mohanlal

മോഹൻലാലും ജഗതി ശ്രീകുമാറും രേവതിയും പ്രധാന വേഷത്തിലെത്തി മലയാളികളെ കുടുകുടാ ചിരിപ്പിച്ച ചിത്രമാണ് കിലുക്കം. പ്രിയദർശന്റെ സംവിധാനത്തിൽ പിറന്ന ചിത്രം അക്കാലത്ത് സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിൽ അധികം ആരും ശ്രദ്ധിക്കാതെ പോയ വേഷമാണ് നടൻ ജഗദീഷ് അവതരിപ്പിച്ചത്. ഒരു സീനിൽ മാത്രം പ്രത്യക്ഷപ്പെട്ട ജഗദീഷ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഉടനീളമുണ്ടായിരുന്നു.

അന്ന് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്ന ജഗദീഷ് എന്തുകൊണ്ടാണ് ഒരു സീനിൽ ഡയലോഗ് പോലുമില്ലാത്ത റോളിൽ വന്നതെന്ന് ആരാധകർ ചോദിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് എന്താണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് താരം. ഒരു റേഡിയോ മാദ്ധ്യമത്തിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജഗദീഷ് ചില കാര്യങ്ങൾ തുറന്നുപറയുന്നത്.

ജഗദീഷിന്റെ വാക്കുകളിലേക്ക്...
'കിലുക്കം ഷൂട്ട് ചെയ്യുന്ന സമയത്ത് 25 ദിവസത്തോളം ഞാൻ ലൊക്കേഷനിലുണ്ടായിരുന്നു. അപ്പോൾ അറിയാമല്ലോ. ഒരു പത്ത് പന്ത്രണ്ടോളം സീനുണ്ടായിരുന്നു. ജഗതിച്ചേട്ടനും ഞാനും തമ്മിലുള്ള കോമ്പറ്റീഷനായിരുന്നു എന്റെ ട്രാക്ക്. അത് വെട്ടിമാറ്റാൻ കാരണം എന്താണെന്ന് ചോദിച്ചാൽ, മെയിൻ ട്രാക്കുമായിട്ട് അത്ര ബന്ധമില്ല. എന്നാൽ അതൊക്കെ നല്ല ഇൻട്രസ്റ്റിംഗ് സീനുകളായിരുന്നു.

ഇന്ന് അതൊക്കെ യൂട്യൂബിൽ ഇട്ടിരുന്നെങ്കിൽ ആൾക്കാർക്ക് ഭയങ്കര രസകരമായി കാണാമായിരുന്നു. അത് കാണാൻ കഴിയാത്തതിലുള്ള വിഷമം എനിക്കുണ്ട്. മെയിൻ ട്രാക്കിൽ നിന്നും വിട്ടുനിൽക്കുന്ന ചില കഥാപാത്രങ്ങൾ ചിലപ്പോൾ സിനിമയിൽ നിന്ന് പോകും. ആ കഥാപാത്രങ്ങൾ മാറ്റിക്കഴിഞ്ഞ് സിനിമയ്ക്ക് കുഴപ്പമില്ലെങ്കിൽ ആ കഥാപാത്രങ്ങൾ വേണ്ടെന്നാണ് അർത്ഥം. കിലുക്കത്തിൽ എന്റെ സീനുകൾ വെട്ടിക്കളഞ്ഞപ്പോൾ ഒരു കുഴപ്പവും സിനിമയ്ക്കുണ്ടായില്ല. സിനിമ നന്നായി. അതുകൊണ്ട് നമുക്ക് നിരാശയില്ല'- ജഗദീഷ് പറഞ്ഞു.