മൃതദേഹങ്ങൾ കാണാൻ വയ്യാത്തതുകൊണ്ട് രാജി
ധാക്ക: രാജ്യത്തെ പിടിച്ചുകുലുക്കിയ സംവരണ വിരുദ്ധ പ്രക്ഷോഭത്തിനും തന്റെ രാജിക്കും പിന്നിൽ യു.എസിന്റെ ഗൂഢാലോചനയാണെന്ന് ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ സെന്റ് മാർട്ടിൻസ് ദ്വീപിന്റെ പരമാധികാരം യു.എസിന് വിട്ടുകൊടുക്കാൻ വിസമ്മതിച്ചതാണ് കാരണമെന്നും ആരോപിച്ചു.
ഇന്ത്യയിൽ അഭയംതേടുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ബംഗ്ലാദേശ് ജനങ്ങളെ അറിയിക്കാൻ ഹസീന ആഗ്രഹിച്ചിരുന്നു. അതിനായി തയ്യാറാക്കിയ പ്രസംഗത്തിലെ വിവരങ്ങൾ ഇപ്പോൾ ദേശീയ മാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്.
പ്രക്ഷോഭകാരികൾ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറുമെന്ന് ഉറപ്പായതോടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരം പ്രസംഗം ഒഴിവാക്കുകയായിരുന്നു.
' മൃതദേഹങ്ങളുടെ ഘോഷയാത്ര കാണാൻ വയ്യാത്തതുകൊണ്ടാണ് രാജിവച്ചത്. വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾക്ക് മുകളിലൂടെ അധികാരം പിടിച്ചടക്കാനാണ് അവർ ശ്രമിച്ചത്. ഞാൻ അതിന് അനുവദിക്കില്ല. സെന്റ് മാർട്ടിൻസ് ദ്വീപിന്റെ പരമാധികാരം വിട്ടുകൊടുത്ത് ബംഗാൾ ഉൾക്കടലിന്റെ നിയന്ത്രണം കൈയടക്കാൻ യു.എസിനെ അനുവദിച്ചിരുന്നെങ്കിൽ എനിക്ക് അധികാരത്തിൽ തുടരാമായിരുന്നു. എന്റെ നാട്ടുകാരോട് അപേക്ഷിക്കുകയാണ്. മാറ്റത്തിനായി മുറവിളികൂട്ടുന്നവരുടെ കാപട്യത്തിന് മുന്നിൽ വീഴരുത്. ഒരുപക്ഷേ, ഞാൻ രാജ്യത്ത് തുടർന്നാണ് കൂടുതൽ ജീവനുകൾ നഷ്ടമാകും. അതിനാൽ സ്വയം ഒഴിയുന്നു. " പ്രസംഗത്തിൽ ഹസീന പറയുന്നു. തന്റെ വാക്കുകൾ വളച്ചൊടിച്ച് പ്രക്ഷോഭം ആളിക്കത്തിച്ചെന്നും ഹസീന ചൂണ്ടിക്കാട്ടി. ഈ മാസം അഞ്ചിനാണ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഹസീന ഇന്ത്യയിൽ അഭയം തേടിയത്.
സെന്റ് മാർട്ടിൻസ് ഐലൻഡ്
ബംഗ്ലാദേശിന്റെ അധീനതയിലുള്ള മൂന്ന് ചതുരശ്ര കിലോമീറ്റർ ദ്വീപ്
മ്യാൻമറിൽ നിന്ന് എട്ടു കിലോമീറ്റർ അകലെയുള്ള ഇവിടെ ഒരു വ്യോമതാവളം നിർമ്മിക്കാൻ യു.എസിന് പദ്ധതിയുണ്ടായിരുന്നു
സൈനിക ബേസ് ഉണ്ടെങ്കിൽ മലാക്ക കടലിടുക്കിലും പരിസരത്തും തന്ത്രപരമായ മേൽനോട്ടം സ്ഥാപിക്കാം
ചൈനയുടെ തന്ത്രപ്രധാന ഗതാഗത മാർഗമാണ് മലാക്ക
ബംഗ്ലാദേശിലെ കോക്സ് ബസാറിൽ ചൈന തുറമുഖം നിർമ്മിക്കുന്നുണ്ട്
സെന്റ് മാർട്ടിൻസ് ദ്വീപിൽ സാന്നിദ്ധ്യം സ്ഥാപിച്ചാൽ ബംഗാൾ ഉൾക്കടലിലൂടെയുള്ള വ്യാപാരം അടക്കം ചൈനീസ് നീക്കങ്ങൾ നിരീക്ഷിക്കാം. ഇന്ത്യയേയും യു.എസിന് നിരീക്ഷണ വലയത്തിലാക്കാം
യു.എസ് x ഹസീന
ഹസീന സർക്കാരുമായി യു.എസിന് ഏറെനാളായി ഭിന്നതയുണ്ടായിരുന്നു
ഹസീനയുടെ അവാമി ലീഗ് അംഗങ്ങൾക്കുംസുരക്ഷാ ഉദ്യോഗസ്ഥർക്കും യു.എസ് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി
ജനുവരിയിൽ അഞ്ചാം തവണയും ഹസീന തിരഞ്ഞെടുക്കപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവും അല്ലായിരുന്നെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രതികരിച്ചു
ബംഗ്ലാദേശിൽ വ്യോമതാവളം നിർമ്മിക്കാൻ അനുവദിച്ചാൽ തടസങ്ങളില്ലാതെ തിരഞ്ഞെടുപ്പിന് വഴിയൊരുക്കാമെന്ന് ഒരു വിദേശരാജ്യം ഓഫർ ചെയ്തെന്നും ഹസീന മുമ്പ് സൂചിപ്പിച്ചിരുന്നു. ഇത് യു.എസ് ആണെന്ന് കരുതുന്നു
സെന്റ് മാർട്ടിൻസ് ദ്വീപ് യു.എസിന് വിട്ടുകൊടുക്കില്ലെന്ന് ഇതിന് മുമ്പും ഹസീന ആരോപിച്ചിട്ടുണ്ട്
ഉപരോധം
ഹസീന സർക്കാരിലെ ഉദ്യോഗസ്ഥർക്ക് മേൽ ഉപരോധങ്ങൾ ഏർപ്പെടുത്തണമെന്ന് യു.എസ് കോൺഗ്രസ് അംഗങ്ങൾ ആവശ്യപ്പെട്ടു. മനുഷ്യാവകാശ ലംഘനങ്ങൾ നടത്തിയെന്ന് കാട്ടിയാണ് ആവശ്യം.
ന്യൂനപക്ഷ അക്രമം:
പ്രതിഷേധം കനക്കുന്നു
ഹിന്ദുക്കൾ അടക്കം ന്യൂനപക്ഷങ്ങൾക്കെതിരെ ബംഗ്ലാദേശിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ ഇന്ത്യയടക്കം ആഗോളതലത്തിൽ പ്രതിഷേധം ശക്തം. യു.കെ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റാലികൾ നടന്നു. ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിൻമേൽ സമ്മർദ്ദം ചെലുത്തണമെന്ന് കാട്ടി യു.എസിലെ ഹിന്ദു ജനപ്രതിനിധികളും രംഗത്തെത്തി.
ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ ആയിരക്കണക്കിന് ഹിന്ദുക്കൾ പ്രതിഷേധ റാലിയിൽ അണിനിരന്നു. ഇതിനിടെ, ഗോപാൽഗഞ്ചിൽ ശനിയാഴ്ച സൈനിക വാഹനത്തിന് അക്രമികൾ തീയിട്ടു. അഞ്ച് സൈനികർക്ക് പരിക്കേറ്റു. കലാപത്തിന്റെ വീര്യം ക്ഷയിച്ചെങ്കിലും ഹസീന നിയമിച്ച ഉദ്യോഗസ്ഥർക്കെതിരെ വിദ്യാർത്ഥികൾ പ്രതിഷേധം തുടരുന്നത് അനിശ്ചിതത്വം സൃഷ്ടിക്കുന്നു. നോബൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലെ ഇടക്കാല സർക്കാർ അധികാരമേറിയിട്ടും മിക്ക സർക്കാർ ഓഫീസുകളിലും ആളില്ല. സയീദ് റെഫാത്ത് അഹ്‌മ്മദ് പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. പ്രതിഷേധത്തെ തുടർന്ന് മുൻ ചീഫ് ജസ്റ്റിസ് ഉബൈദുൽ ഹസൻ ശനിയാഴ്ച രാജിവച്ചിരുന്നു.