1933 ആഗസ്റ്റിലാണ് കോഴിക്കോട് മിഠായിത്തെരുവിലുള്ള ശങ്കരൻ ബേക്കറിയിലെ നിലവിളക്കിൽ ഉദ്ഘാടനത്തിന്റെ തിരി തെളിഞ്ഞത്.രുചിയിൽ വിരിയുന്ന ചിരിയുമായി ആ തിരി ഇന്നും കെടാവിളക്കായി തെളിഞ്ഞ് കത്തുകയാണ്. കോഴിക്കോട്ടുകാർക്ക് മണമുള്ള മധുരം സമ്മാനിച്ച ശങ്കരന് പ്രായാധിക്യമായപ്പോൾ ബേക്കറി ചന്തുക്കുട്ടിക്ക് കൈമാറി.ചന്തുക്കുട്ടിക്ക് വയസായപ്പോൾ മക്കളായ രവീന്ദ്രനും പ്രകാശനും ദിനേശ് ബാബുവും ചേർന്ന് നടത്തി.ഇപ്പോൾ പ്രകാശന്റെ മകൻ റിഷിലാണ് ശങ്കരൻ ബേക്കറി നടത്തുന്നത്.ശങ്കരൻ തുടങ്ങി വെച്ച രുചിയുടെ പെരുമ നഷ്ടപ്പെടാതെയാണ് നാലാം തലമുറയിലെ റിഷിലും ശങ്കരൻ ബേക്കറിയെ കാത്തുസൂക്ഷിക്കുന്നത്.
അന്നും ഇന്നും എന്നും
ഒരേ രുചിയുള്ള ഹൽവ
മലബാർ ഭരിച്ചിരുന്ന സാമൂതിരിയാണ് ലോകത്താദ്യമായി മധുരം വിൽക്കാനായി മിഠായി തെരുവ് എന്ന പേരിൽ ഒരു തെരുവിന് രൂപം കൊടുക്കുന്നത്. അന്നേ മിഠായി തെരുവിന്റെ അഭിമാന മധുരമാണ് ശങ്കരൻ തുടങ്ങിയ ശങ്കരൻ ബേക്കറി. അന്നത്തെ കാലത്ത് ശങ്കരൻ തുടങ്ങിവെച്ച രുചിക്കൂട്ടുകളും രുചിയുമാണ് ഇന്നുമുള്ളത്.ശങ്കരൻ ബേക്കറിയിലെ ഹൽവകൾക്ക് അന്നും ഇന്നും എന്നും അതേ മണവും അതേനിറവും അതേ രുചിയുമായിരിക്കും. മായം കലർത്തില്ല.രാസവസ്തുക്കൾ ഉപയോഗിക്കില്ല.ശുദ്ധമായ ഭക്ഷ്യവസ്തുക്കളും കൃത്യമായ അളവുകളും പാരമ്പര്യമായ പാചകവുമാണ് ശങ്കരൻ ബേക്കറിയുടെ വിജയം. എത്രയൊക്കെ സാങ്കേതികത വളർന്നാലും പഴയ രീതിയിലാണ് ഹൽവകൾ തയ്യാറാക്കുന്നത്.വിവിധ നിറത്തിലും രുചിയിലുമുള്ള ഹൽവകൾ ശങ്കരൻ ബേക്കറിയിലെ കണ്ണാടിപ്പെട്ടിയിൽ കാണുമ്പോൾ തന്നെ കൊതിയൂറും. നാലല്ല നാല്പത് തലമുറ കഴിഞ്ഞാലും ശങ്കരൻ ബേക്കറിയിൽ ശങ്കരൻ തുടങ്ങി വെച്ച രുചികൾ തന്നെ കിട്ടിക്കൊണ്ടേയിരിക്കും.അതാണ് ശങ്കരൻ ബേക്കറിയിലെ രുചികളെ മലബാറിൽ നിന്ന് മലയാള നാട് മുഴുവനായി ഏറ്റെടുത്തത്. മധുരം എന്ന് കേട്ടാൽ ഓരോ മലബാറുകാരുടേയും മനസിൽ ആദ്യം തെളിയുന്നത് ശങ്കരൻ ബേക്കറിയാണ്.അതു കഴിഞ്ഞേ മറ്റെന്തുമുള്ളൂ.വിശേഷദിവസമായാലും ആഘോഷമായാലും അതിഥി വന്നാലും കഴിക്കാൻ കൊടുക്കുന്നതും സമ്മാനമായി കൊടുക്കുന്നതും ശങ്കരൻ ബേക്കറിയിലെ മധുരപലഹാരങ്ങളാണ്. ശങ്കരൻ ബേക്കറിയിൽ മധുരം തേടി വരുന്നവരിലും നാലാം തലമുറയുണ്ട്.ശങ്കരന്റെ കാലത്ത് അപ്പൂപ്പന്റെ കൈയിൽ തൂങ്ങി വന്നിരുന്ന കൊച്ചുമക്കളാണ് പിന്നീട് അപ്പൂപ്പനായപ്പോൾ കൊച്ചുമക്കളേയും കൊണ്ട് വരുന്നത്.നാല് തലമുറകൾ തുടർച്ചയായി മധുര പലഹാരങ്ങൾ വാങ്ങാൻ വരുന്നത് അപൂർവ ഭാഗ്യമായാണ് റിഷിൽ കരുതുന്നത്.ശങ്കരൻ ബേക്കറിയിലെ ജീവനക്കാരിലും തലമുറകളായി ജോലി ചെയ്യുന്നവരുണ്ട്.
എരിയുന്ന മധുരവും
ഗവർണറുടെ ഇഷ്ടവും
കോഴിക്കോടൻ ഹൽവയുടെ രുചി ലോകം മുഴുവൻ എത്തിച്ചതിൽ ശങ്കരൻ ബേക്കറിക്കും വലിയ പങ്കുണ്ട്.ശങ്കരൻ തുടങ്ങിയ പാരമ്പര്യ പലഹാരങ്ങളോടൊപ്പം പരീക്ഷണങ്ങളും നടത്താറുണ്ട്.അതിലൊന്നാണ് മുളക് ഹൽവ.
പലഹാരങ്ങളിലെ പരീക്ഷണങ്ങളുടെ ഉസ്താദാണ് അസ്ലം എന്ന ജീവനക്കാരൻ.അസ്ലമും റിഷിലും കൂടിയാണ് മുളക് ഹൽവ ആദ്യമായി പരീക്ഷിച്ച് വിജയിപ്പിച്ചത്.'എരിവ് കിനിയുന്ന മധുരം' തിരക്കി നിരവധി പേരാണ് ശങ്കരൻ ബേക്കറിയിൽ വരുന്നത്.അച്ചപ്പം,കുഴലപ്പം പോലുള്ള നിരവധി പാരമ്പര്യ പലഹാരങ്ങളോടൊപ്പം നാല്പതിൽ പരം തരത്തിലുള്ള ഹൽവകളാണ് ശങ്കരൻ ബേക്കറിയിൽ തയ്യാറാക്കി വിൽക്കുന്നത്. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ഇഷ്ടമുള്ള മധുരമാണ് ശങ്കരൻ ബേക്കറിയിലെ വിഭവങ്ങൾ. വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ ദർശനത്തിന് വന്നപ്പോഴാണ് പ്രസാദമായി കൊടുത്ത ശങ്കരൻ ബേക്കറിയിലെ മധുരപലഹാരങ്ങൾ ഗവർണർ ആദ്യമായി കഴിക്കുന്നത്.അതിന് ശേഷം ഗവർണർ ശങ്കരൻ ബേക്കറിയിൽ നേരിട്ട് പോയി ഹൽവ കഴിച്ചത് മാദ്ധ്യമ ശ്രദ്ധ നേടിയ വാർത്തയായി മാറി.രാജ്ഭവനിൽ ഗവർണറെ കാണാൻ വരുന്ന അതിഥികളോടൊക്കെ ശങ്കരൻ ബേക്കറിയെ കുറിച്ചും ഹൽവയെ കുറിച്ചും പറയാറുണ്ട്.
പാരമ്പര്യത്തിന്റെ
പെരുമ
ശങ്കരൻ ബേക്കറിയിലെ ഹൽവകളുടെ പാരമ്പര്യത്തെ കുറിച്ച് എത്ര വർണ്ണിച്ചാലും മതിയാകില്ല.ശങ്കരൻ ബേക്കറിയിലെ ഹൽവ മലയാളിയുടെ ഭക്ഷണ സംസ്കാരത്തിൽ അന്തസിന്റെ അടയാളമാണ്.ഏറ്റവും കൂടുതൽ വ്യത്യസ്തതയുള്ള രുചികളിൽ ഹൽവകൾ തയ്യാറാക്കുന്നത് ശങ്കരൻ ബേക്കറിയിലാണ്.
ശങ്കരൻ എന്ന മുതുമുത്തച്ഛൻ തുടങ്ങി വെച്ച ഈ ബേക്കറി ഇനിയും നൂറു വർഷമെങ്കിലും നിലനിൽക്കണമെന്നാണ് റിഷിലിന്റെ ആഗ്രഹം.പരമ്പരാഗതമായി പകർന്നു തന്ന അറിവുകൾ അതേപടി നിലനിറുത്തണം.ശങ്കരൻ ബേക്കറിയിലെ മധുരം കഴിക്കുന്നവരുടെ മുഖത്ത് വിരിയുന്ന ചിരിയാണ് ഞങ്ങളുടെ വിജയം.കോഴിക്കോട് മിഠായിത്തെരുവിൽ മാത്രമാണ് ശങ്കരൻ ബേക്കറിയുള്ളതെന്നും റിഷിൽ പറഞ്ഞു.
പൗർണ്ണമിക്കാവിലെ നിവേദ്യം
തിരുവനന്തപുരത്തെ വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ കഴിഞ്ഞ ആറ് വർഷമായി പ്രഭാതപൂജക്കുള്ള നിവേദ്യത്തിൽ ശങ്കരൻ ബേക്കറി സമർപ്പിക്കുന്ന ഒമ്പത് ഇനം മധുരപലഹാരങ്ങളും ഉൾപ്പെടുത്തുന്നുണ്ട്. ദൂരദർശനിലെ ഹിറ്റ് സീരിയലുകളുടെ സംവിധായകനായ മധുമോഹന്റെ സഹസംവിധായകനും നടനുമായിരുന്നു റിഷിൽ.സിനിമയും സാഹിത്യവും സൗഹൃദങ്ങളും കൂടിയപ്പോൾ റിഷിലിന്റെ ജീവിത താളത്തെ ചെറുതായി പാളം തെറ്റിച്ചു.ജീവിതം കൈവിട്ട കാലത്താണ് ഒരു സുഹൃത്തിനൊപ്പം പൗർണ്ണമിക്കാവിൽ വരുന്നത്.പൗർണ്ണമിക്കാവിലെ അമ്മയുടെ അനുഗ്രഹം റിഷിലിന്റെ ജീവിതത്തെ മാറ്റിമറിച്ചു.അന്ന് മുതൽ ഇന്ന് വരെ പൗർണ്ണമിക്ക് പൗർണ്ണമിക്കാവിലേക്കുള്ള യാത്ര മുടങ്ങിയിട്ടില്ല.ഓരോ പൗർണ്ണമി കഴിയുമ്പോഴും റിഷിലിന്റെ ജീവിതത്തിൽ നിലാവെളിച്ചം അനുഗ്രഹമായി പെയ്തുകൊണ്ടേയിരിക്കുന്നു.പൗർണ്ണമിക്ക് മാത്രമല്ല നവരാത്രിയുടെ ഒമ്പത് ദിവസവും ശങ്കരൻ ബേക്കറിയിലെ മധുരപലഹാരങ്ങളും പൗർണ്ണമിക്കാവിലെ ദേവിയുടെ ആദ്യ നിവേദ്യത്തിൽ ഉൾപ്പെടുത്തുന്നുണ്ട്.