വിഴിഞ്ഞം: കേന്ദ്ര സമുദ്ര ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആദ്യമായി വേളാപ്പാര മീനുകളുടെ കൃത്രിമ പ്രജനനം വിജയകരമായി. സി.എം.എഫ്.ആർ.ഐയുടെ വിഴിഞ്ഞം പ്രാദേശിക ഗവേഷണ കേന്ദ്രത്തിനാണ് ഈ നേട്ടം. മൂന്ന് വർഷം മുമ്പ് അഷ്ടമുടി കായലിന്റെ നീണ്ടകര ഭാഗത്തുനിന്നും ശേഖരിച്ച മാതൃ മത്സ്യങ്ങളെ വിഴിഞ്ഞം കേന്ദ്രത്തിലെ ഹാച്ചറിയിൽ എത്തിച്ചാണ് വളർത്തിയത്. ആൺ-പെൺ മത്സ്യങ്ങളെ തിരിച്ചറിഞ്ഞ് ഹോർമോൺ കുത്തിവച്ച് കൃത്രിമ പ്രജനനം നടത്തിയത്. 2 മുതൽ 4 ലക്ഷം വരെ മുട്ടകളാണ് ഓരോ മത്സ്യത്തിൽ നിന്നും ലഭിച്ചത്.
മുമ്പും പല സമുദ്ര മത്സ്യങ്ങളുടെയും കൃത്രിമ പ്രജനനം ഇവിടെ വിജയകരമായി നടത്തിയിട്ടുണ്ട്. നല്ല വരുമാനം ലഭിക്കുമെന്നതിനാൽ കൂട് മത്സ്യകൃഷി രംഗത്തുള്ള കർഷകർ വളരെയേറെ പ്രതീക്ഷയിലാണ്. വിത്തുത്പാദനത്തിലെ കടമ്പകൾ മറികടന്ന് എത്രയും വേഗം കൃഷിക്കാരിലേക്ക് ഇവയുടെ കുഞ്ഞുങ്ങളെ എത്തിക്കാനുള്ള ശ്രമത്തിലാണ് സി.എം.എഫ്.ആർ.ഐ അധികൃതർ. മത്സ്യ കൂടുകളിലും പെന്നുകളിലും ഉപ്പിന്റെ അംശം താരതമ്യേനെ കുറവുള്ള ഓരു ജല കുളങ്ങളിലും ഇവയെ വ്യാപകമായി കൃഷി ചെയ്യാം. പ്രാഥമികമായി നടത്തിയ പഠനങ്ങളിൽ മികച്ച രോഗ പ്രതിരോധ ശേഷിയും വളർച്ച നിരക്കും കൂട് മത്സ്യകൃഷിയിൽ പ്രകടിപ്പിച്ച ഈ മത്സ്യത്തിന്റെ വിത്തുത്പാദനം വരും നാളുകളിൽ കൃത്യമായി ക്രമീകരിക്കപ്പെടുമെന്നാണ് വിദഗ്ദ്ധരുടെ കണക്കുകൂട്ടൽ. പൂർണമായും പെല്ലെറ്റ് തീറ്റ മാത്രം ഉപയോഗിച്ച് ഇവയെ വളർത്താൻ കഴിയും.
വേളാപ്പാര (വറ്റ) മത്സ്യങ്ങളായ സിൽവർ പൊമ്പാനൊ, ഇന്ത്യൻ പൊമ്പാനൊ (വളയോട്) മത്സ്യങ്ങളെ വിത്തുത്പാദനം നടത്തി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന സി.എം.എഫ്.ആർ.ഐ യുടെ വിവിധ പ്രാദേശിക കേന്ദ്രങ്ങളിൽ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കാർനക്സ് ഇഗ്നോ ബിലാസ് എന്നാണ് ഇവയുടെ ശാസ്ത്രീയ നാമം. പരമാവധി 70 കിലോ വരെ തൂക്കംവരുന്ന ഇവയുടെ വളർച്ചാ നിരക്ക് മറ്റു പല മത്സ്യങ്ങളെ അപേക്ഷിച്ചും വളരെ മുന്നിലാണ്.