uae

ദുബായ്: യുഎഇയിൽ ട്രാഫിക്ക് നിയമലംഘകർക്ക് മുന്നറിയിപ്പുമായി അധികൃതർ. ഡ്രൈവർമാരെ പോലെത്തന്നെ കാൽനടയാത്രക്കാർക്കും നിയമങ്ങളും പിഴകളും ബാധകമായതിനാൽ റോഡ് ക്രോസിംഗ് ഉൾപ്പടെ ശ്രദ്ധിക്കണമെന്നാണ് അധികൃതർ അവശ്യപ്പെടുന്നത്. ദിവസങ്ങൾക്ക് മുമ്പ് റോഡ് അപകടക്കേസിൽ ഡ്രൈവർക്കും കാൽനട യാത്രക്കാരനും ദുബായ് കോടതി പിഴ ചുമത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് മുന്നറിയിപ്പ്.

മറ്റുള്ളവരുടെ സുരക്ഷ അപകടത്തിലാക്കിയതിന് വാഹനമോടിക്കുന്നയാൾക്ക് 3,000 ദിർഹവും, നിശ്ചയിച്ചിട്ടില്ലാത്ത പ്രദേശത്ത് നിന്ന് റോഡ് കടന്നതിന് കാൽനടയാത്രക്കാരന് 200 ദിർഹവും പിഴ ചുമത്തി. യുഎഇയിൽ കാൽനടയാത്രക്കാർക്ക് റോഡ് കടക്കുന്നതിന് സീബ്ര വരകളും പാലങ്ങളും സബ്‌വേകളും ഉപയോഗിക്കണം. നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലത്ത് കൂടി റോഡ് കടന്നാൽ 400 ദിർഹം വരെ പിഴ ലഭിച്ചേക്കാം.

നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലത്തുകൂടി റോഡ് കടന്നാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് ദുബായ് പൊലീസ് നൽകുന്ന മുന്നറിയിപ്പ്. നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ നിന്ന് ആളുകൾ റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ അപകടങ്ങളിൽ കഴിഞ്ഞ വർഷം എട്ട് പേർ മരിക്കുകയും 339 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 2023ൽ 44,000 കാൽനട യാത്രക്കാർക്കാണ് പിഴ ചുമത്തിയത്.

ഈ വർഷം ആദ്യം ദുബായിലുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാർക്ക് പരിക്കേറ്റതിനെത്തുടർന്ന് ഒരു ഡ്രൈവർക്കും രണ്ട് കാൽനടയാത്രക്കാർക്കും പിഴ ചുമത്തിയിരുന്നു. ദുബായ് ട്രാഫിക്ക് കോടതി ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് അറബ് ഡ്രൈവറെ ശിക്ഷിച്ചു. അതേസമയം ഏഷ്യൻ കാൽനടയാത്രക്കാർക്ക് തെറ്റായ സ്ഥലത്തു നിന്ന് ക്രോസ് ചെയ്തതിന് പിഴയും ചുമത്തി. ഡ്രൈവർക്ക് 2000 ദിർഹവും കാൽനടയാത്രക്കാരന് 400 ദിർഹവുമാണ് പിഴ ചുമത്തിയത്.