തിരുവനന്തപുരം: മലയിൻകീഴ് വിളപ്പിൽ പഞ്ചായത്തിൽ ജീവനക്കാരുടെ മിന്നൽ സമരം. പഞ്ചായത്ത് സെക്രട്ടറി, കാഷ്യർ എന്നിവരെ സ്ഥലം മാറ്റാനുള്ള ഭരണസമിതി തീരുമാനത്തിൽ പ്രതിഷേധിച്ചാണ് ജീവനക്കാർ സമരം ആരംഭിച്ചത്. രാവിലെ മുതൽ പൊതുജനങ്ങളിൽ നിന്ന് അപേക്ഷകൾ പോലും ജീവനക്കാർ സ്വീകരിക്കുന്നില്ല. അപ്രഖ്യാപിത സമരം അറിയാതെ വന്ന നിരവധി പേരാണ് ആവശ്യം നടത്താൻ കഴിയാതെ തിരിച്ചുപോയത്.
കുറച്ചു നാളുകളായി പഞ്ചായത്ത് സെക്രട്ടറിക്കും, കാഷ്യർക്കുമെതിരെ അഴിമതി ആരോപണം ഉയരുന്നുണ്ടെന്നാണ് വിവരം. പൊതുജനങ്ങളിൽ നിന്നടക്കം പലപ്പോഴായി വാക്കാൽ പരാതി ലഭിച്ചിരുന്നതായി ഭരണസമിതി അംഗങ്ങൾ പറയുന്നു. തുടർന്നാണ് ഇന്നലെ ഇരുവരെയും മാറ്റാനുള്ള തീരുമാനം ഭരണസമിതി എടുത്തത്.