കർണാടകയിലെ വിജയനഗര-കൊപ്പൽ ജില്ലകൾക്കിടയിൽ തുംഗഭദ്രാ നദിയിൽ സ്ഥിതിചെയ്യുന്ന ഏകദേശം 2449 മീറ്റർ നീളമുള്ള അണക്കെട്ടാണ് തുംഗഭദ്രാ അണക്കെട്ട്. കൃഷി,ജലസേചനം, വെള്ളപ്പൊക്കത്തെ നിയന്ത്രിക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെ 1949ൽ അന്ന് നിലനിന്നിരുന്ന ഹൈദരാബാദ് രാജ്യവും മദ്രാസ് പ്രസിഡൻസിയും ചേർന്നാണ് ഈ അണക്കെട്ടിന്റെ നിർമ്മാണം തുടങ്ങിയത്. 1953ൽ പണി പൂർത്തീകരിച്ച് ഡാം പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു. നീണ്ട 71 വർഷത്തിന് ശേഷം ഇപ്പോഴിതാ ഡാമിന്റെ ഗേറ്റുകളിലൊന്നിന്റെ ചങ്ങല പൊട്ടിയതോടെ ഡാം തകരാതിരിക്കാൻ കർണാടക സർക്കാർ ഡാമിന്റെ എല്ലാ ഷട്ടറും തുറന്നുവിട്ടു.
തുംഗഭദ്രാ ഡാമിനൊരു പ്രത്യേകതയുണ്ടായിരുന്നു. നമ്മുടെ മുല്ലപ്പെരിയാർ ഡാം കഴിഞ്ഞാൽ സുർക്കി മിശ്രിതത്തിൽ നിർമ്മിച്ച രണ്ടാമത്തെ ഡാമാണ് ഇത്. ഇത്തരമൊരു പ്രശ്‌നം മുല്ലപ്പെരിയാർ ഡാമിനുണ്ടായാൽ അതിന്റെ പ്രത്യാഘാതത്തെ കുറിച്ച് വീണ്ടും ഈ അവസരത്തിൽ ചർച്ച വന്നു. ഒപ്പം വയനാട്ടിലെ മണ്ണിടിച്ചിലിന്റെ കാരണങ്ങളും ആഘാതവും പുറത്തുവന്നതോടെ മുല്ലപ്പെരിയാർ മെല്ലെ വീണ്ടും ഒരാശങ്കയായി സമൂഹമാദ്ധ്യമങ്ങളിലും മറ്റും ചർച്ചയായി തുടങ്ങി.
മുല്ലപ്പെരിയാർ പ്രശ്‌നം
മഴക്കാലത്തും പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും മുല്ലപ്പെരിയാർ ചർച്ച കേരളത്തിൽ ചൂടുപിടിക്കാറുണ്ട്. നൂറ്റാണ്ടിലേറെ പഴക്കമുള്ള ഡാമിന്റെ പ്രവർത്തനത്തിലെ സുരക്ഷിതത്വം ഉറപ്പാക്കാൻ കഴിയാത്തതാണ് ഇത്തരം ചർച്ചയ്‌ക്ക് കാരണമായത്.
തമിഴ്‌നാട്ടിലെ മധുര, രാമനാഥപുരം, ഡിണ്ടിഗൽ,തേനി ജില്ലകളിൽ കൃഷിയ്‌ക്കും ജനജീവിതം എളുപ്പമാക്കാനും 1887ൽ അന്നത്തെ തിരുവിതാംകൂർ രാജ്യവും മദ്രാസ് പ്രസിഡൻസിയും തമ്മിലെ കരാർ പ്രകാരമാണ് പെരിയാറിൽ ഡാമിന്റെ പണിതുടങ്ങിയത്.1895 ഒക്‌ടോബർ 10ന് ഡാമിന്റെ പണി പൂർത്തിയാക്കി. ബ്രിട്ടീഷുകാരനായ ജോൺ പെനിക്യൂക്ക് ആണ് ഡാമിന്റെ ശിൽപി.999വർഷത്തേക്ക് പാട്ടത്തിനാണ് കരാർ ഒപ്പിട്ടത്. അത്ര നാളിന് ശേഷവും മദ്രാസ് സർക്കാർ കരാർ പുതുക്കണമെന്ന് കരുതുന്നെങ്കിൽ അതിനും അനുവദിക്കുന്നതായിരുന്നു കരാർ. 1886 ഒക്‌ടോബർ 29നായിരുന്നു ഇത്.
അര നൂറ്റാണ്ട് മാത്രം കാലാവധിയായി കണ്ട് നിർമ്മിച്ച ഡാം 130-ാം കൊല്ലത്തിലേക്ക് നീങ്ങുമ്പോൾ പ്രദേശവാസികൾക്ക് ആശങ്കയും കേരളവും തമിഴ്‌നാടും തമ്മിൽ തർക്കത്തിനും ഇടയാക്കുകയാണ്.
ഇരുസംസ്ഥാനങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിന്റെ ഭാഗമായി തമിഴ്നാട് സമർപ്പിച്ച ഹർജിയിൽ ഇപ്പോൾ കേരളത്തിന് അനുകൂലമായ നടപടിയിലേക്ക് സുപ്രീംകോടതി കടക്കാൻ ഒരുങ്ങുകയാണ്.
2006ൽ കേരളത്തിന് എതിരായ ആദ്യ സുപ്രീം കോടതി വിധിക്ക് ആധാരമായ ഹർജി മുല്ലപ്പെരിയാർ പരിസ്ഥിതി സംരക്ഷണ സമിതി എന്ന പേരിൽ സ്വകാര്യവ്യക്തികൾ നൽകിയതായിരുന്നു. വിധി തമിഴ്നാടിന് അനുകൂലമായെങ്കിലും നടപ്പായില്ല.
തമിഴ്‌നാടിന്റെ ഹർജി കേരളത്തിന് പ്രതീക്ഷ
2006 മാർച്ചിൽ കേരളം ഡാംസുരക്ഷാ നിയമം ഭേദഗതി ചെയ്തത് സുപ്രീംകോടതി വിധി മറികടക്കാനാണെന്ന വാദവുമായി തമിഴ്‌നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസ് തീർപ്പാക്കി 2014 മേയ് 7ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയും കേരളത്തിന് എതിരായിരുന്നു. എന്നിട്ടും കേരളം പുനഃപരിശോധനാ ഹർജിയുടെ സാദ്ധ്യത പോലും പരിശോധിച്ചില്ല.
അതിനിടെയാണ് തമിഴ്നാട് നൽകിയ ഒ.എസ്. 4/2014 എന്ന മറ്റൊരു ഹർജിയിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന തീരുമാനമുണ്ടായത്. അനുകൂലമായ ഈ സാഹചര്യം ഫലപ്രദമായി വിനിയോഗിച്ചാൽ ചിലപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിന്റെ നിയന്ത്രണത്തിലായേക്കുമെന്ന് സൂചനകളുണ്ട്. പുതിയ ഡാം നിർമ്മിക്കണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് ജലസേചന മന്ത്രി റോഷി അഗസ്‌റ്റിൻ കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമാക്കിയത്. കേരളത്തിൽ നിന്നുള്ള എംപിമാരും ഇത് സഭയിൽ അവതരിപ്പിച്ചിരുന്നു.
2000ലെ ഭൂകമ്പം
2000ൽ മുല്ലപ്പെരിയാർ ഭാഗത്തുണ്ടായ ഭൂകമ്പം ഡാമിന്റെ സമീപവാസികളെയും കേരളത്തിനെ പൊതുവെയും ഭയചകിതരാക്കി. ഭ്രംശമേഖലയിലാണ് ഡാം സ്ഥിതിചെയ്യുന്നത് എന്ന് ചില പഠനങ്ങൾ പുറത്തുവന്നു. ഡാമിന് സമീപമുള്ള ബേബി ഡാമും സുരക്ഷിതമല്ലെന്ന് വന്നതോടെ കേരളത്തിൽ ഇത് വലിയ ചർച്ചയായി. എന്നാൽ ഇവിടങ്ങളിൽ മുൻപ് അറ്റകുറ്റപണി നടന്നതാണെന്ന് വാദിച്ച് തമിഴ്‌നാട് ഇതിനെ തള്ളി. ഡാമിന് തകർച്ചയുണ്ടായാൽ വെള്ളം പാഞ്ഞെത്തുന്ന ഇടുക്കി അണക്കെട്ടും ഒപ്പം 11 അണക്കെട്ടുകളും തകരുമെന്നും തൃശൂരിനും പത്തനംതിട്ടയ്‌ക്കുമിടയിൽ ജില്ലകളിലെ ജനങ്ങൾക്കും ജീവികൾക്കും പ്രകൃതിക്കും സാരമായ പ്രശ്‌നമുണ്ടാകും എന്നുമാണ് പറയപ്പെടുന്നത്. ഇതും ചർച്ചകൾക്ക് കാരണമായി.
ഇന്നും നിലനിൽക്കുന്ന കല്ലണൈ ഡാം
രണ്ടാം നൂറ്റാണ്ടിൽ അന്നത്തെ തമിഴ്‌നാട്ടിലെ പ്രബലനായ രാജാവ് കരികാല ചോളൻ കാവേരി നദിയിൽ ഉണ്ടാകുന്ന വെള്ളപ്പൊക്ക പ്രശ്‌നം തടയാനും തഞ്ചാവൂരിൽ കൃഷി ആവശ്യത്തിനും ഒരു ഡാം നിർമ്മിച്ചു. അതാണ് കല്ലണൈ. 1080 അടി വീതിയും 66 അടി ഉയരവും ഇതിനുണ്ട്. പാറകൾ നിരത്തിയുണ്ടാക്കിയ ഈ അണ 1900 വർഷത്തോളമായി കാവേരിയിലെ വെള്ളപ്പൊക്കത്തെ തടഞ്ഞ് തമിഴ്‌നാട്ടിൽ ഇന്നും നിലനിൽക്കുന്നു. ഇന്ത്യയിലെ തന്നെ ഏറ്റവും പഴയ അണക്കെട്ടായി.
ചരിത്രത്തിലെ ഡാം തകർച്ചകൾ
ഡാം തകർച്ചയും അതുമൂലം ജീവനാശവും പ്രകൃതി നാശവും പല രാജ്യങ്ങളിലും ഉണ്ടായിട്ടുണ്ട്. അമേരിക്കയിൽ പെൻസിൽവാനിയയിലെ സൗത്ത് ഫോർക് ഡാം 1889 മേയ് 31 ന് തകർന്നു. പ്രദേശത്ത് അസാധാരണമാം വിധം വീശിയടിച്ച കാറ്റിനെത്തുടർന്നാണ് ഡാം തകരാൻ ഇടയായത്. 2209 പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്. 17 മില്യൺ ഡോളറിന്റെ നാശവും അന്നുണ്ടായി.
ഇംഗ്ളണ്ടിലെ ഷെഫീൽഡിൽ 1864ലുണ്ടായ ഡേൽ ഡൈക് റിസർവോയർ അപകടവും 244 പേരുടെ ജീവനെടുത്തു. ചെറിയൊരു വിള്ളൽ ഡാമിലുണ്ടെന്ന് ഒരു എഞ്ചിനീയർ കണ്ടെത്തി മണിക്കൂറുകൾക്കകമാണ് ഈ അപകടം ഉണ്ടായത്.
ബ്രസീലിലെ ഡാം ഐ എന്ന് വിളിക്കപ്പെടുന്ന ബ്രുമദിഞ്യോ ഡാം 2019ൽ തകർന്നതാണ് അടുത്തകാലത്തുണ്ടായ വലിയ നാശം വിതയ്‌ക്കുന്ന ഒന്ന്. 120 കിലോമീറ്റർ നീളത്തിൽ 21 മുനിസിപ്പാലിറ്റികൾ ഇല്ലാതായി. 270 പേർ മരിച്ചു. ഇവരിൽ പലരെയും കണ്ടെത്താനേ കഴിഞ്ഞില്ല.
മനുഷ്യർ ഡാമുകൾ നിർമ്മിച്ച കാലംമുതൽ തന്നെ അവയുടെ തകർച്ചയുമുണ്ടായിട്ടുണ്ട്. 5000ലധികം വർഷങ്ങൾക്ക് മുൻപും ഈജിപ്‌തിലും യെമനിലും ഡാമുകൾ അഥവാ ജലസംഭരണികൾ തകർന്ന വിവരങ്ങൾ ചരിത്രകാരന്മാർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.