supreme-court

ന്യൂഡൽഹി : കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ മൊബൈൽഫോണിൽ ഡൗൺലോഡ് ചെയ്തത് കുറ്റകരമല്ലെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിൽ സുപ്രീംകോടതി കേരളപൊലീസിന് നോട്ടീസയച്ചു. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ഫോർ ചിൽഡ്രൻ അലയൻസാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

ഇത്തരം വീഡിയോ ബോധപൂർ‌വം ഡൗൺലോഡ് ചെയ്യുകയോ അതിനായി സൂക്ഷിക്കുകയോ ചെയ്താൽ മാത്രമേ പോക്സോ പ്രകാരമുള്ള കുറ്റകൃത്യം നിലനിൽക്കൂ എന്നായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. ഇൻഫർമേഷൻ ടെക്‌നോളജി നിയമപ്രകാരം ഇത്തരത്തിൽ ഡൗൺലോഡ് ചെയ്യുന്നത് കുറ്റകരമായി വ്യാഖ്യാനിക്കാൻ കഴിയില്ല . പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമ‌ർശം. പോക്സോ നിയമം സെക്ഷൻ 15(2)​,​ ഐ.ടി ആക്ട് സെക്ഷൻ 67 ബി (ബി)​ എന്നിവ പ്രകാരമുള്ള കുറ്റമാണ് ഹർജിക്കാരനെതിരെ ആരോപിക്കപ്പെട്ടത്.

ടെലിഗ്രാമിൽ നിന്ന് ഇത്തരം അശ്ലീല ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചുവച്ചു എന്നായിരുന്നു ഹർജിക്കാരനെതിരെയുള്ള ആരോപണം. ഇത്തരം അശ്ലീല ദൃശ്യങ്ങൾ സ്വന്തമായി സൂക്ഷിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യുന്നത് കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിച്ചു. അല്ലെങ്കിൽ പ്രദർശിപ്പിക്കാനോ വിതരണം ചെയ്യാനോ ഉദ്ദേശ്യമുണ്ടായിരുന്നു എന്നതിന് തെളിവുകൾ ആവശ്യമാണ്. അത്തരത്തിൽ തെളിവുകളൊന്നും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കുറ്റകൃത്യമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കേസിൽ കുറ്റാരോപിതനായ ഹർജിക്കാരനെ കോടതി വെറുതേ വിട്ടിരുന്നു.