50 കഴിഞ്ഞവർ മിക്കവരുടെയും കാഴ്‌ചപ്പാടിൽ വയസ്സരാണ്, 70 കഴിഞ്ഞവരാണെങ്കിൽ വൃദ്ധരും. പ്രായമായവർ വീട്ടിൽ പ്രാർത്ഥനയും ജപവുമൊക്കെയായി ഒതുങ്ങിക്കൂടി കഴിയണമെന്ന പൊതുബോധമാണ് സമൂഹത്തിലുള്ളത്. പ്രായമായവർക്ക് പരസഹായമില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും അവർ തങ്ങളുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും പൂഴ്‌ത്തിവച്ച് വീടിന്റെ അകത്തളങ്ങളിൽ കഴിഞ്ഞുകൂടണമെന്ന് പറഞ്ഞുവയ്ക്കുന്നവരുമുണ്ട്. എന്നാൽ പ്രായം വെറും അക്കങ്ങൾ മാത്രമാണ്, കഴിവുകൾ പ്രകടിപ്പിക്കാൻ അത് തടസമേയല്ലെന്ന് തെളിയിക്കുകയാണ് കൊച്ചിക്കാരി മണിയമ്മ എന്ന രാധാമണി.
തോപ്പുംപടി സ്വദേശിനിയായ മണിയമ്മ 74ന്റെ ചെറുപ്പത്തിലാണിപ്പോൾ. ലക്ഷ്വറി, സ്‌പോർട്‌സ് കാറുകളും ലോറിയും ബോട്ടുമൊക്കെ ഓടിക്കുന്ന മണിയമ്മ സോഷ്യൽമീഡിയ താരമാണ്.
1981ൽ 31ാം വയസിലാണ് മണിയമ്മ ലൈസൻസ് സ്വന്തമാക്കിയത്. സ്ത്രീകൾ അപൂർവ്വങ്ങളിൽ അപൂർവമായി മാത്രം വാഹനം ഓടിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. പ്രത്യേകിച്ച് കേരളത്തിലെ നാട്ടിൻപുറങ്ങളിൽ അന്ന് ടൂവീലറും ഫോർ വീലറുമൊക്കെ പുരുഷന്മാർ പോലും ഓടിക്കുക കുറവായിരുന്നു. മിക്കവരും പൊതുഗതാഗതത്തെയായിരുന്നു അക്കാലത്ത് ഏറെയും ആശ്രയിച്ചിരുന്നത്. അക്കാലത്താണ് കാർ ഓടിച്ച് മണിയമ്മ നാട്ടുകാർക്കും ബന്ധുക്കൾക്കും അത്ഭുതമാകുന്നത്.
വീട്ടിലെ അംബാസിഡർ കാറോടിച്ചാണ് മണിയമ്മ ആദ്യമായി ലൈസൻസ് സ്വന്തമാക്കിയത്. സ്വന്തമായി ഡ്രൈവിംഗ് സ്‌കൂൾ ആരംഭിക്കുന്നതിനുവേണ്ടി ഭർത്താവ് ലാലൻ തന്നെയാണ് മണിയമ്മയെ കാറോടിക്കാൻ പഠിപ്പിച്ചത്. ഹെവി ലൈസൻസിനായി പഠിപ്പിക്കുന്ന സ്‌കൂളുകൾ അക്കാലത്ത് നാട്ടിൽ ഉണ്ടായിരുന്നെങ്കിലും ഫോർ വീലർ പഠിപ്പിക്കുന്ന സ്‌കൂൾ ഇല്ലായിരുന്നു. മംഗലാപുരത്തുപോയി ലേണേഴ്‌സ് എടുത്ത് നാട്ടിൽ പരിശീലനം നടത്തിയതിനുശേഷം വീണ്ടും മംഗലാപുരത്തുപോയി ടെസ്റ്റിൽ പങ്കെടുക്കുകയാണ് അക്കാലത്ത് ചെയ്തിരുന്നത്. തുടർന്നാണ് സ്വന്തമായി ഡ്രൈവിംഗ് സ്‌കൂൾ ആരംഭിക്കാൻ ലാലൻ തീരുമാനിക്കുന്നത്. ഇതിന് ലൈസൻസ് ലഭിക്കാനായി ഫോർ വീലർ ഓടിക്കാൻ പഠിക്കാൻ ഭർത്താവ് മണിയമ്മയെ പ്രേരിപ്പിക്കുകയായിരുന്നു.
പ്രദീപ് എന്നാണ് ഡ്രൈവിംഗ് സ്‌കൂളിന് ഇരുവരും പേര് നൽകിയത്. പിന്നീട് എ ടു ഇസെഡ് എന്ന് പേര് മാറ്റി. ചേർത്തലയിലായിരുന്നു തുടക്കം. വനിതകളടക്കം ഇന്ന് നൂറിലധികം സ്റ്റാഫുകളുള്ള സ്ഥാപനമാണ് എ ടു ഇസെഡ്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലായി 23ഓളം ബ്രാഞ്ചുകളുള്ള സ്ഥാപനമായി തന്റെ ഡ്രൈവിംഗ് സ്‌കൂളിനെ വളർത്തി താനൊരു മികച്ച സംരംഭകയാണെന്ന് തെളിയിക്കുക കൂടിയാണ് മണിയമ്മ. ഭർത്താവ് ലാലൻ 2004ൽ ഒരു അപകടത്തിൽ മരണപ്പെട്ടു. എന്നാൽ ഭർത്താവിന്റെ സ്വപ്‌നമായിരുന്ന ഡ്രൈവിംഗ് സ്‌കൂൾ മണിയമ്മ വിജയപാതയിൽ എത്തിക്കുകയായിരുന്നു.
തന്റെ പേരിലാണ് ഡ്രൈവിംഗ് സ്‌കൂൾ ആരംഭിച്ചതെങ്കിലും അന്നൊന്നും ഡ്രൈവിംഗ് രംഗത്തേയ്ക്ക് താൻ എത്തിയിരുന്നില്ലെന്ന് മണിയമ്മ പറയുന്നു. ഇപ്പോൾ ഏത് വണ്ടി ഓടിക്കാനും റെഡിയാണ്. ചെറിയ വാഹനങ്ങൾ മുതൽ ലോറി, ബസ്, ജെസിബി, ജീപ്പ്, ലക്ഷ്വറി കാറുകൾ, ട്രെയിലർ തുടങ്ങി ബോട്ടുവരെ മണിയമ്മ സിമ്പിളായി ഓടിച്ചുപോകും.
38ാം വയസിലാണ് മണിയമ്മ ഹെവി ലൈസൻസ് സ്വന്തമാക്കിയത്. 2003 കാലഘട്ടത്തിൽ ടൂവിലർ, ത്രീവീലർ ലൈസൻസും നേടി. അഞ്ച് വർഷത്തെ ഡ്രൈവിംഗ് എക്‌സ്‌പീരിയൻസുള്ളവർക്ക് മാത്രമേ ഡ്രൈവിംഗ് പരീശീലകയാകാൻ സാധിക്കുകയുള്ളൂ. ഡ്രൈവിംഗ് സ്‌കൂളിൽ എത്തുന്നവരെ പഠിപ്പിക്കുക എന്ന ആവശ്യത്തിനായാണ് ഹെവി ലൈസൻസ് സ്വന്തമാക്കിയത്. ഇപ്പോൾ ഇൻസ്‌ട്രക്ടർ വേഷം അഴിച്ചുവച്ച് ഡ്രൈവിംഗ് സ്‌കൂളിന്റെ നടത്തിപ്പുകാരിയാണ് മണിയമ്മ.
ഒരുവിധപ്പെട്ട എല്ലാ വാഹനങ്ങളും ഓടിച്ചുകഴിഞ്ഞു, ഇനി ജാഗ്വാർ, സ്പോർട്‌സ് കാറുകൾ എന്നിവ ഓടിക്കാൻ സാധിച്ചാൽ മടിയില്ലെന്ന് മണിയമ്മ പറയുന്നു. മക്കളും കൊച്ചുമക്കളുമൊക്കെയാണ് ലേറ്റസ്റ്റ് വാഹനങ്ങൾ ഓടിക്കാൻ പഠിപ്പിക്കുന്നത്. കുടുംബത്തിലെ എല്ലാവരും ഡ്രൈവിംഗ് മേഖലയിൽ തന്നെയാണ്. ഡ്രൈവിംഗ് സ്‌കൂളിന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടം മക്കളും കൊച്ചുമക്കളുമൊക്കെ ചേർന്നാണ്.
ഓടിക്കാൻ ഏറ്റവും പ്രയാസം തോന്നിയത് ട്രെയിലർ ആണെന്ന് മണിയമ്മ വെളിപ്പെടുത്തുന്നു. എന്നിരുന്നാലും ഇത്തരം വാഹനങ്ങൾ ഓടിക്കുന്നത് പഠിക്കാൻ നിരവധി സ്‌ത്രീകളടക്കം സ്ഥാപനത്തിൽ എത്തുന്നുണ്ട്. വിദേശത്ത് പോകാൻ അടക്കം ഹെവി വാഹനങ്ങളുടെ ലൈസൻസ് എടുക്കാൻ നിരവധി സ്ത്രീകൾ എത്തുന്നു. കാലം മാറിയപ്പോൾ ഡ്രൈവിംഗ് രംഗത്തേയ്ക്ക് കൂടുതൽ സ്‌ത്രീകൾ എത്തുന്നുണ്ടെന്ന് മണിയമ്മ പറഞ്ഞു. പണ്ടുകാലങ്ങളിൽ പല കുടുംബങ്ങളിലും വാഹനം ഓടിക്കുന്നതിന് സ്ത്രീകൾക്ക് പിന്തുണ ലഭിച്ചിരുന്നില്ല. എന്നാലിപ്പോൾ സ്‌ത്രീകൾ സ്വന്തം ഇഷ്ടപ്രകാരമാണ് പല വിധത്തിലെ വാഹനങ്ങൾ ഓടിക്കുന്നത്. തൊഴിലുമായി ബന്ധപ്പെട്ട് ലോറിയും ബസുമൊക്ക ഓടിക്കുന്ന ധാരാളം സ്ത്രീകൾ ഇന്നുണ്ട്.
തന്റെ രണ്ട് ആൺമക്കളുടെയും ഭാര്യമാർ വാഹനം ഓടിക്കുന്നവരാണ്. കേരളത്തിൽ ആദ്യമായി ഓട്ടോമൊബൈൽ ഡിപ്ളോമ സ്വന്തമാക്കിയ വനിതയാണ് മകൾ മിനിലാൽ. അമ്മയ്ക്ക് പൂർണ പിന്തുണയുമായി മക്കളായ മിഥിലാലും മിലനും ഒപ്പമുണ്ട്.
പണ്ട് ഹെവി വാഹനങ്ങളും മറ്റും ഓടിക്കുമ്പോൾ പരിഹാസങ്ങളും അധിക്ഷേപങ്ങളും നേരിട്ടിട്ടുള്ളതായി മണിയമ്മ പറയുന്നു. നാട്ടുകാരിൽ നിന്ന് വലിയ പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. ആളുകൾക്ക് കാണുമ്പോൾ കൗതുകമായിരുന്നു. ടൂവീലറിലൊക്കെ സഞ്ചരിക്കുമ്പോൾ ഓട്ടോക്കാരൊക്കെ കളിയാക്കിയിട്ടുണ്ട്. അവരോടൊക്കെ പ്രതികരിച്ചിട്ടുമുണ്ട്. വാഹനം ഓടിക്കുന്ന സ്ത്രീകളോട് പലർക്കും അന്ന് പുച്ഛമായിരുന്നു. എന്നാലിപ്പോൾ കാലം മാറി, ഹെവി വാഹനങ്ങൾ ഓടിക്കുമ്പോൾ സ്ത്രീ എന്ന നിലയ്ക്കും ഈ പ്രായക്കാരിയെന്ന നിലയ്ക്കും വലിയ പിന്തുണ കിട്ടുന്നുണ്ട്. വനിതാ ദിനത്തിൽ പല പരിപാടികളിലും തന്നെ ക്ഷണിക്കാറുണ്ടെന്നും മണിയമ്മ പങ്കുവച്ചു.
തന്റെ കൊച്ചുമകൻ അരവിന്ദാണ് സോഷ്യൽ മീഡിയ ലോകത്തിൽ തന്നെ പരിചയപ്പെടുത്തിയതെന്ന് മണിയമ്മ പറഞ്ഞു. ആദ്യമൊക്കെ താത്‌പര്യം തോന്നിയിരുന്നില്ല. ഒരു ഗ്രാമത്തിൽ ജനിച്ച തനിക്ക് അറിയപ്പെടാനൊന്നും താത്‌പര്യമുണ്ടായിരുന്നില്ല. എന്നാൽ കൊച്ചുമക്കളുടെ നിർബന്ധപ്രകാരം സമൂഹമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്നും മണിയമ്മ പറഞ്ഞു.
വളരെയേറെപ്പേർക്ക് പ്രചോദനമാകാൻ സാധിക്കുന്നതിന്റെ സന്തോഷമുണ്ടെന്ന് മണിയമ്മ വ്യക്തമാക്കി. ഈ പ്രായത്തിൽ മണിച്ചേച്ചിക്ക് കഴിയുമെങ്കിൽ എന്തുകൊണ്ട് തങ്ങൾക്കായിക്കൂടാ എന്നുപറഞ്ഞ് പുരുഷന്മാരടക്കം പലരും ഡ്രൈവിംഗ് പഠിക്കാൻ എത്തുന്നുണ്ട്. പലരുടെയും മക്കൾ വിദേശത്തായിരിക്കും. തങ്ങളുടെ ആവശ്യങ്ങൾക്കായി വാഹനം ഓടിക്കാൻ എത്തുന്നവരാണ് പ്രായമായവരിൽ കൂടുതൽപ്പേരും. ഒന്നിനും മടിച്ചിരിക്കരുതെന്നാണ് സ്ത്രീകളോട് പറയാനുള്ളത്. ഇത് നേരത്തെ തന്നെ ആകാമായിരുന്നു എന്നാണ് തനിക്കുതന്നെ പലപ്പോഴും തോന്നിയിട്ടുള്ളത്. കാലം നമ്മളെ കാത്ത് നിൽക്കില്ല, പറ്റുന്ന സമയം നന്നായി വിനിയോഗിക്കണം. മനസിനെ എപ്പോഴും പ്രോത്സാഹിപ്പിച്ചുകൊണ്ടേയിരിക്കണമെന്നും മണിയമ്മ പറഞ്ഞു.
ഒന്നരവർഷം മുൻപാണ് ഇൻസ്റ്റാഗ്രാമിൽ 'മണിയമ്മ- ദി ഡ്രൈവർ അമ്മ' എന്ന പേരിൽ പേജ് തുടങ്ങിയതെന്ന് മണിയമ്മയുടെ സോഷ്യൽ മീഡിയ ഏകോപിപ്പിക്കുന്ന ഷംനാദ് പറഞ്ഞു. ഇന്ന് പത്തൊൻപതിനായിരത്തിലധികം ഫോളോവേഴ്‌സ് മണിയമ്മയ്ക്കുണ്ട്. ഹൈ റീച്ച് ട്രക്ക് എന്ന വാഹനം ഓടിച്ച വീഡിയോയ്ക്ക് ആണ് ആദ്യമായി ഒരു ദശലക്ഷം വ്യൂസ് ലഭിക്കുന്നത്. ഇന്നിപ്പോൾ മണിയമ്മയുടെ ഇൻസ്റ്റാഗ്രാം പേജിലെ എല്ലാ വീഡിയോകൾക്കും ആരാധകർ ഏറെയാണ്. മൂന്നുപേർ അടങ്ങുന്ന ടീം ആണ് മണിയമ്മയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത്.