കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നടത്തിയ പ്രഖ്യാപനമാണ്, 2047-ൽ ഇന്ത്യ വികസിത രാഷ്ട്രമായിത്തീരും എന്നത്. അതായത്, ആ ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ 23 വർഷങ്ങൾ ബാക്കിയുണ്ട്! പക്ഷേ, അതിനകം ചെയ്തുതീർക്കാനുള്ളത് അതികഠിന ദൗത്യങ്ങളാണ്. ഇന്നിപ്പോൾ ലോകത്തെ അഞ്ചാം സാമ്പത്തിക ശക്തിയായ ഭാരതം, 67 വർഷങ്ങൾക്കുള്ളിൽ ജപ്പാൻ, ജർമ്മനി എന്നീ രാജ്യങ്ങളെ കടത്തിവെട്ടി മൂന്നാം സ്ഥാനത്തെത്താനും സാദ്ധ്യതയുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരു പൗരന്റെ പ്രതിവർഷ ശരാശരി വരുമാനത്തിന്റെ കാര്യത്തിൽ ആഗോളതലത്തി നമ്മൾ ഇപ്പോഴും ഏറെ പിന്നിലാണ്. ഇന്ത്യക്കാരുടെ ആളോഹരി വരുമാനം 2500 ഡോളറാണ്. ഇത്തരം പ്രതിശീർഷ വരുമാനമുള്ള രാജ്യങ്ങളെ തരംതിരിച്ചിട്ടുള്ളത്, മദ്ധ്യവരുമാന രാജ്യങ്ങളിൽ താഴേത്തട്ടിൽ വരുന്ന പ്രദേശങ്ങളാണെന്നാണ്. ഒരു വികസിത രാഷ്ട്രം (ഉന്നത വരുമാന രാജ്യം) എന്ന നിലയിലെത്താൻ ആളോഹരി വരുമാനം 15,000 ഡോളറായെങ്കിലും ഉയരേണ്ടതുണ്ട്. ഇക്കഴിഞ്ഞ അഞ്ചു വർഷത്തിനകം ഇന്ത്യയ്ക്ക് നേടാൻ കഴിഞ്ഞത് 450 ഡോളറിന്റെ വർദ്ധനവാണ്.
ഈ സാഹചര്യത്തിൽ ആളോഹരി വരുമാനത്തിൽ അടുത്ത 23 വർഷത്തിനകം നേടേണ്ടത് 12,500 ഡോളറിന്റെ അധിക വർദ്ധനവാണ്. ഭഗീരഥ പ്രയത്നം അനിവാര്യമാകുന്ന വർദ്ധനവാണിത്. ഈ വലിയ ലക്ഷ്യം നേടാനായി സമ്പദ്‌വ്യവസ്ഥയുടെ വലുപ്പം ഇപ്പോഴത്തെ 3.7 ലക്ഷം കോടി ഡോളറിൽ നിന്ന് 26 ലക്ഷം കോടി ഡോളറെന്ന നിലയിൽ ഉയർത്തേണ്ടതുണ്ട്. അതായത്, ഒരു വർഷം രാജ്യത്ത് ഉത്പ്പാദിപ്പിക്കപ്പെടുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും ആകെ മൂല്യം ഏഴു മടങ്ങുകണ്ട് വർദ്ധിപ്പിക്കേണ്ടതുണ്ട്. ഇതിനായി രാജ്യത്തെ സാമ്പത്തിക വളർച്ചയുടെ പ്രതിവർഷ ശരാശരി നിരക്ക് നിലവിലെ 6.7 ശതമാനത്തിൽ നിന്ന് 9 ശതമാനമെന്ന തോതിൽ നിലനിറുത്തിയാലേ ലക്ഷ്യം നേടാനാവൂ.
വ്യവസായവും
കൃഷിയും
ഉത്പാദന വർദ്ധനവും സാമ്പത്തിക വളർച്ചയുംകൊണ്ടു മാത്രം ചെന്നെത്താൻ കഴിയുന്ന തുരുത്തല്ല, വികസിത രാഷ്ട്രമെന്നത്. സാമ്പത്തിക വളർച്ചയോടൊപ്പം തന്നെ അതിന്റെ ഘടനയും ഗുണപരമായ വശങ്ങളും ആശാസ്യമായാലേ വികസിത സ്വർഗത്തിലെത്താനാവൂ. പൊതുവിൽ, സമ്പന്ന രാജ്യങ്ങളിൽ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരുടെ അനുപാതം കുറവും, വ്യവസായ, സേവന മേഖലകളുടെത് ഉയർന്നതുമാണ്. പൊതുവിൽ, ഇത്തരം രാഷ്ട്രങ്ങളിൽ കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നത് 10 ശതമാനം ആൾക്കാർ മാത്രമാണ്. എന്നാൽ നമ്മുടെ രാജ്യത്ത് ഇപ്പോൾ മൊത്തം ഉത്പാദനത്തിന്റെ 14 ശതമാനം മാത്രം സംഭാവന ചെയ്യുന്ന കാർഷിക മേഖലയെ ആശ്രയിക്കേണ്ടി വരുന്നവർ ജനസംഖ്യയുടെ 45 ശതമാനമാണ്.
ഈ പൊരുത്തമില്ലായ്മയിൽ വന്നു ചേർന്നിട്ടുള്ളത് രണ്ട് വ്യാകുലതകളാണ്. ഒന്ന്, കാർഷിക മേഖലയിൽ പണിയെടുക്കുന്നവരുടെ ഉത്പാദനക്ഷമതയും, അതിനനുസരണമായി വന്നുചേരുന്ന വരുമാനവും താഴേത്തട്ടിലാകുന്നു. രണ്ട്, ഇത്രയധികം ആൾക്കാർ ജീവസന്ധാരണത്തിനായി ഈ മേഖലയെ ആശ്രയിക്കേണ്ടി വരുന്നത് മറ്റു മേഖലകൾ ഒരു വികസിത ദേശത്തിന്റ രീതിയിൽ വളരാത്തതുകൊണ്ടാണ്. വൻതോതിൽ തൊഴിലൊരുക്കാൻ കെല്പുള്ളത് വ്യവസായ മേഖലയിലെ ഉത്പന്ന നിർമ്മാണ രംഗത്തിനാണ്. എന്നാൽ ഈ തട്ടകം താഴേയ്ക്കു പോകുന്നതാണ് കൂടുതൽ പേർ കാർഷിക മേഖലയിൽ തളച്ചിടപ്പെടുന്നതിന് മുഖ്യകാരണം.
നിക്ഷേപവും
ഉപഭോഗവും
2014- ൽ ആകെ ഉത്പാദനത്തിന്റെ 16 ശതമാനത്തിന് ഉടയോനായിരുന്ന ഈ രംഗത്തിന്റെ പങ്ക് 2023- ൽ 13 ശതമാനമായി ഇടിഞ്ഞു. ഉത്പന്ന നിർമ്മാണ മേഖല ഉടനെയൊന്നും വൻ മുന്നേറ്റമുണ്ടാക്കാൻ പോകുന്നില്ലെന്നാണ് ഇക്കൊല്ലത്തെ സാമ്പത്തിക സർവേ നൽകുന്ന സൂചന. ഈ മേഖലയിൽ സ്വകാര്യ കമ്പനികൾ 'ലാഭനദിയിൽ നീന്തിത്തുടിക്കുകയാണെ"ങ്കിലും പുത്തൻ നിക്ഷേപങ്ങൾക്ക് അവർ താത്പര്യം കാട്ടുന്നില്ല. ജനങ്ങളുടെ ഉപഭോഗ ചെലവ് ഉയരാതെ നിൽക്കുന്നതാണ് അധികനിക്ഷേപം നടത്തുന്നതിൽ നിന്ന് അവരെ പിന്നോട്ടു വലിക്കുന്ന പ്രധാന കാരണം.
ജനത്തിന്റെ ഉപഭോഗ ചെലവ് ഉയരാത്തതിനു കാരണമാകട്ട, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാതെ പോകുന്നതാണ്. ഇത്തവണത്തെ ബഡ്‌ജറ്റിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നത് സ്വകാര്യമേഖലയ്ക്കു മാത്രമായി വിട്ടുകൊടുത്തിരിക്കുന്നതായാണ് കാണുന്നത്. ഭരണകൂടം നേരിട്ടിറങ്ങി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇന്നുള്ള വിമുഖത ഉപേക്ഷിക്കാനായാൽ ജനത്തിന്റെ വരുമാന വർദ്ധനവിനും, ഉപഭോഗ ഉയർച്ചയ്ക്കും അതുവഴി സ്വകാര്യ നിക്ഷേപക്കയറ്റത്തിനും വഴിതെളിക്കും. ഏതു വിധേനയായാലും ഒരു വർഷം ഒരുകോടി പുതിയ തൊഴിൽ സാദ്ധ്യതകൾ സൃഷ്ടിച്ചെങ്കിലേ മനുഷ്യർ സാമ്പത്തിക വളർച്ചയുടെ ലക്ഷ്യവും മാർഗവുമാകുന്ന വികസിത പറുദീസയിലെത്താൻ കഴിയൂ.
ഒരുപാടുണ്ട്,
ഓടിത്തീർക്കാൻ
മനുഷ്യജീവിതത്തിന്റെ ഗുണമേന്മകൾ ഉയർന്നു നിൽക്കുന്ന പ്രദേശങ്ങളാണ് വികസിത രാജ്യങ്ങൾ. ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥിതി വളരെ ഭദ്രമല്ല. ലോക മനുഷ്യ വിഭവ സൂചികയിൽ നൂറ്റിമുപ്പത്തിനാലാം സ്ഥാനമാണ് ഇന്ത്യയുടേത്. വിദ്യാഭ്യാസവും ആരോഗ്യവും മാപിനികളാകുന്ന മനുഷ്യ വികസന കാര്യത്തിൽ ഇനിയും നാം മുന്നേറേണ്ടതുണ്ട്. അതുപോലെതന്നെ, ഇന്ത്യയുടെ ജനസംഖ്യയിൽ 50 ശതമാനം വരുന്ന സ്ത്രീകൾ ഇന്നും വിവേചനങ്ങളുടെ ഇരകളാകുന്നു. സ്ത്രീപുരുഷ അന്തരങ്ങളിൽ ലോകത്ത് ഇന്ത്യ 129-ാം സ്ഥാനത്താണ്. ഇതിന് പ്രധാന കാരണം വനിതകളുടെ തൊഴിൽ സാന്നിദ്ധ്യത്തിലുള്ള കുറവ് തന്നെയാണ്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 37 ശതമാനമാണ്. മിക്ക വികസിത രാജ്യങ്ങളിലും ഇത് 60 ശതമാനത്തിനു മുകളിലാണ്.
ചുരുക്കത്തിൽ, വികസന സൗധം പടുത്തുയർത്താനുള്ള ശക്തമായ അടിത്തറ നമുക്കുണ്ടെങ്കിലും, വ്യക്തമായ ആസൂത്രണവും ഘടനാപരമായ പരിവർത്തന നയങ്ങളും അവയുടെ സമയബന്ധിതമായ കാര്യനിർവഹണ യജ്ഞങ്ങളും ഒത്തുചേരുമെങ്കിഷ 2047-ൽ വികസിത രാഷ്ട്രമെന്ന സ്വപ്നത്തിലേക്കുള്ള നമ്മുടെ യാത്ര സഫലമാക്കാനാകും.