guru

ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തിയും 97-ാം മഹാസമാധി ദിനവും വരികയാണ്. ഒരു ഗുരുഭക്തനെ സംബന്ധിച്ച് ജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠത നിറഞ്ഞ രണ്ടു പുണ്യദിനങ്ങളാണ് ഗുരുജയന്തിയും ഗുരുസമാധിയും. ഈ രണ്ടു ദിവസവും മറ്റൊരു കാര്യത്തിലും മുഴുകാതെ ഗുരുദേവ സമാരാധന തന്നെ നിർവഹിക്കുവാൻ ശ്രദ്ധിക്കണം. ജയന്തിക്കും സമാധിക്കും നിർവഹിക്കേണ്ട ആചാരാനുഷ്ഠാന പദ്ധതികളെക്കുറിച്ചാണ് ഈ കുറിപ്പ്. ശ്രീനാരായണ ഭക്തർ നിത്യജീവിതത്തിൽ സാധനാ പാഠമാക്കേണ്ടതാണ് ഇവ.

ഈ വർഷം ഗുരുജയന്തി തിരുവോണക്കാലത്തിനും മുമ്പേ,​ ആഗസ്റ്റ് 20 ന് ആഘോഷിക്കുകയാണ്. ഓണക്കാലത്തെ ചതയദിനം കന്നിയിൽ ആയതുകൊണ്ടാണ് ചിങ്ങ മാസത്തിലെ ചതയം ജയന്തിയായി സ്വീകരിച്ചുകൊണ്ട് നേരത്തേ ആഘോഷിക്കുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജയന്തി ആഘോഷ പരിപാടികൾ ലളിതമായി നടത്തുവാൻ ശിവഗിരി മഠം ഭക്തജനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. ജയന്തി പരിപാടികൾ വേണ്ടെന്ന് ഇതിന് അർത്ഥമില്ല. ഭക്തിസംവർദ്ധകമായും ആർഭാടങ്ങൾ കുറച്ചും വേണം ആഘോഷങ്ങൾ സംഘടിപ്പിക്കേണ്ടതാണ്.

നാമ സങ്കീർത്തന

ശാന്തി യാത്ര

ഗുരുദേവൻ ജനിച്ച സമയമായ,​ രാവിലെ 06.15 ഉൾപ്പെടെ 6 മുതൽ 6.30 വരെയുള്ള സമയം തിരു അവതാര മുഹൂർത്തപൂജ, തുടർന്ന് ഗുരുപൂജാ പ്രസാദ വിതരണം,​ പ്രഭാഷണം,​ ജയന്തി സമ്മേളനം, അന്നദാനം എന്നിവ നടത്താവുന്നതാണ്. ജയന്തി ആഘോഷത്തിൽ സർവസാധാരണമായി നടത്തുന്ന ജയന്തി ഘോഷയാത്ര നാമസങ്കീർത്തന ശാന്തിയാത്രയായി നടത്തുവാൻ ശ്രദ്ധിക്കുക. ഭാരതത്തിൽ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും,​ ഇന്ത്യയ്ക്കു പുറത്ത് 25-ഓളം രാജ്യങ്ങളിലും ഗുരുദേവ ജയന്തി ആഘോഷിക്കുന്നുണ്ട്. അതുപോലെ മഹാസമാധി ദിനവും.

മഹാസമാധി ദിനത്തിൽ ഗുരുപൂജ, സമൂഹാർച്ചന, പ്രഭാഷണം, ഉപാവാസ യജ്ഞം, സമാധി സമയമായ 3.30-ന് വിശേഷാൽ സമാരാധന,​ തുടർന്ന് ശാന്തിയാത്ര എന്നിവ സംഘടിപ്പിക്കണം. സമാധി ദിനത്തിൽ പതിനായിരങ്ങൾക്ക് നടത്തുന്ന അന്നദാനം പോലൊന്ന് മറ്റേതെങ്കിലും അവസരത്തിൽ നടക്കുന്നുണ്ടോ എന്ന് സംശയമാണ്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മഹാസമാധി ദിനവും ശാന്തിദിനമായി ആചരിക്കേണ്ടതാണ്.

വയനാടിനായി

ചതയ ജ്യോതി

ഗുരുദേവ ജയന്തിക്ക് സന്ധ്യയ്ക്ക് നാമസങ്കീർത്തന ശാന്തിയാത്ര നടത്തുമ്പോൾ ഗുരുദേവ പ്രസ്ഥാനങ്ങളിലും വീഥികളിലും വയനാട് ദുരന്തത്തിൽ മരണപ്പെട്ടവരുടെ ശാന്തിക്കായി ചതയജ്യോതി ദീപം തെളിക്കാവുന്നതാണ്. ശിവഗിരി മഠം കേന്ദ്രീകരിച്ചും വീഥികളിലുമായി ഒരു ലക്ഷം ദീപം ജ്വലിപ്പിക്കുവാനാണ് തീരുമാനം. ചിങ്ങം ഒന്നു മുതൽ കന്നി ഒമ്പതു വരെ ശ്രീനാരായണ മാസാചരണവും ധർമ്മചര്യാ യജ്ഞവുമാണ്. ഗുരുദേവൻ തിരുഅവതാരം ചെയ്ത ചിങ്ങ മാസത്തെ ശ്രീനാരായണ മാസമായും,​ ഗുരുദേവൻ സമാധിയായ കന്നി 5 ഉൾപ്പെടെ ബോധാനന്ദസ്വാമികളുടെ സമാധിയായ കന്നി 9 വരെ ധർമ്മചര്യാ യജ്ഞമായും ശ്രീനാരായണ ഭക്തർ കുറച്ചു വർഷങ്ങളായി ആചരിച്ചുപോരുകയാണ്. ഗുരുഭക്തന്മാർ ജീവിതത്തിലെ വ്രതാനുഷ്ഠാന കാലമായി ഈ കാലയളവ് അനുഷ്ഠിച്ചുപോരുന്നു. ദിവസവും പ്രഭാതത്തിലുള്ള പ്രാർത്ഥന, പ്രാർത്ഥനാ യോഗങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ മുടക്കം കൂടാതെ 39 ദിവസം അനുഷ്ഠിച്ച് ഗുരുദേവ സന്ദേശ പ്രചാരണത്തിൽ മുഴുകുന്നു.

ജീവിത വിജയത്തിന് അടിസ്ഥാനമായുള്ളത് ധാർമ്മികതയാണ്. എവിടെ ധർമ്മം ഉണ്ടോ,​ അവിടെ വിജയമുണ്ടെന്ന് വ്യാസ ഭഗവാൻ ഉപദേശിക്കുന്നു. ധർമ്മം പ്രകാശിക്കുന്നത് ഗുരുക്കന്മാർ വിധിച്ചിട്ടുള്ള ആചാരങ്ങൾ അനുഷ്ഠിക്കുമ്പോഴാണ്. നിയതമായ ആചാരാനുഷ്ഠാന പദ്ധതികളിൽ നിന്നും ധർമ്മം പ്രകാശിക്കുന്നു. ആ ധർമ്മത്തിന് ഇരിപ്പിടം നാശമില്ലാത്ത ഭഗവാനാണ്. ഗുരുദേവ ഭക്തരുടെ ആചാരാനുഷ്ഠാന വിധി ഗ്രന്ഥമാണ് ശ്രീനാരായണ സ്മൃതി അല്ലെങ്കിൽ ശ്രീനാരായണ ധർമ്മം എന്ന ഗ്രന്ഥം. ഈ ശ്രീനാരായണ സ്മൃതിയുടെ ശതാബ്ദി വർഷമാണ് ഇപ്പോൾ കടന്നുപോകുന്നത്. ശ്രീനാരായണ സ്മൃതിയിൽ ഉപദേശിച്ചിട്ടുള്ള പഞ്ചശുദ്ധി, പഞ്ചധർമ്മം, പഞ്ച മഹായജ്ഞം,​ ഒരാളുടെ ജനനം മുതൽ മരണം വരെ അനുഷ്ഠിക്കേണ്ട ആചാരങ്ങൾ എന്നിവ ജീവിതത്തിൽ പരിപാലിച്ച് അതിനെ സാധനാ പാഠമാക്കേണ്ട പുണ്യകാലമാണ് ചിങ്ങം ഒന്നു മുതൽ കന്നി ഒമ്പതു വരെയുള്ള കാലയളവ്. ജന്മംകൊണ്ടു മാത്രമല്ല,​ കർമ്മം കൊണ്ടു കൂടി ശ്രീനാരായണീയരായിത്തീരാനുള്ള വ്രതാനുഷ്ഠാന പരിശീലന കാലയളവാണ് ഇത്.

വ്രതനിഷ്ഠയുടെ

പ്രകാശവേള

ഈ കാലയളവിൽ ഗുരുദേവ ജയന്തി- മഹാസമാധി ദിനം കൂടാതെ,​ ഗുരുദേവന്റെ പല സന്യസ്ത,​ ഗൃഹസ്ഥ ശിഷ്യന്മാരുടെയും ജന്മ- സമാധി ദിനങ്ങൾ കൂടി കടന്നുവരുന്നു. ശ്രീകൃഷ്ണ ജയന്തി, ചട്ടമ്പിസ്വാമി ജയന്തി, ബ്രഹ്മാനന്ദ ശിവയോഗി ജയന്തി തുടങ്ങിയ ജയന്തികളും കടന്നുവരുന്നുണ്ട്. ഗുരുദേവ ഭക്തന്മാർ ഈ ജയന്തി,​ സമാധി ദിനങ്ങളിൽ ഭക്തിപൂർവ്വം പരിപാടികൾ സംഘടിപ്പിക്കണം. ഗുരുദേവ സന്ദേശം കടന്നുചെല്ലാത്ത മേഖലകളിൽ ഗൃഹസന്ദർശന പരിപാടികളും സംഘടിപ്പിക്കാവുന്നതാണ്. ഗുരുദേവ ജയന്തിയോടടുത്തുള്ള ഒരാഴ്ചക്കാലം ശ്രീനാരായണ വാരാഘോഷമായി സംഘടിപ്പിക്കുകയും,​ മ‍ഞ്ഞ തോരണങ്ങൾകൊണ്ട് വീഥികൾ അലങ്കരിക്കുകയും,​ വിദ്യാലയങ്ങളിലും ആശുപത്രികളിലും മറ്റും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യേണ്ടതാണ്.

ഏതൊരു സമൂഹത്തിന്റേയും ജീവിത പുരോഗതിക്ക് ഒരു നിശ്ചിത കാലയളവ് വ്രതാനുഷ്ഠാന കാലമായി നീക്കിവച്ചിട്ടുണ്ട്, ഹൈന്ദവ, ക്രൈസ്തവ,​ ഇസ്ലാം,​ ബൗദ്ധ ജനസമൂഹങ്ങളിലെല്ലാം ഇത് കാണാവുന്നതാണ്. അതുപോലെ ശ്രീനാരായണ ഭക്തന്മാരും ചിങ്ങപ്പുലരി മുതലുള്ള പുണ്യദിനങ്ങൾ തങ്ങളുടെ വ്രതാനുഷ്ഠാന കാലമായി കരുതി അനുഷ്ഠിക്കേണ്ടതാണ്. ഗുരുകാരുണ്യവും അനുഗ്രഹവും നേടുവാൻ ഏറ്റവും പര്യാപ്തമായ മാർഗമാണിത്. ഗുരുത്വപൂർണമായ ജീവിതമാണ് മനുഷ്യ പുരോഗതിക്ക് നിദാനം.