railway
പ്രതീകാത്മക ചിത്രം

കൊച്ചി: യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത. പരീക്ഷണയോട്ടം വിജയിച്ചതിന് പിന്നാലെ പാലക്കാട് വഴിയുള്ള എറണാകുളം-ബംഗളൂരു വന്ദേഭാരത് എക്‌സ്പ്രസിന്റെ സര്‍വീസ് തുടരാന്‍ റെയില്‍വേ തീരുമാനമെടുത്തേക്കും. ആഗസ്റ്റ് 26ന് ശേഷവും എറണാകുളം- ബംഗളൂരു വന്ദേഭാരത് ഓടുമെന്ന് വിവരം. കഴിഞ്ഞ മാസം 30 മുതല്‍ ഈ മാസം 26വരെയാണ് പരീക്ഷണാടിസ്ഥാനത്തിലുള്ള സ്‌പെഷ്യല്‍ സര്‍വീസ്. പരീക്ഷണയോട്ടം പ്രതീക്ഷിച്ചതിലും വിജയകരമാണെന്നും ഏറിയ ദിവസങ്ങളിലും 85-90ശതമാനം സീറ്റുകളും ബുക്കിംഗോടെയാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നതെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

സര്‍വീസ് സ്ഥിരമാക്കുന്നതോടെ യാത്രക്കാര്‍ ഏറെയുള്ള ബംഗളൂരു- എറണാകുളം റൂട്ടില്‍ വന്ദേഭാരതിനായി നേരത്തെ മുതല്‍ ഉയര്‍ന്ന ആവശ്യം സാക്ഷാത്കരിക്കപ്പെടും. എറണാകുളത്തു നിന്നും സമീപ ജില്ലകളില്‍ നിന്നും ബംഗളൂരുവില്‍ ജോലി ചെയ്യുന്നവരായ നിരവധിപ്പേര്‍ക്ക് സ്വകാര്യ വോള്‍വോ ബസുകളുടെ കൊള്ളയില്‍ നിന്ന് രക്ഷനേടാന്‍ വന്ദേഭാരത് ഉപകരിക്കുമെന്ന് യാത്രക്കാര്‍ കണക്ക് കൂട്ടുന്നു.

സമയം മാറ്റണമെന്ന് ആവശ്യം

എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50ന് പുറപ്പെട്ട് രാത്രി 10ന് ബംഗളൂരു കന്റോണ്‍മെന്റിലെത്തുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ അഞ്ചരയ്ക്ക് തിരിച്ച് ഉച്ചയ്ക്ക് 2.20ന് എറണാകുളത്തെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ സമയം ജോലിക്കാരായ യാത്രക്കാര്‍ക്ക് ഉപകാരപ്രദമല്ല എന്നായിരുന്നു പരാതികള്‍. എന്നാല്‍, വന്ദേഭാരത് ട്രെയിനുകളുടെ പൊതുവേയുള്ള സമയക്രമീകരണത്തിന്റെ ഭാഗമാണ് ഇതെന്നും അഖിലേന്ത്യാതലത്തിലേ സമയക്രമം മാറ്റാനാകൂവെന്നുമാണ് റെയില്‍വേ വിശദീകരണം.

ജോലിക്കാരായ യാത്രക്കാര്‍ക്കും ഗുണകരമാകുന്ന വിധം സമയം ക്രമീകരിക്കണം, ആഴ്ചയില്‍ എല്ലാ ദിവസവും സര്‍വീസ് വേണം, കോച്ചുകളുടെ എണ്ണം കൂട്ടണം. വന്ദേഭാരത് നീട്ടുന്നത് യാത്രക്കാര്‍ക്ക് ഗുണം ചെയ്യും. സര്‍വീസ് ആഴ്ചയില്‍ എല്ലാ ദിവസവും ആക്കണം. നിലവിലുള്ള 8 കോച്ചിന് പകരം 16 കോച്ചുകളാക്കണം. - പി. കൃഷ്ണകുമാര്‍, ദക്ഷിണ റെയില്‍വേ ഉപദേശക സമിതി മുന്‍ അംഗം

നിരക്ക്

എ.സി ചെയര്‍ കാര്‍- 1,465 രൂപ

എക്‌സിക്യൂട്ടീവ് ചെയര്‍ കാര്‍- 2,945 രൂപ

06001- എറണാകുളം - ബംഗളൂരു വന്ദേഭാരത്

ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍

(സ്റ്റോപ്പ്- സമയക്രമം)

എറണാകുളം -ഉച്ചയ്ക്ക് 12.50

തൃശൂര്‍ -1.53

പാലക്കാട് - 3.15

പോത്തനൂര്‍ - 4.13

തിരുപ്പൂര്‍ - 4.58

ഈറോഡ് - 5.45

സേലം - 6.33

ബംഗളൂരു കന്റോണ്‍മെന്റ് -രാത്രി 10

06002 ബംഗളൂരു - എറണാകുളം വന്ദേഭാരത്

വ്യാഴം, ശനി, തിങ്കള്‍ ദിവസങ്ങളില്‍

(സ്റ്റോപ്പ്- സമയക്രമം)

ബംഗളൂരു കന്റോണ്‍മെന്റ് -രാവിലെ 5.30

സേലം - 8.58

ഈറോഡ് - 9.50

തിരുപ്പൂര്‍ -10.33

പോത്തനൂര്‍ - 1.15

പാലക്കാട് - 12.08

തൃശൂര്‍ - 1.18

എറണാകുളം- 2.20