air-india-express
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആഭ്യന്തര സര്‍വീസുകള്‍ കൂടുതല്‍ വ്യാപിപിക്കുകയെന്ന ലക്ഷ്യത്തോടെ കൂടുതല്‍ റൂട്ടുകളിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഒറ്റ ദിവസം കൊണ്ട് ആറ് സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം - ചെന്നൈ, ചെന്നൈ- ഭുവനേശ്വര്‍, ചെന്നൈ- ബാഗ്‌ഡോഗ്ര, കൊല്‍ക്കത്ത- വാരണാസി, കൊല്‍ക്കത്ത- ഗുവാഹത്തി, ഗുവാഹത്തി- ജയ്പൂര്‍ എന്നീ റൂട്ടുകളിലാണ് പുതിയ സര്‍വീസുകള്‍ ആരംഭിച്ചത്.

തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസ് മുമ്പ് ആഴ്ചയില്‍ രണ്ടെണ്ണം ഉണ്ടായിരുന്നത് ഇപ്പോള്‍ ഒമ്പത് ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ദിവസവും വൈകുന്നേരം 6.50ന് ചെന്നൈയില്‍ നിന്നും പുറപ്പെട്ട് 8.20ന് തിരുവനന്തപുരത്തും തിരികെ രാത്രി 8.50ന് പുറപ്പെട്ട് 10.20ന് ചെന്നൈയിലും എത്തുന്ന തരത്തിലാണ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ആഴചതോറുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വീസുകളുടെ എണ്ണം 73 ആയി ഉയര്‍ന്നു.

ആഭ്യന്തര- അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കായി 12 നേരിട്ടുള്ള സര്‍വീസുകളും 23 വണ്‍ സ്റ്റോപ് സര്‍വീസുകളും ഉള്‍പ്പടെയാണിത്.അബുദാബി, ബഹറിന്‍, ബംഗളൂരു, കണ്ണൂര്‍, ദമാം, ദുബായ്, ദോഹ, ഹൈദരാബാദ്, ചെന്നൈ, മസ്‌ക്കറ്റ്, റിയാദ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് നേരിട്ടും അയോധ്യ, ഭുവനേശ്വര്‍, മുംബൈ, കോഴിക്കോട്, കൊല്‍ക്കത്ത, കൊച്ചി, ഡല്‍ഹി, ഗുവാഹത്തി, ഗോവ, ഗ്വാളിയര്‍, ഇന്‍ഡോര്‍, ബാഗ്‌ഡോഗ്ര, മംഗളൂരു, റാഞ്ചി, ജയ്പൂര്‍, ജിദ്ദ, ലഖ്‌നൗ, പൂനെ, സിംഗപ്പൂര്‍, സൂറത്ത്, വിജയവാഡ, വാരാണസി, വിശാഖപട്ടണം, എന്നിവിടങ്ങളിലേക്ക് തിരുവനന്തപുരത്ത് നിന്നും വണ്‍ സ്റ്റോപ് സര്‍വീസുകളും എയര്‍ ഇന്ത്യ എക്സ്പ്രസിനുണ്ട്.