pic

ടെൽ അവീവ്: ഗാസയിലുള്ള ഇസ്രയേലി ബന്ദികളിൽ ഒരാളെ വെടിവച്ചു കൊന്നെന്നും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റെന്നും വെളിപ്പെടുത്തി ഹമാസ്. സംഭവം എന്ന് നടന്നെന്നോ ബന്ദികളുടെ പേരോ വ്യക്തമാക്കിയിട്ടില്ല. ഹമാസിന്റെ വാദം സ്ഥിരീകരിക്കാൻ ഇസ്രയേലിന് കഴിഞ്ഞിട്ടില്ല. ഏകദേശം 111 ബന്ദികളാണ് ഗാസയിലുള്ളത്. ഇതിൽ 39 പേർ മരിച്ചിരിക്കാമെന്നാണ് ഇസ്രയേൽ കണക്കുകൂട്ടുന്നത്. ഇതിനിടെ ഇന്നലെ ഇസ്രയേലിലെ ടെൽ അവീവ് നഗരത്തിന് നേരെ ഹമാസ് റോക്കറ്റാക്രമണം നടത്തി. രണ്ട് എം 90 റോക്കറ്റുകളിൽ ഒന്ന് ടെൽ അവീവിലെ കടൽത്തീരത്ത് പതിച്ചു. ടെൽ അവീവിൽ സ്ഫോടന ശബ്ദങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ആളപായമില്ല. ഒരു റോക്കറ്റിനെ ഇസ്രയേലിന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തു.

മേയിലാണ് അവസാനമായി ടെൽ അവീവിൽ റോക്കറ്റാക്രമണമുണ്ടായത്. നാളെ മുതൽ വെടിനിറുത്തൽ ചർച്ച പുനരാരംഭിക്കാനിരിക്കെയാണ് ആക്രമണം. ഇതിനിടെ, ഇന്നലെ ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 19 പേർ കൊല്ലപ്പെട്ടു. മരണ സംഖ്യ 39,920 കടന്നു.

 ഇസ്രയേലിൽ ഭിന്നത

ഇസ്രയേലിൽ ഗാസ യുദ്ധത്തിന്റെ പേരിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും തമ്മിൽ വാക്ക്‌പോര്. ഹമാസിന് മേൽ പൂർണ വിജയം നേടണമെന്ന നെതന്യാഹുവിന്റെ ലക്ഷ്യം അർത്ഥശൂന്യമാണെന്ന് ഗാലന്റ് പ്രതികരിച്ചു.

ഗാലന്റിന്റേത് ഇസ്രയേൽ വിരുദ്ധ പ്രസ്താവനയാണെന്നും സൈന്യത്തിന്റെ നേട്ടങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നും നെതന്യാഹു തിരിച്ചടിച്ചു. ഇതിന് മുമ്പും നെതന്യാഹുവിനോടുള്ള വിയോജിപ്പ് ഗാലന്റ് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്.