്ളാസ് വരെ 220-ഉം ആയി ഉയർത്തണമെന്ന നിർദ്ദേശം ഹൈക്കോടതി റദ്ദാക്കി. മഹാന്മാരുടെ ജന്മദിന അവധികൾക്കു പകരം ക്ലാസ് ഉറപ്പാക്കി അവരുടെ മഹത്തായ സംഭാവനകളെ മുൻനിറുത്തിയുള്ള പഠന പ്രവർത്തനൾക്ക് വിനിയോഗിക്കണം എന്നത് മഹത്തായ നിർദ്ദേശമാണ്. സ്‌കൂൾ പഠന സമയം രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ,​ അഞ്ചാം ക്ളാസ് മുതൽ പന്ത്രണ്ടാം ക്ളാസ് വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു മണി വരെയും പഠന അനുബന്ധ പ്രവർത്തനങ്ങൾ നിർദേശിക്കുന്നുണ്ട്,​ ഖാദർ കമ്മിറ്റി. ശനിയാഴ്ചകൾ സ്വതന്ത്ര ദിനമായി പരീക്ഷണ നിരീക്ഷണങ്ങൾക്കും ലൈബ്രറി വായന, സംഘപഠനം എന്നിവയ്ക്കും നീക്കിവയ്ക്കാമെന്നതും നടപ്പിലായാൽ നല്ല നിർദ്ദേശങ്ങൾ തന്നെ.

പ്രഭാതം ഏറ്റവും മികച്ച പഠനനേരമാണ്. പാശ്ചാത്യ രാജ്യങ്ങളിലെ പഠനസമയ രീതി ഇതിന് ഉദാഹരണങ്ങളാണ്. ഒന്ന്,​ രണ്ട് ക്ളാസുകളിൽ പരമാവധി 25 വീതം കുട്ടികൾ (ഒരു കാരണവശാലും 36-ൽ കൂടരുത്)​,​ മൂന്നാം ക്ളാസിലും നാലാം ക്ളാസിലും 30 കുട്ടികൾ (അതും 36-ൽ കവിയരുത്)​. അഞ്ച്,​ ആറ്,​ ഏഴ് ക്ലാസുകളിൽ 35 കുട്ടികൾ (പരമാവധി 40. അധിക ഡിവിഷനുകൾക്ക് 20 കുട്ടികളെങ്കിലും വേണം)​ എന്നതും,​ എട്ടു മതുൽ 12 വരെ ക്ളാസുകളിൽ 35 വീതം കുട്ടികൾ ( പരമാവധി 45)​ എന്നതും സ്വാഗതാർഹമായ നിർദ്ദോഷ നിർദ്ദേശങ്ങൾ തന്നെ. സ്‌കൂൾ പഠനം മാതൃഭാഷയിലായിരിക്കണം എന്നതും,​ അതേ സമയം കുട്ടികൾ ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിച്ചുവെന്ന് ഉറപ്പാക്കണമെന്നതും ശ്ലാഘനീയമായ നിർദ്ദേശങ്ങളാണ്. എട്ടു മുതൽ 12 വരെയുള്ള ക്ളാസുകളിൽ തൊഴിൽ പരിശീലനം ഉറപ്പാക്കണമെന്നും,​ ലൈംഗിക അവബോധ പാഠങ്ങൾ ഉൾപ്പെടുത്തണമെന്നും നിർദ്ദേശങ്ങളുണ്ട്.


ഹൈസ്‌കൂൾ- ഹയർ സെക്കൻഡറി ലയനം, അദ്ധ്യാപക നിയമനത്തിനുള്ള യോഗ്യത തുടങ്ങിയവ സംബന്ധിച്ച നിർദ്ദേശങ്ങൾ സ്വാഭാവിക നയരൂപീകരണങ്ങൾക്ക് വഴിയൊരുക്കുമെന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം. റിയൽ എസ്റ്റേറ്റ് താല്പര്യത്തോടെ സ്‌കൂളുകൾ നടത്താൻ അനുവദിച്ചു കൂടാ. ഒപ്പം. അദ്ധ്യാപകരുടെ ശേഷി നിലവാരം ഉറപ്പാക്കി,​ അതത് മേഖലകളിൽ ഉന്നതനിലവാരം പുലർത്തുന്ന യോഗ്യതകളുള്ളവരെ മാത്രം നിയമിച്ച് മൂല്യശോഷണം ഒഴിവാക്കേണ്ടതും അനിവാര്യതയാണ്. റിപ്പോർട്ട് അംഗീകരിക്കില്ലെന്ന എയ്ഡഡ് മേഖലയുടെ ആശങ്കകൾ സംയുക്തമായി ചർച്ച ചെയ്ത് പരിഹരിക്കണം. പരിഷ്‌കരണങ്ങളെ അട്ടിമറിച്ച് അനിവാര്യമായ വിദ്യാഭ്യാസ പുരോഗതിക്ക് തടസം നിൽക്കുന്നവരെ നിയമപരമായി നേരിടാനും അധികൃതർ അമാന്തിക്കരുത്.