ants

ചുവരിലും തറയിലും തുടങ്ങി വീടിന്റെ മുക്കിലും മൂലയിലുംവരെ ഉറുമ്പുകൾ എത്തുന്നു. ഇവ ശല്യമാണെന്ന് നിസംശയം പറയാം. എന്തുകൊണ്ടാണ് ഉറുമ്പുകൾ ഇടയ്ക്കിടെ വീട്ടിലെത്തുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? വൃത്തിയില്ലായ്മ തന്നെയാണ് പ്രധാന കാരണം.

ആഹാര സാധനങ്ങൾ അലക്ഷ്യമായി പലയിടങ്ങളിൽ ഇടുന്നതാണ് ഉറുമ്പ് ശല്യത്തിന്റെ പ്രധാന കാരണം. പഞ്ചസാരയൊക്കെ ഇട്ടുവയ്ക്കുന്ന കുപ്പിയിലടക്കം ഉറുമ്പുകൾ എത്താറുണ്ട്. ഇവയെ തുരത്താൻ എന്താണ് മാർഗം? ഉറുമ്പിനെ തുരത്താനുള്ള ചോക്കുകൾ മാർക്കറ്റിൽ ലഭ്യമാണ്. എന്നാൽ കുഞ്ഞുങ്ങളൊക്ക ഉള്ള വീടുകളിൽ ഇത് ഉപയോഗിക്കുന്നത് അപകടകരമാണ്. ഇതൊന്നും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ ഉറുമ്പിനെ വീട്ടിൽ നിന്ന് അകറ്റാൻ സാധിക്കും.

വീട് വൃത്തിയായി സൂക്ഷിക്കുക എന്നത് തന്നെയാണ് ആദ്യം ചെയ്യേണ്ടത്. വിനാഗിരി ഉപയോഗിച്ച് ഉറുമ്പിനെ തുരത്താം. വിനാഗിരിയുടെ മണം ഉറുമ്പുകൾക്ക് ഇഷ്ടമല്ല. തുല്യ അളവിൽ വിനാഗിരിയും വെള്ളവും എടുത്ത് ഒരു സ്‌പ്രേ ബോട്ടിൽ നിറയ്ക്കുക. ശേഷം ഉറുമ്പ് ഉള്ളയിടങ്ങളിൽ തളിച്ചുകൊടുക്കാം. അല്ലെങ്കിൽ ഈ വെള്ളത്തിൽ ഒരു തുണി മുക്കി ഉറുമ്പ് ശല്യമുള്ളയിടങ്ങൾ തുടച്ചുകൊടുക്കാം. ഒന്നുരണ്ട് തവണ ഇങ്ങനെ ചെയ്യുമ്പോൾ തന്നെ ഉറുമ്പുകൾ അപ്രത്യക്ഷമാകും.


കുക്കുമ്പറിന്റെ തൊലിയും ഉറുമ്പിനെ അകറ്റാൻ നല്ലതാണ്. ഇതിന്റെ മണവും ഉറുമ്പിന് ഇഷ്ടമില്ല. ഉറുമ്പുകളെ കൂടുതലായി കാണുന്നയിടങ്ങളിൽ ഇതിന്റെ തൊലി വച്ചുകൊടുത്താൽ മതി.ഉറുമ്പ് ആ പരിസരത്ത് വരില്ല.