dosa-batter

മലയാളികളുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണ വിഭവങ്ങളാണ് ദോശയും ഇഡ്ഡലിയും. ആഴ്‌ചയിൽ ഒരിക്കലെങ്കിലും ഇവ തയ്യാറാക്കാത്ത മലയാളി വീടുകൾ വിരളമായിരിക്കും. മൂന്നോ നാലോ ദിവസത്തേയ്ക്ക് ആവശ്യമായ മാവ് ഒരുമിച്ച് അരച്ചുവച്ച് ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നവരുണ്ട്. ഇതിനായി സാധാരണയിൽ കൂടുതൽ അരിയും ഉഴുന്നും കുതിർത്ത് വയ്ക്കേണ്ടതുണ്ട്. എന്നാൽ ഒരു സൂത്രപ്പണി ഉപയോഗിച്ച് മാവ് ഇരട്ടിയാക്കാൻ സാധിച്ചാലോ? മാവ് രണ്ടിരട്ടി പൊങ്ങിവരാനും ഇഡ്ഡലിയും ദോശയുമൊക്കെ മൃദുലമാകാനും ഒരടിപൊളി സൂത്രമുണ്ട്.

മാവ് അരയ്ക്കാൻ നല്ല ഗുണമേന്മയുള്ള അരിയും ഉഴുന്നും തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അളവിനും പ്രാധാന്യമുണ്ട്. മൂന്ന് ഗ്ളാസ് പച്ചരിക്ക് കാൽ ഗ്ളാസ് ഉഴുന്ന് മതിയാവും. അരിയും ഉഴുന്നും അളന്നെടുത്തതിനുശേഷം നല്ലപ്പോലെ കഴുകിയെടുക്കണം. ഉഴുന്നിനൊപ്പം കാൽ ടീസ്‌പൂൺ ഉലുവ കൂടി ചേർത്ത് കുതിർന്നുവരാൻ വയ്ക്കാം. അരിയും ഉഴുന്നും വെള്ളത്തിലിട്ട് ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നതാണ് ഉത്തമം. ഇങ്ങനെ ചെയ്യുമ്പോൾ മാവ് അരയ്ക്കുമ്പോൾ ചൂടാകില്ല. ഇത്തരത്തിൽ നാല് മണിക്കൂറെങ്കിലും ഇവ രണ്ടും വെള്ളത്തിലിട്ട് വയ്ക്കണം. കുതിർക്കാൻ ഉപയോഗിച്ച വെള്ളം തന്നെ മാവ് അരയ്ക്കാനും ഉപയോഗിക്കാം.

ആദ്യം ഉഴുന്നാണ് അരയ്ക്കേണ്ടത്. ഉഴുന്ന് അരയ്ക്കുമ്പോൾ കാൽ ടീസ്‌പൂൺ നല്ലെണ്ണ കൂടി ചേർത്തുകൊടുക്കാം. ശേഷം അരി രണ്ടോ മൂന്നോ തവണയായി അരച്ചെടുക്കാം. അരി അരയ്ക്കുമ്പോൾ ചോറ് അല്ലെങ്കിൽ അവൽ ചേർത്താൽ മാവ് കൂടുതൽ മൃദുലമാവും. ശേഷം അരച്ചെടുത്ത ഉഴുന്നും അരിയും നല്ലതുപോലെ യോജിപ്പിച്ചെടുക്കണം. ശേഷം അൽപ്പം ഉപ്പുചേർത്ത് മാവ് പുളിക്കാൻ മാറ്റി വയ്ക്കാം. ഇങ്ങനെ ചെയ്യുമ്പോൾ മാവ് സാധാരണയിലും ഇരട്ടി പൊന്തി വന്നതായി കാണാം. മാവ് തലേന്ന് രാത്രി അരച്ചുവച്ചതിനുശേഷം പിറ്റേ ദിവസമാണ് ഉപയോഗിക്കേണ്ടത്.