നെടുമങ്ങാട്: വിതുര പഞ്ചായത്തിലെ കല്ലാർ മേഖലയിൽ വീണ്ടും കാട്ടുമൃഗശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം രാവിലെ സി.പി.എം മുൻ കല്ലാർ ബ്രാഞ്ച് സെക്രട്ടറി മംഗലകരിക്കകം മോഹനന്റെ വീട്ടിൽ കെട്ടിരുന്ന ആടുകളെ കൂട്ടത്തോടെയെത്തിയ ചെന്നായ്ക്കൾ കടിച്ചുകൊന്നു. ഗർഭിണിയായ ആട് അടക്കം രണ്ട് ആടുകളെ ചെന്നായ്ക്കൾ കൊന്നുതിന്നു. രണ്ട് ആടുകളെ മാരകമായി കടിച്ച് മുറിവേൽപ്പിച്ചു.
ഒരാഴ്ചമുൻപ് കല്ലാർ ജംഗ്ഷന് സമീപം ഇറങ്ങിയ കാട്ടാനകൾ പ്രദേശത്തെ കൃഷികൾ നശിപ്പിച്ചിരുന്നു. ജനവാസമേഖലകളിൽ കാട്ടുമൃഗങ്ങൾ എത്തിയതോടെ ജനം ഭീതിയിലാണ്. രാത്രിയിലും കാട്ടുമൃഗ ശല്യമുണ്ട്. കല്ലാറിൽ നേരത്തേ കാട്ടാനയുടെ ആക്രമണത്തിൽ മൂന്ന് പേർ മരണപ്പെട്ടിട്ടുണ്ട്. പദ്മശ്രീ ലക്ഷ്മിക്കുട്ടിയുടെ മകൻ സർക്കാർ ഉദ്യോഗസ്ഥനായ ധരണീന്ദ്രൻകാണിയെ ആറാനക്കുഴിയിൽ നിന്നും മരുതാമല മക്കി ശ്രീധർമ്മശാസ്താക്ഷേത്രത്തിലേക്ക് പോവേ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന ധരണീന്ദ്രൻകാണിയുടെ ഭാര്യയും,മക്കളും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
ചെന്നായ്ക്കൾക്ക് പുറമേ കല്ലാർ മേഖലയിൽ പുലിയും ഭീതി പരത്തുകയാണ്. അനവധി തവണ പുലിയിറങ്ങി വളർത്തുനായ്ക്കളെ കൊന്നാടുക്കിയിട്ടുണ്ട്. ഒരാളെ പുലി ആക്രമിച്ചിട്ടുമുണ്ട്. കരടിയുടെ ആക്രമണത്തിലും രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. കാട്ടുമൃഗശല്യത്തിൽ പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
കൃഷിയും അന്യം
കല്ലാർമേഖലയിൽ കൃഷി അന്യമാകുന്നു.പതിനായിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് കാട്ടുമൃഗങ്ങൾ വിതച്ചിരിക്കുന്നത്. ആദിവാസിമേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. കാട്ടുമൃഗശല്യം നിമിത്തം ആദിവാസികളുടെ ഉപജീവനമാർഗം അടഞ്ഞിരിക്കുകയാണ്.
ആനക്കിടങ്ങും സോളാർവേലിയും
കാട്ടുമൃഗശല്യത്തിന് തടയിടുന്നതിനായി ആനക്കിടങ്ങും, വൈദ്യുതിവേലിയും സ്ഥാപിക്കുമെന്ന വനപാലകരുടെ വാഗ്ദാനം മിക്കമേഖലകളിലും യാഥാർത്ഥ്യമായിട്ടില്ല. ചിലയിടങ്ങളിൽ സ്ഥാപിച്ചെങ്കിലും അവ നശിച്ചു. വിതുര പഞ്ചായത്തിൽ കാട്ടുമൃഗശല്യമുള്ള മേഖലയാണ് കല്ലാർ. വന്യമൃഗശല്യത്തിന് തടയിടണമെന്നാവശ്യപ്പെട്ട് കല്ലാർ നിവാസികൾ നിരവധി സമരങ്ങളും നിവേദനങ്ങളും നൽകിയിട്ടുണ്ട്. മന്ത്രിവരെ സന്ദർശിച്ച് പരിഹരിക്കാമെന്ന് വാഗ്ദാനം നടത്തിയെങ്കിലും ഒന്നുമായില്ല.
ടൂറിസ്റ്റുകൾക്ക് ജാഗ്രത
പൊൻമുടി,കല്ലാർ മേഖലകളിലെത്തുന്ന സഞ്ചാരികൾ ജാഗ്രത പാലിക്കണം. കല്ലാർ,പൊൻമുടി റോഡരികിലും പകലും കാട്ടുമൃഗ സാന്നിദ്ധ്യമുണ്ട്. സഞ്ചാരികൾ പൊലീസിന്റെയും, വനപാലകരുടേയും നിദ്ദേശമനുസരിച്ച് സന്ദർശനം നടത്തണം.
കാട്ടുമൃഗശല്യത്തിൽ നിന്നും കല്ലാറിലെ ജനങ്ങളെ സംരക്ഷിക്കണം.അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ പൊൻമുടി സംസ്ഥാനപാത ഉപരോധിക്കും.
കല്ലാർ എക്സ് സർവീസ് മെൻസ് റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ.