d

കൊച്ചി: നക്ഷത്ര ഹോട്ടലുകളിൽ പഞ്ചാബി രുചി പകർന്ന ജനപ്രിയ ഷെഫാണ് അമൻപ്രീത് സിംഗ്(32). കൊച്ചിയിലെ 'പഞ്ചാബിഹൗസാ'യ തേവരയിൽ ജനിച്ചുവളർന്ന മല്ലൂസിംഗ്. വിദേശത്തുപോകണമെന്നായിരുന്നു അമൻപ്രീതിന്റെ ആഗ്രഹം. കൈപ്പുണ്യവുമായി കടൽകടക്കാനൊരുങ്ങുമ്പോഴാണ് ഉൾവിളിയുണ്ടായത്. പോറ്റമ്മയായ കേരളത്തിന്റെ ലാളനം മനസിൽ നിറഞ്ഞതോടെ തിരിച്ചെത്തി. തേവരയിൽ 'ടേസ്റ്റ് ഒഫ് പഞ്ചാബ്' റസ്റ്റോറന്റ് തുടങ്ങി. സ‌ർദാർജിമാരോട് കൊച്ചിക്കുള്ള സ്നേഹം ഗുണമാകുമെന്ന് പിതാവ് സുരേന്ദർപാൽ സിംഗ് പ്രോത്സാഹിപ്പിച്ചു. രണ്ടുവർഷം കൊണ്ട് സംരംഭം ഹിറ്റായി.

ഇഡ്ഡലി- സാമ്പാറിന്റേയും ഓണസദ്യയുടേയും വിദ്യയറിഞ്ഞ അമ്മ മൻജീത് കൗറിൽ നിന്നാണ് അമൻപ്രീത് അടുക്കളയുടെ 'രസ'തന്ത്രം മനസിലാക്കിയത്. ഫുഡ്ക്രാഫ്റ്റ് ഡിപ്ലോമയും ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ബിരുദവും നേടിയാണ് അമൻപ്രീത് ഷെഫായത്. കൊച്ചിയിലെ ട്രൈഡന്റ്, ലെ മെറിഡിയൻ, ബെംഗളൂരുവിലെ ഷെരാട്ടൺ ഹോട്ടലുകളിൽ പഞ്ചാബി രുചി വിളമ്പി. തുടർന്ന് കാനഡയിൽ നിന്ന് ഓഫർ എത്തി. അപ്പോഴാണ് ദൈവത്തിന്റെ സ്വന്തം നാടിനെ മറക്കാനാകില്ലെന്ന് തിരിച്ചറിഞ്ഞത്.

മലയാളം പറയാനറിയാം അമൻപ്രീതിന്. കേരളീയർ ആരേയും രണ്ടുതരത്തിൽ കാണുന്നവരല്ലെന്ന് അമൻപ്രീത് പറയുന്നു. മലയാളം എഴുതാനും വായിക്കാനും പഠിക്കാത്തത് നഷ്ടബോധമാണെന്നും.

കൊച്ചി നേവൽബേസിലെ ലഫ്. കമാൻഡറായിരുന്ന പഠാൻകോട്ട് സ്വദേശി അവ്താർ സിംഗിന്റെ കൊച്ചുമകനാണ് അമൻപ്രീത്. തേവരയിൽ ഗുരുദ്വാര വന്നപ്പോൾ അവ്താർ സിംഗ് കുടുംബവുമായി ഇവിടെ കൂടി. അമൻപ്രീതിന്റെ അച്ഛൻ സുരീന്ദർപാലിന് ഇലക്ട്രിക്കൽ ബിസിനസായിരുന്നു. ഇപ്പോൾ മകനൊപ്പം റസ്റ്റൊറന്റിൽ തന്നെയാണ്. അമൃത്‌സർ സ്വദേശിയാണ് അമ്മ. മൂത്തസഹോദരൻ സിമ്രൻ സിംഗ് മർച്ചന്റ് നേവിയിലാണ്. മാതാപിതാക്കളുടെ ബന്ധുക്കളെ കാണാനും പൈതൃക രുചികളറിയാനും അമൻപ്രീത് ഇടയ്ക്കിടെ പഞ്ചാബിലെത്താറുണ്ട്.

വിഭവങ്ങൾ ആവോളം

'ടേസ്റ്റ് ഒഫ് പഞ്ചാബി'ൽ ഒന്നിനും കലർപ്പില്ല. ചൈനീസ്, കോണ്ടിനെന്റൽ, കേരള വിഭവങ്ങളൊന്നും കിട്ടില്ല. ഡിഷുകൾ പഞ്ചാബി മാത്രം. മസാലകൾ വെയിലത്തുണക്കി വീട്ടിൽ പൊടിച്ചവയാണ്. തന്തൂരി ചിക്കനും (348 രൂപ), ആട്ടിറച്ചിയെ വെല്ലുന്ന വെജ് ഡിഷ് 'സോയാചാപ്സി'നും (180 രൂപ) വൻ ഡിമാന്റാണ്. പുലാവ്, ജീരാ റൈസ്, ആലു പൊറോത്ത തുടങ്ങിയവും പ്രിയങ്കരം.