toothpaste

അമ്മായിയമ്മ തന്റെ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചതിനെ തുടർന്ന് കുടുംബത്തെ ഉപേക്ഷിച്ച ഒരു യുവാവിനെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അവധിക്കാലത്ത് ഭാര്യയെയും മകളെയും കൂട്ടി ഇറ്റലിയിലെ വെനീസിലേക്ക് പോകാനാണ് 38കാരനായ യുവാവ് കരുതിയത്. പിന്നാലെ വിനോദയാത്രയ്ക്ക് അമ്മായിയമ്മയും കൂടുകയായിരുന്നു. തന്റെ അനുഭവം അയാൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. റെഡ്ഡിറ്റ് എന്ന സോഷ്യൽ മീഡിയ പേജിലാണ് യുവാവ് ഇതിന്റെ വിവരം പറഞ്ഞത്.

'എന്റെ ഭാര്യയാണ് ഹോട്ടലുകൾ ബുക്ക് ചെയ്തത്. രണ്ട് കിടക്ക മാത്രമുള്ള ഒരു മുറിയാണ് ഞങ്ങൾക്ക് വേണ്ടി അവൾ ബുക്ക് ചെയ്തത്. ഇതാണ് ഒരു വലിയ വഴക്കിലേക്ക് നയിച്ചത്. എന്റെ ഭാര്യയുടെ വിലകൂടിയ ഫേസ് വാഷ്, ഷാംപൂ, ലോഷൻ എന്നിവ ഉപയോഗിക്കാൻ അമ്മായിയമ്മ ഇടയ്ക്കിടെ ഞങ്ങളുടെ റൂമിൽ വരും. ഞങ്ങളുടെ കിടക്കയിൽ ഇരിക്കും. അത് എനിക്ക് ഇഷ്ടപ്പെടുന്നില്ലായിരുന്നു. ഞാൻ സ്വകാര്യതയ്ക്ക് പ്രാധാന്യം കൊടുക്കുന്ന ആളാണ്.

പിന്നാലെയാണ് അമ്മായിയമ്മ എന്റെയും ഭാര്യയുടെയും ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്ന കാര്യം തിരിച്ചറിഞ്ഞത്. അത് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എന്റെ ഭാര്യയുടെ സാധനങ്ങൾ ഉപയോഗിക്കരുതെന്ന് ഞാൻ അമ്മായിയമ്മയോട് പറഞ്ഞെങ്കിലും അത് അവ‌ർ അവളോട് പറഞ്ഞു. തുടർന്ന് ഭാര്യ എന്നോട് ദേഷ്യപ്പെടുകയാണ് ചെയ്തത്. പിന്നാലെ ഞാൻ തിരിച്ച് വീട്ടിലേക്ക് വരുകയായിരുന്നു. നാട്ടിലെത്തിയ ശേഷം എന്നെ ഭാര്യ വിളിച്ചെങ്കിലും ഞാൻ ഫോൺ എടുത്തില്ല. അവളുടെ കെെയിൽ തിരിച്ച് വരാനും അവിടെ നിൽക്കാനുമുള്ള പണം ഉണ്ട്' - യുവാവ് പോസ്റ്റിൽ കുറിച്ചു.

പോസ്റ്റ് വെെറലായതിന് പിന്നാലെ നിരവധി പേരാണ് യുവാവിനെ വിമർശിച്ച് രംഗത്തെത്തിയത്. ഇത്രയും ശുചിത്വം ഒരാൾക്ക് പാടില്ലെന്നാണ് പലരും കമന്റ് ഇട്ടത്. കുടുംബത്തെ ഉപേക്ഷിച്ച് വരാൻ പാടില്ലായിരുന്നുവെന്നും പലരും അഭിപ്രായപ്പെട്ടു.