പട്‌ന: ക്ഷേത്രദർശനത്തിനിടെ ജനത്തിരക്കിൽ പെട്ട് ഏഴുപേർ മരിച്ചു. ഒൻപതുപേർക്ക് പരിക്കേറ്റു. ബീഹാറിലെ ജെഹനാബാദ് ജില്ലയിലെ മഖ്‌ദംപൂരിലുള്ള പ്രസിദ്ധമായ ബാബ സിദ്ധനാഥ് ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. തിങ്കളാഴ്‌ച പുലർച്ചെയാണ് അപകടം നടന്നത്.
മരണമടഞ്ഞവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ ഉടൻ പോസ്‌റ്റ്‌മോർട്ടത്തിന് അയക്കുമെന്ന് ജഹനാബാദ് എസ്‌എച്ച്‌ഒ പറഞ്ഞു. അതേസമയം സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും പ്രദേശത്തെ കാര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും ജെഹനാബാദ് ജില്ലാ മജിസ്‌ട്രേറ്റ് അലംകൃതാ പാണ്ഡെ അറിയിച്ചു.
ഏഴാം നൂറ്റാണ്ടിൽ ഗുപ്‌ത കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട അതിപുരാതന ശിവക്ഷേത്രമാണ് ബാബ സിദ്ധനാഥ് ക്ഷേത്രം. ജെഹനാബാദിലെ ബെറാവർ മലനിരകളുടെ മുകളിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഉത്തർപ്രദേശിലെ ഹത്രസിൽ ദുരന്തമുണ്ടായി ഒരു മാസം പിന്നിടുമ്പോഴാണ് ബീഹാറിലും തിക്കിലും തിരക്കിലും പെട്ട് ജനങ്ങൾക്ക് ജീവൻ നഷ്‌ടമാകുന്ന സംഭവമുണ്ടായത്.
ആത്മീയനേതാവ് യാത്രചെയ്ത കാർ പോയ വഴിയിലെ പൊടി ശേഖരിക്കാൻ ജനങ്ങൾ തിക്കിതിരക്കിയതാണ് ഹത്രാസിലെ വൻദുരന്തത്തിന് കാരണമായതെന്ന് നിഗമനം. 121 പേർ മരിച്ച ദുരന്തത്തിന് സംഘാടകരുടെ ഉത്തരവാദിത്വമില്ലായ്മയും പൊലീസുകാരുടെ കുറവും ആക്കം കൂട്ടി. ആത്മീയനേതാവായ സൂരജ് പൽ എന്ന നാരായൺ സാകർ ഹരി പരിപാടിയ്ക്ക് ശേഷം പുറത്തേക്ക് കടക്കുമ്പോൾ അദ്ദേഹത്തിന്റെ കാറിന്റെ ടയറിൽ നിന്നുള്ള പൊടി പ്രസാദമായി ശേഖരിക്കാൻ ശ്രമിക്കവെയാണ് കുട്ടികളും സ്ത്രീകളുമടക്കം തിരക്കിൽ പുറത്തേക്ക് വീണത്. ചവിട്ടേറ്റ് പലരുടെയും ശരീരം തകർന്നു. പൊലീസ് എഫ്‌ഐആർ പ്രകാരം 80,000 പേർ പങ്കെടുക്കുന്ന പരിപാടിയ്ക്കാണ് അനുമതി നൽകിയിരുന്നത്. എന്നാൽ രണ്ടര ലക്ഷത്തിലധികം പേർ പരിപാടിയിൽ പങ്കെടുത്തു എന്നാണ് വിവരം.