wayanad

വയനാട് പ്രളയ ദുരന്തത്തിന്റെ സാഹചര്യത്തിൽ ഇത്തവണ ഓണം വാരാഘോഷ പരിപാടികൾ ഒഴിവാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിനെ ആഘോഷത്തിന്റെയും ആഡംബരത്തിന്റെയും വ്യത്യസ്ത അർത്ഥ പശ്ചാത്തലത്തിൽ വേണം പരിശോധിക്കാൻ. ദുരിതബാധിതർക്കുള്ള നഷ്ടപരിഹാരത്തിനും അവരുടെ പുനരധിവാസത്തിനും മറ്റുമായി സഹസ്രകോടികൾ സർക്കാരിന് കണ്ടെത്തേണ്ടതുണ്ട്. അപ്പോൾ പണച്ചെലവുള്ളതും ധൂർത്തിനു കൂടി പഴുതുള്ളതുമായ പല പതിവ് ഏർപ്പാടുകളും ഒഴിവാക്കേണ്ടിവരും. പക്ഷേ,​ ആഘോഷത്തിന് ആ‌‌ഡ‌ംബരം എന്നൊരു അർത്ഥകല്പനയുണ്ടോ?​

നമ്മൾ തെറ്റിദ്ധരിക്കുകയും,​ ആ തെറ്റിദ്ധാരണ കാരണം അർത്ഥവും അനുഭവവും മാറിപ്പോവുകയും ചെയ്ത പല പദങ്ങളുടെയും കൂട്ടത്തിൽ രണ്ടെണ്ണമാണ് ആഘോഷവും ആഡംബരവും. ആഘോഷങ്ങളെ ആഡംബരത്തിനുള്ള അവസരമാക്കി മാറ്റാനാണ് പുതിയ കാലത്ത് മിക്കവർക്കും താത്പര്യം. ആഡംബര പ്രദർശനത്തിനായി മാത്രം ആഘോഷത്തിന് കാരണങ്ങൾ കണ്ടെത്തുന്നവരുമുണ്ട്. അത്തരം ആഡംബര പ്രദർശനത്തിനുള്ള വേളയാണോ ഓണവും ഓണാഘോഷവും?​ കാർഷിക കേരളത്തിന്റെ പുതുവർഷപ്പിറവിയാണ് ഓണക്കാലം. കാർഷിക കേരളമെന്ന പ്രയോഗത്തിനു തന്നെ അർത്ഥമില്ലാതായി. മലയാള വർഷം എന്നൊരു സംഗതിയുണ്ടെന്ന് ന്യൂജെൻ പിള്ളേരെ എങ്ങനെ പറഞ്ഞു മനസിലാക്കാനാണ്?​

അതുകൊണ്ട്, ഐതിഹ്യത്തിനും വിശ്വാസത്തിനും സംസ്കാരത്തിനും അപ്പുറത്ത് ഒത്തുചേരലിന്റെ മഹോത്സവ വേളയാണ് ഓണം. ജീവിതം തേടി ദൈവത്തിന്റെ സ്വന്തം നാടു വിട്ട് ധനസമൃദ്ധിയുടെ പുതിയ ഇടങ്ങൾ തേടിപ്പോയവർ ഭാഗ്യവശാൽ ഇപ്പോഴും നാട്ടിൽ വരാൻ തിരഞ്ഞെടുക്കുന്ന സീസൺ ഓണക്കാലം തന്നെയാണ്. അതുകൊണ്ട് ഒരുമിക്കലിന്റെ ഉത്സവമാണ് ഓണം. ഏത് ഉത്സവവും ആഘോഷമാണ്. അത് ആഡംബരപൂർണമാകണമെന്ന് നിർബന്ധമുണ്ടോ?​ ഓണം വാരാഘോഷം വേണ്ടെന്ന് സർക്കാർ നിശ്ചയിച്ചപ്പോൾ തൃശൂരുകാരുടെ ഓണക്കാല ഉത്സവമായ പുലിക്കളി വേണ്ടെന്ന് അവിടുത്തെ നഗരസഭ തീരുമാനിച്ചത് ആഘോഷവും ആഡംബരവും തമ്മിലുള്ള അർത്ഥഭേദം പിടികിട്ടാഞ്ഞിട്ടാണ്.

പ്രസരിപ്പിക്കാനുള്ളതാണ് ആഘോഷം; ആഡംബരം പ്രദർശിപ്പിക്കാനുള്ളതും. അതുതന്നെയാണ് ഇവ തമ്മിലുള്ള അനുഭവ വ്യത്യാസം. അലങ്കാരം,​ മോടി എന്നൊക്കെയാണ് ആഡംബരത്തിന് നിഘണ്ടുവിലെ അർത്ഥം. അതായത്,​ ഒഴിച്ചുകൂടാൻ വയ്യെന്നില്ലാത്തത്! പുതിയ സങ്കല്പമനുസരിച്ച് ആഘോഷങ്ങളിൽ നിന്ന് ആഡംബരം എടുത്തുമാറ്റിയാൽ ബാക്കിയെന്തുണ്ടാകും?​ ആഡംബരമില്ലാതെയും നിങ്ങൾക്ക് ആ വേളയുടെ ശുഭത്വം തിരിച്ചറിയാനാവുകയും,​ പങ്കെടുക്കുന്നവരുടെ സന്തുഷ്ടിയിൽ നിന്നും സൗഹൃദമനസിൽ നിന്നും ആനന്ദം അനുഭവിക്കാൻ കഴിയുകയും ചെയ്യുന്നുണ്ടെങ്കിൽ അതാണ് യഥാർത്ഥ ആഘോഷം. അതായത്,​ ആഘോഷത്തിൽ നിന്ന് ആഡംബരം വെട്ടിക്കളഞ്ഞാൽ ബാക്കിയാകുന്നതാണ് യഥാർത്ഥ ആഘോഷം. ഒന്നും ബാക്കിയാകുന്നില്ലെങ്കിലോ?​ അത് പ്രദർശനപരതയ്ക്ക് പ്രാമുഖ്യമുള്ള ആഡംബരം മാത്രമാണെന്ന് അർത്ഥം!

വയനാട് ദുരന്തത്തിന്റെയും,​ മൃതദേഹങ്ങൾക്കായി ഇപ്പോഴും തുടരുന്ന തിരച്ചിലിന്റെയും ദൃശ്യങ്ങൾ തുടർച്ചയായി മാദ്ധ്യമങ്ങളിൽ കണ്ട് മരവിച്ച അവസ്ഥയിലാണ് മലയാളികളുടെ മനസ്. പലരിലും ഇത് നിരാശയോ,​ ജീവിതത്തിന്റെ അർത്ഥശൂന്യതയോർത്തുള്ള നിഷ്ക്രിയത്വമോ പോലും ജനിപ്പിച്ചേക്കാം. അത്തരം മടുപ്പിൽ നിന്ന് മനുഷ്യരെ മുക്തരാക്കാനും മനസിനെയും ശരീരത്തെയും മനോഭാവത്തെയും ഊർജ്ജസ്വലമാക്കാനുമുള്ള മനോചികിത്സാ വേളകളാണ് ഓണം പോലെയുള്ള ആഘോഷങ്ങൾ. ഒരുമിക്കാനുള്ള അവസരങ്ങളാണ് ഉത്സവാഘോഷങ്ങൾ ഒരുക്കുന്നത്. അതിനെ ആഡംബരമെന്ന് തെറ്റിദ്ധരിക്കുകയോ,​ അനാവശ്യമെന്ന് വിലയിരുത്തി ഒഴിവാക്കുകയോ ചെയ്യരുത്.

ആഡംബരങ്ങളും ആർഭാടങ്ങളും ഒഴിവാക്കിക്കൊണ്ട് ഓണം ആഘോഷിക്കാൻ നമുക്കു കഴിയില്ലേ?​ അതിനു കഴിയണമെങ്കിൽ ഒരുമയിലും പങ്കുവയ്ക്കലിലും ആനന്ദം കണ്ടെത്താൻ കഴിയണം. നിർഭാഗ്യവശാൽ,​ ആഡംബരങ്ങളിൽ ആനന്ദം കണ്ടെത്തുന്നതായിരിക്കുന്നു,​ ഏറെപ്പേർക്കും ശീലം. സൗഹൃദം പങ്കുവയ്ക്കുന്നതിനേക്കാൾ,​ തനിക്കുള്ള സമ്പാദ്യത്തിന്റെ അളവും ധാരാളിത്തവും പ്രദർശിപ്പിക്കുമ്പോൾ മറ്റുള്ളവരിൽ ജനിക്കുന്ന അസൂയയിൽ ആനന്ദം കണ്ടെത്തുന്നതായിരിക്കുന്നു,​ നമുക്ക് ഇഷ്ടം. ആഘോഷങ്ങളുടെ അർത്ഥം അതിന്റെ ആനന്ദദായകത്വമാകട്ടെ. അത് ആ‌‌ഡംബരം മാത്രമെന്ന് തെറ്റിദ്ധരിക്കപ്പെടാതിരിക്കട്ടെ.