ldo


കൊൽക്കത്ത: ബംഗാളിൽ പി.ജി ഡോക്ടറെ മാനഭംഗപ്പെടുത്തി കൊന്ന സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകൾ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദയെ കാണും. ഇന്ന് രാജ്യവ്യാപകമായി സമരം ചെയ്യുമെന്ന് ഫെഡറേഷൻ ഒഫ് റെസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷൻ (എഫ്.ഒ.ആ.ർ.ഡി.എ) അറിയിച്ചു.

അതേസമയം,പ്രതി സഞ്ജയ് റോയിയെ 23 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിക്ക് വധശിക്ഷ നൽകുമെന്ന് മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചിരുന്നു. സർക്കാർ കേസ് ഒതുക്കിതീർക്കുകയാണെന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. സർക്കാരിൽ വിശ്വാസമില്ലെങ്കിൽ,അവർക്ക് ഏത് അന്വേഷണ ഏജൻസിയെയും സമീപിക്കാമെന്നും എതിർക്കില്ലെന്നും മമത പ്രതികരിച്ചു.

വെള്ളിയാഴ്ച രാവിലെ കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർദ്ധനഗ്നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഡോക്ടർ ക്രൂരമായ മാനഭംഗത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതോടെ വൻ പ്രതിഷേധമാണുയർന്നത്. ഇതിനുപിന്നാലെയാണ് പൊലീസിന്റെ സിവിക് വൊളന്റിയറായ പ്രതി പിടിയിലായത്.

നിർണാകമായത്

ബ്ലൂടൂത്ത് ഹെഡ്‌സെറ്റ്

സെമിനാർ ഹാളിൽനിന്ന് ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് കണ്ടെത്തിയതും സിസിടിവി ദൃശ്യവുമാണ് പ്രതിയെ പിടികൂടുന്നതിൽ നിർണായകമായത്. പുലർച്ചെ നാലിനും ആറിനും ഇടയിലാണ് കൃത്യം നടന്നത്. ആ സമയത്തെ സിസിടിവി ദൃശ്യത്തിലാണ് പ്രതി കുറ്റകൃത്യം നടന്ന ഭാഗത്തേക്ക് വന്നത്. ഇതോടെ ചെവിയിൽ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഘടിപ്പിച്ച് ആശുപത്രിയിലെത്തിയ സഞ്ജയ് റോയ്,തിരികെപോകുമ്പോൾ ഹെഡ്‌സെറ്റ് ഇല്ലായിരുന്നുവെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.

തുടർന്ന് ഡോക്ടർമാർ,​നഴ്സുമാർ എന്നിവർക്കൊപ്പം സഞ്ജയേയും പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചു. പരസ്പരവിരുദ്ധമായ മൊഴികളാണ് സഞ്ജയ് നൽകിയത്. പിന്നാലെ സംഭവസ്ഥലത്തുനിന്ന് കിട്ടിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് പ്രതിയുടെ ഫോണിൽ കണക്ടായതും നിർണായകമായി. ഇതോടെ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.

സഞ്ജയ് റോയ് നേരത്തെയും സ്ത്രീകളോട് മോശമായി പെരുമാറിയിരുന്നു. സംഭവദിവസം ഇയാൾ അമിതമായി മദ്യപിച്ചിരുന്നു. ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ നിറയെ അശ്ലീലവീഡിയോകൾ കണ്ടെടുത്തതായാണ് റിപ്പോർട്ട്.

അതേസമയം,പ്രതിയെ ന്യായീകരിച്ചുകൊണ്ട് മാതാവ് രംഗത്തെത്തി. ഇയാൾ നാല് വിവാഹം ചെയ്തിട്ടുണ്ടെന്നും മൂന്നു പേരും ഉപേക്ഷിച്ചു പോയെന്നും അയൽവാസികൾ അറിയിച്ചു. ലഹരിക്കടിമായായിരുന്നെന്നും പറയുന്നു.

രോഗിയുടെ ഭീഷണി
അതിനിടെ ബംഗാളിൽ ചികിത്സ വൈകിയതിനെത്തുടർന്ന് രോഗി ഡോക്ടറെ ഭീഷണിപ്പെടുത്തിയതായി പരാതി. കഴിഞ്ഞ ദിവസം വനിതാ ഡോക്ടർക്കുണ്ടായ അതേ അനുഭവം വരുമെന്നായിരുന്നു ഭീഷണി. സംഭവത്തിൽ കേസെടുത്തു.