crime

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ വിലസുന്നത് തലസ്ഥാനത്താണെന്ന പൊലീസിന്റെ കണക്കുകള്‍ നിലനില്‍ക്കുമ്പോഴും ഇവിടുത്തെ ഗുണ്ടാ അധോലോകത്തിന്റെ ആഴം പൊലീസിന് തന്നെ പിടിയില്ലെന്നതാണ് സത്യം.

കൈയിലൊതുങ്ങുന്ന ചെറു ഗുണ്ടകളെ പിടികൂടിയെന്ന് പൊലീസ് പറയുമ്പോഴും ഇവരുടെ തലവന്മാര്‍ വിലസുകയാണ്. ഇവര്‍ക്ക് രാഷ്ട്രീയക്കാരുമായും പൊലീസുകാരുമായും ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ക്രൂരസംഭവം നടക്കുമ്പോള്‍ പൊലീസ് വടിയെടുത്തിറങ്ങുന്നതാണ് പൊതുവേയുള്ള രീതി. സംസ്ഥാനത്ത് നിലവിലുള്ള 2900 ഗുണ്ടകളില്‍ ഭൂരിഭാഗവും തലസ്ഥാനത്താണെന്നാണ് പൊലീസിന്റെ തന്നെ കണക്ക്. ഗുണ്ടകള്‍ കൂടിയതോടെ കുറ്റകൃത്യങ്ങളുടെ എണ്ണവും കൂടി.

കൊടും കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 10 ശതമാനത്തോളം വര്‍ദ്ധനവുണ്ടെന്നാണ് റിപ്പോര്‍ട്ട്. പാറ്റൂര്‍ വെട്ടുകേസില്‍ അറസ്റ്റിലായ ഓംപ്രകാശും മെഡിക്കല്‍ കോളേജില്‍ യുവാക്കളെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പുത്തന്‍പാലം രാജേഷും ഉള്‍പ്പെടെ തലസ്ഥാനത്തെ പ്രധാന ഗുണ്ടകളെല്ലാം ഇപ്പോള്‍ ജാമ്യത്തിലാണ്.

മണ്ണും ലഹരിയും അല്പം റിയല്‍ എസ്റ്റേറ്റും

റിയല്‍ എസ്റ്റേറ്റ്, മണ്ണുകടത്ത്, സാമ്പത്തിക തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കല്‍,നിര്‍മ്മാണമേഖല തുടങ്ങിയവയാണ് ഈ സംഘങ്ങളുടെ പ്രധാന വരുമാന മാര്‍ഗങ്ങള്‍. ഇതുവഴി ഉടലെടുക്കുന്ന പ്രശ്നങ്ങളാണ് പല സമയത്തും അരും കൊലകളില്‍ കലാശിക്കുന്നത്. സാമ്പത്തിക നേട്ടമുള്ളതുകൊണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ കൂടി പങ്കാളികളാകുന്ന സ്ഥിതിയാണുള്ളത്. നഗരത്തില്‍ അടുത്തകാലത്ത് നടന്ന പല അക്രമങ്ങള്‍ക്ക് പിന്നിലും ലഹരിസംഘങ്ങള്‍ക്ക് പങ്കുണ്ട്. ജില്ലയിലെ ചില വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും നഗരത്തിലെയും ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് ചില ഗുണ്ടാനേതാക്കളുടെ നേതൃത്വത്തില്‍ ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് കൂടാതെ പെണ്‍വാണിഭ റാക്കറ്റുകളും സജീവമാണ്. ഇതിന്റെ തലവന്മാരും ഗുണ്ടാ ലിസ്റ്റിലുണ്ട്.

ഗുണ്ടകള്‍ കൂടിയെന്ന് ജില്ലാ ഭരണകൂടം

ജില്ലയില്‍ ഗുണ്ടകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്നാണ് 2023ല്‍ അന്നത്തെ ജില്ലാ കളക്ടര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തിനിപ്പുറവും കാപ്പ ചുമത്തുന്നത് കുറവാണ്. പൊലീസില്‍ നിന്ന് ലഭ്യമായതില്‍ 50 ശതമാനത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകളിലും കരുതല്‍ തടങ്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ പൊലീസ് നല്‍കുന്ന കാപ്പ അപേക്ഷകള്‍ പലതും പരിഗണിക്കാറില്ലെന്നാണ് ആക്ഷേപം.

ഈ വര്‍ഷം 80 പേര്‍ക്കെതിരെയാണ് കാപ്പ ചുമത്തിയത്. ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശം സംരക്ഷിക്കേണ്ട അതോറിട്ടി എന്ന നിലയില്‍, പൊലീസ് ശുപാര്‍ശ ചെയ്യുന്ന എല്ലാവരെയും കരുതല്‍ത്തടങ്കല്‍ പോലെ ഗൗരവകരമായ നടപടിയില്‍പ്പെടുത്താനാവില്ല. അതിനാലാണ് ഇത്തരം കേസുകള്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതിന് സമയം വേണ്ടിവരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ന്യായം.