finance
പ്രതീകാത്മക ചിത്രം

ഇടുക്കി: ദീര്‍ഘകാലമായി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ക്ഷീര കര്‍ഷക മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്ന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. പശുക്കളെ വാങ്ങുന്നതിന് ക്ഷീര കര്‍ഷകര്‍ക്ക് പലിശയില്ലാത്ത ലോണ്‍ ലഭ്യമാക്കുന്നതിനായി നടപടികള്‍ സ്വീകരിച്ച് വരികയാണെന്ന് ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി വ്യക്തമാക്കി. ഇടുക്കി ജില്ലയിലെ മൂന്നാറില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കിടാരി പാര്‍ക്കുകള്‍ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ സഹായത്തോടെ ക്ഷീര കര്‍ഷകര്‍ക്കായി സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പിലാക്കുന്നതിനായി പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ട്. ഇതിന് ഏകദേശം 57 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.

ദേവികുളം എം.എല്‍.എ അഡ്വ. എ. രാജ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ . എം.എം.മണി, വാഴൂര്‍ സോമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു, എറണാകുളം മില്‍മ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം ടി.ജയന്‍, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ഇടുക്കിയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ മറ്റ് പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സഹകരണ നേതാക്കള്‍ ക്ഷീരവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ക്ഷീരസംഗമത്തില്‍ പങ്കെടുത്ത് സംസാരിച്ചു.