abhishek

ബോളിവുഡ് ആരാധകരുടെ പ്രിയ താര ദമ്പതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. അടുത്തിടെ ഇരുവരും വിവാഹമോചിതരാകുകയാണെന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ വന്നിരുന്നു. ഈ ഗോസിപ്പുകൾക്ക് ശക്തി കൂട്ടുന്നതായിരുന്നു അനന്ത് അംബാനിയുടെ വിവാഹത്തിന് ഐശ്വര്യയെ കൂട്ടാതെ എത്തിയ ബച്ചൻ കുടുംബത്തിന്റെ ഫോട്ടോകളും വീഡിയോകളും. വിവാഹത്തിന് ഐശ്വര്യ മകളുമായാണ് എത്തിയത്.

ഇവരുവരും വേർപിരിയുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടക്കുന്നതിനിടെയാണ് അഭിഷേക് ബച്ചൻ വിവാഹമോചന പോസ്റ്റിൽ ലെെക്ക് ചെയ്തത് . തുടർന്ന് ആരാധകരും മീഡിയകളും ഇരുവരും ഉടൻ വിവാഹമോചനം നേടുമെന്ന് പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴിതാ വിവാഹമോചന വാർത്തകളിൽ പ്രതികരിക്കുന്ന അഭിഷേക് ബച്ചന്റെ വർഷങ്ങൾക്ക് മുൻപുള്ള വീഡിയോയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വെെറലാകുകയാണ്.

ആരാധകർ ഇത് താരത്തിന്റെ ഏറ്റവും പുതിയ പ്രതികരണമാണെന്ന് കരുതിയെങ്കിലും, ഇത് എട്ട് വർഷങ്ങൾക്ക് മുൻപ് മാദ്ധ്യമങ്ങളോട് സംസാരിക്കുന്ന വീഡിയോ ആയിരുന്നു. ഐശ്വര്യ അണിയിച്ച വിവാഹമോതിരം ഉയർത്തിക്കാണിച്ച് താൻ ഇപ്പോഴും വിവാഹിതനാണെന്നാണ് അഭിഷേക് ബച്ചൻ അന്ന് പ്രതികരിച്ചത്. വിവാഹമോചനം എന്നത് അഭ്യൂഹമാണെന്നും താരം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

'വിവാഹമോചന അഭ്യൂഹങ്ങളെ കുറിച്ച് എനിക്ക് ഒന്നും പറയാനില്ല. നിങ്ങൾ എല്ലാം കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കുകയാണ്. നിങ്ങൾക്ക് സ്റ്റോറി വേണം. അതിനാണ് നിങ്ങൾ ഇത് ചർച്ചയാകുന്നത്. അത് എനിക്ക് മനസിലാകും. സാരമില്ല ഞങ്ങൾ സെലിബ്ര‌ിറ്റികളാണല്ലോ. ഇത് തരണം ചെയ്യണം. ഇപ്പോഴും ഞാൻ വിവാഹിതനാണ്',- അഭിഷേക് ബച്ചൻ പറഞ്ഞു.