ന്യൂഡൽഹി : വിനേഷ് ഫോഗാട്ട് യഥാർത്ഥ പോരാളിയാണെന്നും അവർ ഒളിമ്പിക്സിൽ മെഡൽ അർഹിക്കുന്നുവെന്നും ഹോക്കിയിൽ വെങ്കലമെഡൽ നേടിയ മലയാളി ഗോൾ കീപ്പർ പി.ആർ ശ്രീജേഷ്. പാരീസിൽ നിന്ന് മടങ്ങിയെത്തിയശേഷം മാദ്ധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ശ്രീജേഷ്. ഫൈനലിൽ എത്തിയപ്പോൾ തന്നെ വിനേഷിന് ഉറപ്പായിരുന്ന മെഡൽ നിയമം പറഞ്ഞ് തട്ടിപ്പറിക്കുകയാണെന്നാണ് കരുതുന്നത്. ഈ സാഹചര്യങ്ങൾ നേരിടാനുള്ള കരുത്ത് വിനേഷിനുണ്ട്. ഒരു പക്ഷേ അവരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇത്രയും ധീരമായി സാഹചര്യങ്ങളെ നേരിടുമായിരുന്നില്ല.- ശ്രീജേഷ് പറഞ്ഞു.
രാഹുൽ ദ്രാവിഡിനെപ്പോലെ ജൂനിയർ തലത്തിൽ പരിശീലനം നൽകി മികച്ച പരിശീലകനായി പേരെടുത്ത ശേഷം മാത്രം സീനിയർ തലത്തിൽ പരിശീലകനാകാനാണ് തന്റെ ആഗ്രഹമെന്നും ഒരു ചോദ്യത്തിന് മറുപടിയായി ശ്രീജേഷ് പറഞ്ഞു.