അബുദാബി: തങ്ങളുടെ പ്രിയപ്പെട്ടയാൾ മരിക്കുമ്പോൾ പ്രവാസി കുടുംബങ്ങൾ നേരിടുന്ന പ്രധാനപ്പെട്ട ചോദ്യം മൃതദേഹം നാട്ടിലെത്തിക്കണോ അതോ വിദേശത്തുതന്നെ സംസ്‌കരിക്കണോ എന്നതാണ്. യുഎഇയിലെ പല പ്രവാസികളും ബന്ധുക്കളുടെ മൃതദേഹം അവിടെതന്നെ സംസ്‌കരിക്കാൻ ആഗ്രഹിക്കുന്ന പ്രവണത വർദ്ധിക്കുകയാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
യുഎഇയിൽ അന്ത്യകർമ്മങ്ങൾക്കാവശ്യമായ രേഖകൾ തയ്യാറാക്കുന്നതിന് ചില നടപടിക്രമങ്ങൾ പിന്തുടരേണ്ടതുണ്ട്. ശവസംസ്‌കാരവുമായി ബന്ധപ്പെട്ട് അനേകം സേവനങ്ങളും രാജ്യത്ത് ലഭ്യമാണ്. യുഎഇയിൽ ശവസംസ്‌കാരത്തിനാവശ്യമായ നടപടിക്രമങ്ങൾ ലളിതവും സൗകര്യപ്രദവുമാണെന്ന് ഹിന്ദു പ്രവാസികളും വെളിപ്പെടുത്തുന്നു.
വളരെ ചെലവ് കുറഞ്ഞ് ശവസംസ്‌കാര സേവനങ്ങൾ യുഎഇയിൽ ലഭ്യമാണെന്ന് പ്രവാസിയായ ആരുഷ് ബാല പറയുന്നു. യുഎഇയിൽ വച്ച് മരണപ്പെട്ട തന്റെ അമ്മാവന്റെ സംസ്‌കാരച്ചടങ്ങുകൾ ആരുഷ് അവിടെതന്നെ നടത്തിയിരുന്നു. ശവസംസ്‌കാരത്തിനുള്ള ഫീസ് 2500 (ഏകദേശം 57000 രൂപ) ദിർഹമാണെന്ന് ആരുഷ് വ്യക്തമാക്കി. 500 ദിർഹം ഡെപ്പോസിറ്റ്, 1010 ദിർഹം മുനിസിപ്പാലിറ്റി ഫീസ് എന്നിങ്ങനെയും നൽകണം. മൊത്തത്തിൽ ഏകദേശം 4000 ദിർഹം (ഏകദേശം 91,000 രൂപ) ആണ് ശവസംസ്‌കാരത്തിനായി ചെലവായതെന്ന് ആരുഷ് പറഞ്ഞു.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കാരം നടത്തുന്നതിനേക്കാൾ വളരെ കുറവ് ചെലവാണ് യുഎഇയിൽതന്നെ സംസ്‌കാരം നടത്തുന്നതിനെന്ന് പ്രവാസികൾ വ്യക്തമാക്കുന്നു. പ്രവാസജീവിതം നയിക്കുന്നവർക്ക് തങ്ങളുടെ ബന്ധുക്കളുടെ ശവകുടീരം ഇടയ്ക്കിടെ സന്ദർശിക്കാനാകുമെന്നതിനാലും ഓർമദിനത്തിൽ ചടങ്ങുകൾ നടത്താനാകുമെന്നതിനാലും വിദേശത്ത് തന്നെ ശവസംസ്‌കാരം നിർവഹിക്കാൻ കൂടുതൽപ്പേരും ആഗ്രഹിക്കുന്നു.