ബൈക്കും ബസും ലോറിയുമൊക്കെ ഓടിക്കുന്ന സ്‌ത്രീകളും പെൺകുട്ടികളും കേരള സമൂഹത്തിന് ഇന്നും കൗതുകമാണ്. നല്ല വേഗതയിൽ ചെറുപ്പക്കാരികൾ സ്‌കൂട്ടറും ബൈക്കുമൊക്കെ ഓടിച്ചുപോകുമ്പോൾ മൂക്കത്ത് വിരൽ വയ്ക്കുന്നവരും കളിയാക്കുന്നവരും വിമർശിക്കുന്നവരുമുണ്ട്. ഇവരുടെ ഇടയിലേക്കാണ് റേസിംഗ് കാർ ഓടിച്ച് കോഴിക്കോട് നിന്നൊരു 25കാരി എത്തുന്നത്.
കേരളത്തിൽ നിന്നുള്ള ആദ്യ ഫോർമുല ഒൺ റേസർ എന്ന ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങുകയാണ് പേരാമ്പ്ര സ്വദേശിനിയായ സൽവ മർജാൻ. 2025 ജനുവരിയിൽ ലോക മോട്ടോർ സ്‌പോർട്‌സ് ഭരണസമിതിയായ എഫ് ഐ എ സംഘടിപ്പിക്കുന്ന ഫോർമുല വൺ മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സൽവ.
റേസിംഗ് കാറുകളിൽ പായുന്നവരെ ടിവിയിലും സിനിമയിലും മറ്റും അത്ഭുതത്തോടെയാണ് സൽവ നോക്കിക്കണ്ടത്. ഫോർമുല1 റേസർമാരുടെ വേഗത, വാഹനത്തിന്മേലുള്ള നിയന്ത്രണം എല്ലാം സൽവയെ അതിശയിപ്പിച്ചു. ഏറെനാളായി കണ്ട സ്വപ്‌നം യാഥാർത്ഥ്യമാക്കാനുള്ള ഒരുക്കത്തിലാണീ മിടുക്കി.
2018ൽ എൻട്രി ലെവൽ റേസിംഗ് പരമ്പരയായ ഫോർമുല എൽജിബിയോടൊപ്പമാണ് സൽവയുടെ റേസിംഗ് യാത്രയ്ക്ക് തുടക്കം. സൽവയുടെ മികച്ച പ്രകടനം 2023ൽ എഫ്4 ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ എത്തിച്ചു. അതേവർഷം തന്നെ എഫ്4 യുഎഇ ചാമ്പ്യൻഷിപ്പിലും സൽവ പങ്കെടുത്തു. മത്സരത്തിലെ 150 ലാപ്പിൽ 119ലും സൽവ വിജയകരമായി ഫിനിഷ് ചെയ്തു.
കൂടുതൽ അവസരങ്ങളും പരിശീലനവും ലഭിക്കുന്നതിനായി അടുത്തിടെ സൽവ താമസം യുഎഇയിലേയ്ക്ക് മാറ്റി. എഫ്1 അക്കാഡമി മത്സരത്തിലാണ് ഇപ്പോൾ സൽവയുടെ ശ്രദ്ധമുഴുവൻ.
നിറയെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു സൽവയുടെ സ്വപ്‌നങ്ങളിലേയ്ക്കുള്ള യാത്ര. എഫ്4 പരിശീലനത്തിനായുള്ള ഉയർന്ന ചെലവുകളായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി. ബിസിനസ് മാനേജ്‌മെന്റിൽ ബിരുദധാരിയായ സൽവ ബിസിനസ് അടക്കം പല ജോലികൾ ചെയ്ത് തന്റെ സ്വപ്‌നം യാഥാർത്ഥ്യമാക്കുന്നതിലേക്കായി പണം സ്വരൂക്കൂട്ടി. സൽവയ്ക്ക് പൂർണ പിന്തുണയുമായി പിതാവ് ചേമ്പ്ര പനച്ചിങ്കൽ കുഞ്ഞാമു, മാതാവ് സുബൈദ, സഹോദരങ്ങളായ സഹ്‌ല, സിനാൻ, സാബിത് എന്നിവർ ഒപ്പം നിന്നു. ഒരു യാഥാസ്ഥിതിക സമുദായത്തിൽ നിന്നൊരു പെൺകുട്ടി വേറിട്ട പാത തിരഞ്ഞെടുത്തതിൽ കുടുംബം ഏറെ വിമർശനങ്ങൾ നേരിട്ടെങ്കിലും കുടുംബം സൽവക്കൊപ്പം നിന്നു.
പുരുഷന്മാർ ആധിപത്യം പുലർത്തുന്ന ഒരു കായിക ഇനത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ ചെറുതല്ലെന്ന് സൽവ പറയുന്നു. വളരെയധികം ശാരീരികാധ്വാനം വേണ്ടിവരുന്ന മേഖലയാണിത്. റേസിംഗ് കാറിനുള്ളിലെ താപനില പലപ്പോഴും 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നു. വളവുകളിൽ ആവശ്യമായ ബ്രേക്കിംഗ് മർദ്ദം 60 മുതൽ 100 കിലോഗ്രാം വരെയാകാം. മത്സരത്തിൽ പങ്കെടുക്കുന്ന റേസറുകൾക്ക് നാല് കിലോ വരെ ശരീരഭാരം ഒറ്റയടിക്ക് കുറയാമെന്നും സൽവ വെളിപ്പെടുത്തി. ചില റേസുകളിൽ ക്രാഷുകളും സ്പിന്നുകളും നിരാശാജനകമായ പ്രകടനങ്ങളും ഉണ്ടായിട്ടുണ്ടെന്ന് സൽവ പറഞ്ഞു. എന്നിരുന്നാലും സ്വപ്നം ഉപേക്ഷിക്കാൻ അവൾ തയ്യാറായിരുന്നില്ല.
ഇന്ന് നെക്സ്റ്റ് ലെവൽ റേസിംഗ് എന്ന ബ്രാൻഡിന്റെ അംബാസഡറാണ് സൽവ മർജാൻ. ഫോർമുല 1ൽ ഇന്ത്യയെ പ്രതിനിധീകരിക്കുക എന്നതാണ് സൽവയുടെ ഏറ്റവും വലിയ ലക്ഷ്യം. മോട്ടോർസ്‌പോർട്‌സിൽ കേരളത്തിൽ നിന്നടക്കമുള്ള സ്‌ത്രീകൾക്കും പുതുതലമുറയ്ക്കും പ്രചോദനവമാവുക എന്നതും അവർക്കായി വാതിൽ തുറന്ന് കൊടുക്കുകയെന്നതുമാണ് സൽവയുടെ ആഗ്രഹം.