pic

ന്യൂയോർക്ക്: പച്ചക്കറികളുടെ കൂട്ടത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് വഴുതന. 136-400 ഗ്രാമാണ് ഒരു വഴുതനയുടെ ശരാശരി ഭാരം. എന്നാൽ 8.33 പൗണ്ട് ( 3778 ഗ്രാം/ 3.778 കിലോഗ്രാം ) ഭാരമുള്ള ഒരു ഭീമൻ വഴുതന ലോക റെക്കാഡ് സ്ഥാപിച്ചിരിക്കുകയാണ്.

യു.എസിലെ തെക്കൻ അയോവയിൽ ഡേവിസ് കൗണ്ടിയിൽ ഡേവ് ബെന്നറ്റ് എന്നയാൾ വളർത്തിയെടുത്ത വഴുതനയാണിത്. ഏകദേശം അഞ്ച് വർഷമായി ബെന്നറ്റ് ഭീമൻ വഴുതനകൾ കൃഷി ചെയ്യുന്നുണ്ട്. രണ്ട് വർഷം മുന്നേ 5.6 പൗണ്ട് ഭാരമുള്ള വഴുതന കൃഷി ചെയ്തെടുത്ത് പ്രാദേശിക റെക്കാഡ് സൃഷ്ടിച്ചിരുന്നു.

പിന്നാലെയാണ് 8.33 പൗണ്ടിന്റെ ഭീമൻ വഴുതന കൃഷി ചെയ്ത് ഗിന്നസ് ലോക റെക്കാഡ് സ്വന്തമാക്കിയത്. 2022ൽ ഇംഗ്ലണ്ടിൽ വിളവെടുത്ത 7.21 പൗണ്ട് ഭാരമുള്ള വഴുതനയുടെ റെക്കാഡാണ് ബെന്നറ്റിന്റേത് തകർത്തത്. റെക്കാഡ് വഴുതനയെ ഇപ്പോൾ അയോവ സ്റ്റേറ്റ് ഫെയറിൽ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായി റഫ്രിജറേറ്ററിൽ സൂക്ഷിച്ചിരിക്കുകയാണ്.

അമേരിക്കൻ വഴുതന ഇനത്തിൽപ്പെട്ട ഇത് ഏപ്രിലിലാണ് നട്ടത്. ജൂലായ് 31ന് പാകമായി. 35.56 സെന്റീമീറ്ററാണ് വഴുതനയുടെ ഉയരം. മത്തങ്ങ, പടവലം തുടങ്ങി മറ്റ് പച്ചക്കറി ഇനങ്ങളും ബെന്നറ്റ് കൃഷി ചെയ്യുന്നുണ്ട്.