ആലപ്പുഴ: തകഴിയിൽ അമ്മയുടെ കാമുകനും സുഹൃത്തും ചേർന്ന് കുഴിച്ചുമൂടിയ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തു. കുന്നുമ്മയിൽ പ്രതിയുമായി നടത്തിയ തെളിവെടുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണോയെന്ന് സ്ഥരീകരിച്ചിട്ടില്ലെന്ന് ആലപ്പുഴ എസ് പി ചൈത്ര തെരേസ ജോൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.
കൊല്ലനാടി പാടശേഖരത്തിന്റെ തെക്കേ ബണ്ടിന് സമീപമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഒന്നാം പ്രതി തോമസ് ജോസഫ് പൊലീസിന് മൃതദേഹം മറവ് ചെയ്ത സ്ഥലം കാണിച്ചുകൊടുക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷമായിരിക്കും കൂടുതൽ കാര്യങ്ങൾ വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
'മൃതദേഹം കുഴിച്ചിട്ട നിലയിലായിരുന്നു. പ്രതി കാണിച്ച സ്ഥലത്തുതന്നെയാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണോയെന്ന് ഇപ്പോൾ പറയാനാകില്ല. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ട്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും. നിലവിൽ രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. കുഞ്ഞിന്റെ മാതാവ് നിരീക്ഷണത്തിലാണ്. യുവതിയുടെ മാതാപിതാക്കൾക്ക് സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇപ്പോഴത്തെ നിഗമനം'- എസ് പി വ്യക്തമാക്കി.
അവിവാഹിതയായ ഇരുപത്തിരണ്ടുകാരിയാണ് കുഞ്ഞിന്റെ അമ്മ. കാമുകൻ തകഴി വിരിപ്പാല രണ്ട് പാറയിൽ തോമസ് ജോസഫ് (24) ഇയാളുടെ സുഹൃത്ത് ആലപ്പുഴ തകഴി കുന്നുമ്മ ഭവനത്തിൽ അശോക് ജോസഫ് (23) എന്നിവരാണ് കുഞ്ഞിന്റെ മൃതദേഹം കുഴിച്ചുമൂടിയത്.
ആലപ്പുഴ പൂച്ചാക്കൽ സ്വദേശിനിയാണ് യുവതി. കഴിഞ്ഞ ഏഴാം തീയതി പുലർച്ചെ വീട്ടിൽവച്ചായിരുന്നു യുവതിയുടെ പ്രസവം. തുടർന്ന് കുഞ്ഞിനെ വീടിന്റെ സൺഷേഡിൽ ഒളിപ്പിച്ചു. ശേഷം കുഞ്ഞിനെ കാമുകനെ ഏൽപ്പിക്കുകയായിരുന്നു.