ഛത്രപതി ശിവജി രാജ്യം ഭരിക്കുന്ന കാലം. ശിവജിയുടെ കോട്ടയിൽ ദിവസവും പാൽ വിറ്റാണ് ആ സ്ത്രീ ജീവിച്ചിരുന്നത്. ഒരു ദിവസം പതിവു പോലെ അവർ മലമുകളിലുള്ള കോട്ടയിൽ പാൽ വിൽക്കാൻ ചെന്നു. പാൽ വിറ്റ് തിരിച്ചുവന്നപ്പോഴേയ്ക്കും പുറത്തേക്കുള്ള കോട്ടവാതിൽ അടച്ചിരുന്നു. പാൽക്കാരി കാവൽക്കാരോട് കേണപേക്ഷിച്ചു: 'കുടിലിൽ എന്റെ കുഞ്ഞ് ഒറ്റയ്ക്കാണുള്ളത്. നേരം സന്ധ്യയായി. ഇനിയും ഞാൻ വീട്ടിലെത്തിയില്ലെങ്കിൽ കുഞ്ഞ് പേടിച്ചു കരഞ്ഞുതുടങ്ങും. കുഞ്ഞിന് എന്തെങ്കിലും സംഭവിച്ചാൽപ്പിന്നെ ഞാൻ ജീവനോടെയിരിക്കില്ല. എന്നെ കോട്ടയ്ക്കു പുറത്തേയ്ക്ക് കടത്തിവിടാൻ ദയവുണ്ടാകണം."
എന്നാൽ, കാവൽക്കാർ കോട്ടവാതിൽ തുറക്കാൻ തയ്യാറല്ലായിരുന്നു. നിരാശയും ദുഃഖവും സഹിക്കാനാവാതെ പാൽക്കാരി കോട്ടയ്ക്കു പുറത്തു പോകാൻ മറ്റേതെങ്കിലും മാർഗമുണ്ടോ എന്ന് തിരഞ്ഞുതുടങ്ങി. അടുത്ത ദിവസം രാവിലെ കോട്ടവാതിൽ തുറന്നപ്പോൾ പാൽക്കാരി കോട്ടയ്ക്കകത്തു പ്രവേശിക്കാനായി പുറത്തു നിൽക്കുന്നുണ്ടായിരുന്നു. പാൽക്കാരിയെ കണ്ട് കാവൽക്കാർ അത്ഭുതപ്പെട്ടു. ആ സ്ത്രീ എങ്ങനെയാണ് തലേന്നു രാത്രി പുറത്തുകടന്നതെന്ന് അവർക്കു മനസിലായില്ല. അവർ പാൽക്കാരിയെ രാജാവിനു മുന്നിൽ ഹാജരാക്കി. എങ്ങനെയാണ് കോട്ടയ്ക്കു പുറത്തുകടന്നതെന്ന് ശിവജി പാൽക്കാരിയോടു ചോദിച്ചു. പാൽക്കാരി കഴിഞ്ഞതെല്ലാം വിശദമായി പറഞ്ഞു.
രാജാവ് ആ സ്ത്രീയെയും കൂട്ടി, അവർ കോട്ടയ്ക്കു പുറത്തു കടന്ന സ്ഥലം കാണാനെത്തി. കോട്ടമതിലിൽ ചെറിയൊരു വിള്ളലുണ്ടായിരുന്നു. ആ വിള്ളലിലൂടെ പുറത്തുകടന്ന് ദുർഘടം പിടിച്ച മലയിറങ്ങുന്നത് പകൽ വെളിച്ചത്തിൽപ്പോലും അസാദ്ധ്യമായിരുന്നു. ശിവജി പാൽക്കാരിയോടു ചോദിച്ചു: 'ഇരുട്ടത്ത് മലയിറങ്ങുമ്പോൾ നിനക്ക് അല്പം പോലും ഭയം തോന്നിയില്ലേ?" പാൽക്കാരി പറഞ്ഞു: 'ഇന്നലെ എന്റെ മനസിൽ ഒരേയൊരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. എങ്ങനെയെങ്കിലും എന്റെ കുഞ്ഞിന്റെ അടുത്തെത്തണം. കുഞ്ഞ് എന്നെക്കാണാതെ വല്ലാതെ വിഷമിക്കുന്നുണ്ടാവും. ഞാൻ മറ്റെല്ലാം മറന്നുപോയി. മരണ സാദ്ധ്യതയെക്കുറിച്ചു പോലും ചിന്തിച്ചില്ല."
ആപത്തുകളും തടസങ്ങളും ആ പാൽക്കാരിയെ തളർത്തിയില്ല. തന്റെ കുഞ്ഞിനോടുള്ള സ്നേഹം അവൾക്ക് എല്ലാ പ്രശ്നങ്ങളെയും അതിജീവിക്കാനുള്ള കരുത്തു പകർന്നു. ഈ കഥയുടെ സന്ദേശമെന്താണ്? ഏതൊരു ലക്ഷ്യവും നേടുന്നതിൽ നിന്ന് നമ്മെ തടയുന്ന പ്രധാന ഘടകം ഭയമാണ്. ഭയം മൂലം നമ്മുടെ ശക്തിയും കഴിവും പ്രയോജനപ്പെടുത്താൻ നമുക്ക് കഴിയാതെ പോകുന്നു. എന്നാൽ ഭയത്തെ അതിജീവിക്കാൻ പ്രാപ്തരാക്കുന്ന ഒരു ശക്തിവിശേഷം നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്. അതാണ് സ്നേഹം.
എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി മന്നോട്ടു പോകാൻ അത് നമുക്ക് ശക്തി പകരും. മനസിൽ സ്നേഹം നിറഞ്ഞാൽ, ഉദാത്തമായ ഒരാദർശത്തെയോ മഹത്തായ ലക്ഷ്യത്തെയോ സ്നേഹിക്കുവാൻ കഴിഞ്ഞാൽ പിന്നെ ഏതു പ്രതിസന്ധിക്കും നമ്മെ തളർത്താനാവില്ല. പത്തു മാസം വലിയ ഭാരവും വയറ്റിൽ വഹിച്ച് ത്യാഗനിർഭരമായ ജീവിതം നയിക്കാൻ ഒരു അമ്മയ്ക്ക് കരുത്തു പകരുന്നത് ജനിക്കാൻ പോകുന്ന കുഞ്ഞിനോടുള്ള സ്നേഹമാണ്. ഏത് ആപത്തിനെയും, മരണഭയത്തെപ്പോലും അതിജീവിച്ച് വിജയം വരിക്കാൻ വേണ്ട ശക്തി സ്നേഹത്തിൽനിന്ന് ലഭിക്കും.