flight

തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസരമാണ് പക്ഷേ, പറഞ്ഞിട്ടു കാര്യമില്ല, കുന്നുകൂടി കിടക്കുന്നത് ലോഡ് കണക്കിന് മാലിന്യം. വലിയതുറയ്ക്കു സമീപം പ്രവർത്തിക്കാതെ കിടക്കുന്ന ആകാശവാണിയുടെ മതിൽക്കെട്ടിലും മത്സ്യഫെഡ് നെറ്റ് ഫാക്ടറിയുടെയും ബീമാ മാഹീൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ പിറകിലുമാണ് മാലിന്യ നിക്ഷേപം രൂക്ഷമായിരിക്കുന്നത്.

രാത്രികാലങ്ങളിൽ ദൂരസ്ഥലങ്ങളിൽ നിന്ന് ചാക്കിലും കവറുകളിലുമായാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ആകാശവാണി നിലയത്തിലെ മതിൽക്കെട്ടിൽ മാലിന്യം കുന്നുകൂടിയതോടെ അതിപ്പോൾ സമീപത്തുള്ള പത്തേക്കർ ഗ്രൗണ്ടിന്റെ സമീപത്തെ റോഡിലേക്ക് വീഴുന്ന സ്ഥിതിയാണ്.

ദുർഗന്ധം കാരണം ഗ്രൗണ്ടിൽ യുവാക്കൾക്കും കുട്ടികൾക്കും കളിക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. പഴകിയ ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതിനാൽ കാക്കകളും പരുന്തുകളും ഇവിടെ തമ്പടിക്കുന്നു. ഏക്കറുകളോളം വരുന്ന ആകാശവാണി നിലയത്തിന്റെ ചുറ്റുമതിലിന് മുകളിൽ മാലിന്യം വലിച്ചെറിഞ്ഞ കവറുകൾ കാണാനാകും. ഇവിടെ മാത്രമല്ല, സമീപത്തുകൂടി ഒഴുകുന്ന പാർവതി പുത്തനാറിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നുണ്ട്. ഇത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നു. മത്സ്യഫെഡ് നെറ്റ് ഫാക്ടറിയുടെ സമീപത്തായി മലിനജലം കെട്ടിക്കിടക്കുന്ന സ്ഥിതിയുമുണ്ട്.

വിമാനങ്ങളിൽ പക്ഷിയിടിയും
ഇറച്ചി മാലിന്യങ്ങൾ അടക്കമുള്ളവ തള്ളുന്നതിനാൽ ഇവ ഭക്ഷിക്കാനായി എത്തുന്ന പരുന്തുകളും പക്ഷികളും വിമാനങ്ങൾ പറന്നുയരുമ്പോഴും ഇറങ്ങുമ്പോഴും വിമാനങ്ങളിൽ ഇടിക്കുന്നതും നിത്യസംഭവമാണ്. സമീപകാലത്ത് വിമാനങ്ങളിൽ പക്ഷിയിടിച്ച് ഉണ്ടാകുന്ന നിരവധി അപകടങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കാരണങ്ങൾ

വെളിച്ചമില്ലാത്തതിനാൽ മാലിന്യം തള്ളാൻ എളുപ്പം

സി.സി ടിവി ക്യാമറകൾ ഇല്ല

രാത്രിയിൽ വാഹനങ്ങളിലെത്തി റോഡിലും മതിലിനകത്തും മാലിന്യം വലിച്ചെറിയും

മാലിന്യം സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങളില്ല

മാലിന്യപ്രശ്നത്തിന് ഉടൻ പരിഹാരം കാണും. മാലിന്യം സംസ്‌കരണത്തിന് ബയോഗ്യാസ് പ്ളാന്റ് സ്ഥാപിക്കാനുള്ള ചർച്ചകൾ നടക്കുന്നു

മിലാനി പെരേര, കൗൺസിലർ, ബീമാപള്ളി