national
പ്രതീകാത്മക ചിത്രം

കോയമ്പത്തൂര്‍: ക്ഷേത്രങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമി തിരിച്ചുപിടിച്ച് സംസ്ഥാന സര്‍ക്കാര്‍. കോയമ്പത്തൂരിലെ 100 കോടി രൂപ വിലമതിക്കുന്ന 3.42 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാരിലേക്ക് തിരിച്ചുപിടിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ക്ഷേത്രങ്ങളുടെ ഭരണ ചുമതലയുള്ള എച്ച് ആര്‍ ആന്റ് സി ഇ വകുപ്പാണ് കോയമ്പത്തൂരിലെ സൗരിപാളയത്തിലെ ശക്തിമാരിയമ്മന്‍ ക്ഷേത്രം, പ്ലേഗ് മാരിയമ്മന്‍ ക്ഷേത്രം എന്നിവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലമാണ് സര്‍ക്കാര്‍ വകുപ്പ് തിരിച്ചുപിടിച്ചത്.

എച്ച് ആര്‍ ആന്റ് സിഇ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി ശേഖര്‍ബാബുവാണ് സ്ഥലം തിരിച്ചുപിടിക്കുന്നതിന് നേതൃത്വം വഹിച്ചത്. മുഴുവന്‍ ഭൂമിയും തിരിച്ചുപിടിച്ചതായി അദ്ദേഹം അറിയിച്ചു. 2013 വരെ ഈ ഭൂമി ഒരു സ്വകാര്യ ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ കൈവശമായിരുന്നു. 2010 ല്‍ ക്ഷേത്ര ഭൂമി ഉപയോഗിക്കുന്നതിന് ഇവര്‍ ഒരു കരാര്‍ ഒപ്പിട്ടിരുന്നു. 2013 വരെയായിരുന്നു കരാറിന്റെ സാധുത. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഭൂമി മടക്കി നല്‍കാന്‍ ഇവര്‍ തയ്യാറായില്ല.

തുടര്‍ന്ന് സര്‍ക്കാര്‍ ഇവരില്‍ നിന്ന് ഭൂമി തിരിച്ചുപിടിക്കാന്‍ നീക്കം ആരംഭിച്ചിരുന്നു. എന്നാല്‍ പലതവണയായി വിവരം ധരിപ്പിച്ചിട്ടും ഭൂമി മടക്കി നല്‍കിയിരുന്നില്ല. ഒടുവില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയിരുന്നു. ഈ സ്ഥലത്ത് ക്ഷേത്രത്തിനായി ഒരു കൊമേഴ്‌സ്യല്‍ കോംപ്ലക്‌സ് പണിയുമെന്നും ഇതിന്റെ വരുമാനം ക്ഷേത്രത്തിന്റെ സാമ്പത്തികപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ഉപയോഗിക്കുമെന്നും മന്ത്രി ശേഖര്‍ബാബു പറഞ്ഞു.