വെറുതെ കളയുന്ന പല വസ്‌തുക്കൾക്കും നമ്മൾ സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത തരത്തിലുള്ള ഗുണങ്ങളുണ്ടാകും. പലപ്പോവും അത് നമ്മൾ തിരിച്ചറിയാറില്ലെന്ന് മാത്രം. അത്തരത്തിൽ നമ്മൾ വലിച്ചെറിയുന്ന ഒരു സാധനമാണ് പ്ലാസ്റ്റിക് കുപ്പി. ഇതുപയോഗിച്ച് തക്കാളി പോലുള്ള പച്ചക്കറികൾ കേടുകൂടാതെ സൂക്ഷിക്കാൻ കഴിയുമെന്ന് അധികമാർക്കും അറിയാത്ത കാര്യമാണ്.
ചെയ്യേണ്ടത്
പ്ലാസ്റ്റിക് കുപ്പിയുടെ മുകൾഭാഗം വട്ടത്തിൽ മുറിച്ചുകൊടുക്കുക. ജലാംശം ഒട്ടുമില്ലാത്ത കുപ്പിയാണ് വേണ്ടത്. ഇതിൽ തക്കാളിയാണ് സൂക്ഷിക്കേണ്ടതെങ്കിൽ, കുപ്പിയുടെ താഴ്ഭാഗത്ത് തക്കാളി ഇട്ടുകൊടുക്കാം. ശേഷം കുപ്പിയുടെ മേൽഭാഗം കൊണ്ട് അത് കവർ ചെയ്യാം. വായു ഉള്ളിൽ കടക്കാത്ത രീതിയിലായിരിക്കണം കവർ ചെയ്യേണ്ടത്. ഇനി ഇത് ഫ്രിഡ്‌ജിൽ സൂക്ഷിക്കാം. കുറച്ചുനാൾ കേടാകാതെ തക്കാളി സൂക്ഷിക്കാൻ ഇത് സഹായിക്കും.
നിങ്ങൾക്ക് കറിവേപ്പിലയാണ് ഫ്രിഡ്‌ജിൽ സൂക്ഷിക്കാനുള്ളതെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കുപ്പിയുടെ മേൽഭാഗം മുറിക്കേണ്ട കാര്യമില്ല. വാവട്ടം വലിപ്പമുള്ള കുപ്പിയാണ് എടുക്കേണ്ടത് വായു ഒട്ടും കടക്കരുത്. ആദ്യം തന്നെ കറിവേപ്പില നന്നായി കഴുകി, വെള്ളം കളയുക. ജലാംശം ഒട്ടുമില്ലെന്ന് ഉറപ്പുവരുത്തണം. ഇനി കുപ്പിയുടെ അടിയിൽ ടിഷ്യൂ പേപ്പർ വിരിച്ചുകൊടുക്കാം. ശേഷം കറിവേപ്പില ഇട്ടുകൊടുക്കുക. മുകളിൽ ടിഷ്യൂ പേപ്പർ വച്ച് മറച്ചുകൊടുക്കാം. ഇനി നന്നായി അടച്ചുവച്ച് ഫ്രിഡ്ജിൽ വയ്ക്കാം. വായു ഒട്ടും കടക്കാത്ത കുപ്പിയാണെന്ന് ഉറപ്പുവരുത്തണം. കറിവേപ്പില ഈ രീതിയിൽ സൂക്ഷിക്കുകയാണെങ്കിൽ മാസങ്ങളോളം കേടുകൂടാതിരിക്കും.