pic

ന്യൂയോർക്ക് : മനുഷ്യരടക്കം ഭൂമിയിലെ ജീവികൾക്ക് ഒഴിവാക്കാൻ സാധിക്കാത്ത ഒന്നാണ് മരണം. മരണത്തെ തോൽപ്പിക്കാനുള്ള ഗവേഷണങ്ങൾക്ക് ദശാബ്ദങ്ങളോളം പഴക്കമുണ്ട്. മരണത്തെ അതിജീവിക്കാനുള്ള ഒരു വിദ്യയും ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല. എന്നാൽ അങ്ങനെയൊന്ന് ഉണ്ടായാലോ. മരിച്ചുപോയവരെ ഭാവിയിൽ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞാലോ ?

അത്തരം സാങ്കേതികവിദ്യ മനുഷ്യൻ വികസിപ്പിച്ചാൽ അപ്പോൾ ജീവിത്തിലേക്ക് മടക്കിക്കൊണ്ടു വരാനായി ഒരാളുടെ മൃതദേഹത്തെ ശീതീകരിച്ച് സൂക്ഷിക്കുന്ന വിദ്യയാണ് ക്രയോണിക്സ് ( Cryonics ) പ്രക്രിയ.

മരിച്ചുകഴിഞ്ഞാലും ഭാവിയിൽ എന്നെങ്കിലുമൊരിക്കൽ ജീവിതത്തിലേക്ക് മടങ്ങിയെത്തണമെന്ന ആഗ്രഹമുള്ളവർക്കായി ക്രയോണിക്സ് വിദ്യയിലൂടെ മൃതശരീരം ശീതീകരിച്ച് സൂക്ഷിക്കാമെന്ന വാഗ്ദ്ധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ജർമ്മൻ സ്റ്റാർട്ട് - അപ്പ്. 'ടുമോറോ ബയോ" എന്നാണ് കമ്പനിയുടെ പേര്.

മരണപ്പെട്ടയാളുടെ ശരീരം പൂർണമായും സംരക്ഷിക്കുന്നതിന് 1.8 കോടി രൂപയും തലച്ചോർ മാത്രം ശീതികരിച്ചാൽ മതിയാകുമെങ്കിൽ 67.2 ലക്ഷം രൂപയുമാണ് കമ്പനി നിരക്കേർപ്പെടുത്തിയിട്ടുള്ളത്. മൈനസ് 198 ഡിഗ്രി സെൽഷ്യസ് താപനിലയിൽ ശരീരത്തിലെ എല്ലാ ജൈവപ്രക്രിയകളും അനിശ്ചിതകാലത്തേക്ക് തടഞ്ഞുവയ്ക്കുന്ന രീതി ആണ് കമ്പനി സ്വീകരിക്കുക. ലിക്വിഡ് നൈട്രജൻ നിറച്ച പ്രത്യേക സ്റ്റീൽ കണ്ടെയ്നറുകളിൽ ഇവ സൂക്ഷിക്കും.

ഇതുവരെ ആറ് പേരെയും അഞ്ച് വളർത്തുമൃഗങ്ങളെയും കമ്പനി ക്രയോപ്രിസർവേഷന് വിധേയമാക്കിയിട്ടുണ്ടത്രെ. 650 ലേറെ പേർ സേവനത്തിനായി പണം നൽകിക്കഴിഞ്ഞു. സ്വിറ്റ്സർലൻഡിലാണ് കമ്പനിയുടെ പ്രധാന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ബെർലിൻ, ആംസ്റ്റർഡാം, സുറിച്ച് തുടങ്ങിയ നഗരങ്ങളിലെല്ലാം കമ്പനിക്ക് ജീവനക്കാരുണ്ട്. മരണപ്പെട്ടവരുടെ മൃതദേഹം ശേഖരിക്കാൻ പ്രത്യേക ആംബുലൻസുകളും സജ്ജമാണ്.

ക്രയോണിക്സ് വിദ്യയിലൂടെ മൃതശരീരം ശീതീകരിച്ച് സൂക്ഷിക്കാൻ സഹായിക്കുന്ന നിരവധി കമ്പനികൾ ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. ക്രയോണിക്സ് പ്രക്രിയയ്ക്ക് ശാസ്ത്രലോകത്ത് നിന്ന് തന്നെ വിമർശനങ്ങളും ഉയരുന്നുണ്ട്.

മനുഷ്യനെയോ മറ്റേതെങ്കിലും ജീവി വർഗത്തെയോ വിജയകരമായി പുനരുജ്ജീവിപ്പിക്കാനുള്ള സാദ്ധ്യത വളരെ വിദൂരമാണ്. എങ്കിലും ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ അങ്ങനെയൊരു സാദ്ധ്യത ഉണ്ടായാലോ എന്നാണ് ക്രയോണിക്സിനെ അനുകൂലിക്കുന്നവരുടെ വാദം.!